ഹോളിവുഡിലെയും ബോളിവുഡിലെയും ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ തലസ്ഥാന നഗരയിലുള്ള ചലച്ചിത്ര പ്രമേകള്ക്കു പതിന്മടങ്ങ് സാങ്കേതിക തികവോടെ കാണാന്‍ അവസരമൊരുങ്ങുന്നു.അതിനായി ഇനി ഒരാഴ്ച്ച കൂടി കാത്തിരുന്നാല്‍ മതിയാകും.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സില്‍വര്‍ സ്ക്രീനും ഫോര്‍ കെ ഇരട്ട പ്രൊജക്ഷന് സംവിധാനവുമുള്ള തിയറ്റര്‍ അടുത്തയാഴ്ച തിരുവനന്തപരുത്ത് പ്രവര്‍ത്തിച്ചു തുടങ്ങും.
പഴയ എസ്എല്‍ തിയറ്റര്‍ കോംപ്ലക്സിലെ അതുല്യ തിയേറ്ററാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡി മാക്സ് (ഡിജിറ്റല്‍ മാക്സിമം) തിയറ്ററായി മാറിയത്.15 കോടി രൂപ ചെലവഴിച്ചുള്ള നവീകരണത്തോടെ ഇപ്പോഴത്തെ എസ്എല്‍ തിയറ്റര്‍ സമുച്ചയം ഏരീസ് പ്ളസ് എസ്എല്‍ സിനിമ എന്ന മള്‍ട്ടിപ്ലക്സ് ആയി മാറും.ആറു സ്ക്രീനാണ് ഉണ്ടാവുക.ഇതില്‍ മൂന്നു സ്ക്രീനുകളുടെ ഉദ്ഘാടനമാണ് അടുത്തയാഴ്ച നടക്കുക.അതുല്യയിലെ പടുകൂറ്റര്‍ സ്ക്രീനിന് 72 അടി വീതിയും 30 അടി ഉയരവും ഉണ്ടാകും.
ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ഫോര്‍ കെ പ്രൊജക്ഷന് സംവിധാനമുള്ളതു തിരുച്ചിറപ്പള്ളിയിലെ ഒരു തിയറ്ററില്‍ മാത്രമാണെന്നും അതുല്യയില്‍ രണ്ടു ഫോര്‍ കെ പ്രൊജക്ടറുകളാണുള്ളതെന്നും ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണന് അറിയിച്ചു. ഏരീസ് വിസ്മയ മാക്സ് സ്റ്റുഡിയോയുടെ ഉടമസ്ഥരായ ഈ കമ്പനിയുടെ ചെയര്മാന് സോഹന്‍ റോയ് ആണ്.തിരുവനന്തപുരത്തെ ആദ്യ മള്‍ട്ടിപ്ലക്സ് ആയിരിക്കും ഏരീസ് പ്ലസ് എസ്എല്‍ സിനിമ.
അതുല്യയില്‍ 64 ചാനല്‍ അറ്റ്മോസ് ശബ്ദവിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇത്തരം ശബ്ദസംവിധാനം ദക്ഷിണേന്ത്യയില്‍ മറ്റൊരിടത്തുമില്ല പ്രേക്ഷകര്‍ക്കു കിടന്നു വേണമെങ്കിലും കാണാന്‍ സാധിക്കുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രൊജക്ടറുകളിലെ പ്രകാശത്തിന്റെ തോത് 66,000 ലൂമിനന്‍സ്.പ്രേക്ഷകര്‍ക്കു തിയറ്ററിലേക്ക് എത്തുന്നതിനു പുതിയ ലിഫ്റ്റിനു പുറമെ എസ്കലേറ്ററും ഒരുക്കിയിട്ടുണ്ട്. പഴയ ആതിര, അശ്വതി തിയറ്ററുകളിലും പുതിയ സില്‍വര്‍ സ്ക്രീന്‍, ടു കെ പ്രൊജക്ഷന്, ആധുനിക 5.1 ശബ്ദ സംവിധാനം, അത്യാധുനിക സീറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.ആതിരയുടെ ബാല്‍ക്കണിയില്‍ സോഫകള്‍ മാത്രമേ ഇനി ഉണ്ടാവൂ.ഇത്തരം തിയേറ്റര്‍ സംവിധാനത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത സ്ക്രീനില്‍ കാണുന്നവയുടെ ശബ്ദത്തിനും കാഴ്ച്ചയ്ക്കും ഒപ്പം വസ്തുക്കളുടെ മണവും അനുഭവപ്പെടുന്ന തരത്തുലള്ള സിനിമാ ആസ്വാദനത്തിനാകും വഴിയൊരുക്കും എന്നതാണ്.
അടുത്ത ഘട്ടമായി അഞ്ജലി തിയറ്റര്‍ നവീകരിക്കും.എസ്എല്‍ തിയറ്റര്‍ കോംപ്ലക്സിന്റെ താഴത്തെ നില പൂര്‍ണമായും പാര്‍ക്കിങ്ങിനായി നീക്കിവയ്ക്കുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഒട്ടേറെ കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാകും.അഞ്ജലിയുടെ ബാല്‍ക്കണി മൂന്നായി തിരിച്ചു മൂന്നു ചെറിയ തിയറ്ററുകളാക്കി മാറ്റാനാണു പദ്ധതിയെന്നും വൈകാതെ ഈ തിയറ്ററുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബി.ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
INDIANEWS24.COM Movies