728-pixel-x-90-2-learn
728-pixel-x-90
<< >>

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

ഓട്ടവ: കാനഡയില്‍ എത്തിയ എല്ലാ മലയാളികള്‍ക്കുംതന്നെ ഒരു സ്വപ്നമുണ്ട്. ഒരുപിടി മണ്ണ്; അതിലൊരു വീട്. എന്നാല്‍, ഭവനവായ്പകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമഭേദഗതികള്‍ വീടെന്ന സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുമോ? കാനഡയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എന്ത് മാറ്റമാകും പുതിയ നിയമങ്ങള്‍ വരുന്നതോടെ സംഭവിക്കുക? വിദഗ്ധര്‍ ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. ടൊറന്റോ ഉള്‍പ്പെടെയുള്ള കണ്ണായ സ്ഥലങ്ങളില്‍ വില്‍പന കുറഞ്ഞേക്കുമെങ്കിലും അനിയന്ത്രിതമായി കുതിച്ചുയരുന്ന വില ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ പുതിയ നിയന്ത്രണങ്ങള്‍ സഹായകമാകുമെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്..

തൊട്ടാല്‍ കൈപൊള്ളുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ തെല്ലെങ്കിലും തണുപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇടത്തരം വരുമാനക്കാരുടെ ഭവനസ്വപ്നങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. ഒക്ടോബര്‍ 17നാണ് നാല് ഭേദഗതികള്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. ഇവ ചുവടെ.

  1.  20 ശതമാനത്തില്‍ കുറഞ്ഞ അടിസ്ഥാനനിക്ഷേപം നടത്തുന്നവരുടെ വായ്പാ അപേക്ഷ ഉയര്‍ന്ന പലിശനിരക്കിന്റെ അടിസ്ഥാനത്തിലാകണം അനുവദിക്കേണ്ടത് എന്നതാണ് ഇവയില്‍ പ്രധാനം. അതായത് നിങ്ങള്‍ക്ക് 2.44 എന്ന കുറഞ്ഞ നിരക്കിലാണ് വായ്പ ലഭിച്ചിരിക്കുന്നതെങ്കിലും വായ്പ അനുവദിക്കാനുള്ള പ്രക്രിയയില്‍ പലിശനിരക്കായി കണക്കാക്കിയിരിക്കുന്നത് 4.64 ശതമാനമായിരിക്കും. ഇതിനാല്‍ ബാങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പാതുകയില്‍ ഗണ്യമായ ഇടിവുണ്ടാകും. പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ വായ്പ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.
  2. കുറഞ്ഞ ഭവനവായ്പാ പലിശയ്ക്കായി അപേക്ഷിക്കുന്നവര്‍ നവംബര്‍ 30 മുതല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വായ്പയുടെ കാലാവധി 25 വര്‍ഷമോ അതില്‍ കുറവോ ആയിരിക്കണം. വില 10 ലക്ഷം ഡോളറില്‍ കുറവാകണം.

ക്രെഡിറ്റ് സ്കോര്‍ 600-ഓ അതില്‍ കൂടുതലോ ആയിരിക്കണം.

 

  1. നിയമപ്രകാരം നിങ്ങള്‍ ആദ്യത്തെ വീട് വില്‍ക്കുകയാണെങ്കില്‍ അതില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന് നികുതി അടയ്ക്കേണ്ടതില്ല.പുതിയ നിയമം നടപ്പിലായ ശേഷവും ഇതിന് മാറ്റമില്ല. എന്നാല്‍ ഇക്കാര്യം കാനഡ റെവന്യൂ ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ നടത്തുന്ന നികുതിവെട്ടിപ്പ് തടയുകയാണ് ഈ ഭേദഗതിയുടെ ലക്ഷ്യം.
  2. ഭവനവായ്പാ മേഖലയില്‍ ഉള്ള അപകടസാധ്യതയുടെ ഒരു പങ്ക് വായ്പ നല്‍കുന്നവര്‍ കൂടി ഏറ്റെടുക്കണമെന്ന് പുതിയ നിയമം നിര്‍ദേശിക്കുന്നു. ഭാവിയില്‍ പലിശനിരക്ക് ഉയരാന്‍ ഇത് കാരണമായേക്കും.

പുതിയ നിയമങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തികമേഖലകളില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന് ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ഭവനനിര്‍മ്മാണമേഖല കാനഡയുടെ സാമ്പത്തികരംഗത്ത്‌ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, പുതിയ നിയമം റിയല്‍ എസ്റ്റേറ്റ് മേഖലയെ മന്ദീഭവിപ്പിച്ചേക്കും. മൊത്തം അഭ്യന്തര ഉത്പാദനത്തില്‍ ഭവനനിര്‍മ്മാണമേഖലയിലെ തിരിച്ചടി 3 ശതമാനം കുറവ് വരുത്തുമെന്നും ബാങ്ക് ഓഫ് കാനഡ പറയുന്നു.

എന്നാല്‍, സര്‍ക്കാരിന്റെത് ശരിയായ ചുവടുവെയ്പാണെന്ന് വലിയൊരു ഭാഗം സാമ്പത്തികവിദഗ്ധര്‍ പറയുന്നു. പ്രത്യക്ഷത്തില്‍ ഇടത്തരക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന ചില നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും വീടുവില്പനരംഗത്ത്‌ അനിയന്ത്രിതമായ വിലവര്‍ധനവിനും ഊഹക്കച്ചവടത്തിനും തടയിടാന്‍ ഈ നിയമങ്ങള്‍ സഹായകമാകുമെന്നും ആത്യന്തികമായി ഇത് സാധാരണക്കാര്‍ക്ക് ഗുണകരമാകുമെന്നും അവര്‍ പറയുന്നു.

Leave a Reply