jio 800x100
jio 800x100
728-pixel-x-90
<< >>

വിവിഐപി പരിഗണനയില്‍ തട്ടിപ്പുവീരന്മാര്‍

തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് വിവിഐപി പരിഗണന നല്‍കുന്നത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ വെള്ളിയാഴ്ച അറസ്റ്റിലായ ശാലുമേനോനും പൊലീസ് നല്‍കിയത് വിവിഐപി പരിഗണന. ശാലുവിനെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാന്‍ ഉത്തരവിടുകയും മന്ത്രിസ്ഥാനം തന്നെ നഷ്ടമാകുമെന്ന ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് മന്ത്രി അറസ്റ്റിന് സമ്മതിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ചങ്ങനാശേരിയിലെ ശാലുവിന്റെ വീട്ടില്‍നിന്നുള്ള യാത്രപോലും വിനോദയാത്ര പോലെയുള്ള “ചടങ്ങായി”. കസ്റ്റഡിയില്‍ എടുക്കുന്നതിന് പൊലീസ് എത്തുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ശാലു കുളിച്ച് വിലകൂടിയ വസ്ത്രം ധരിച്ച് അതിഥികളെ കാത്തെന്നപോലെ പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. പൊലീസ് എത്തി നിമിഷങ്ങള്‍ക്കകം എല്ലാം പറഞ്ഞുറപ്പിച്ചപോലെ യാത്ര പുറപ്പെട്ടു. പൊലീസ് വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എസിയില്ലാത്തതിനാല്‍ കറുത്ത ചില്ലിട്ട സ്വന്തം കാറില്‍ സ്വന്തം ഡ്രൈവറോടൊപ്പം യാത്ര ചെയ്യാന്‍ സിഐ അഭ്യര്‍ഥിച്ചു. മറ്റൊരു ആഡംബര കാറില്‍ ശാലുവിന്റെ അമ്മയും. തലസ്ഥാനത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കന്റോണ്‍മെന്റ് വനിതാ സെല്ലില്‍ എത്തിച്ചപ്പോഴും വിവിഐപി പരിഗണന. ഒരു വനിതാ പൊലീസുകാരി ലോക്കപ്പ് തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ഉദ്യോഗസ്ഥന്‍ തട്ടിമാറ്റി. ലോക്കപ്പില്‍ ഇടരുതെന്ന് ഉന്നതങ്ങളില്‍നിന്നു നിര്‍ദേശം വന്നിരുന്നു. വനിതാ സെല്ലിലും രാജകീയ പരിഗണന. കോടതിയില്‍ ഹാജരാക്കി അട്ടക്കുളങ്ങര വനിതാ ജയിലില്‍ അടയ്ക്കുന്നതുവരെ ഇത് തുടര്‍ന്നു. കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനും ഇതേ പരിഗണനയാണ് നല്‍കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ അസുഖം ബാധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജ് ആശപത്രിയിലോ എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍, ബിജുവിനെ കൊണ്ടുപോയത് സ്വകാര്യ ആശുപത്രിയില്‍. സരിത ഓരോ ദിവസവും പൊലീസ് കസ്റ്റഡിയില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോകുമ്പോള്‍ ധരിക്കുന്നത് പുത്തന്‍ ഉടുപ്പുകളാണ്. ഇങ്ങനെ മാറിമാറി ധരിക്കാന്‍ വസ്ത്രം എത്തിക്കുന്നത് ആരെന്ന ചോദ്യമുയരുന്നു. ഫാഷന്‍ പരേഡിന് പോകും പോലെയാണ് സരിത വേഷം മാറുന്നതെന്നാണ് ചീഫ്വിപ്പ് പി സി ജോര്‍ജ് പരിഹസിച്ചത്. കേസിലെ മറ്റൊരു പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് പൊലീസ് ഭാഷയില്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഫിറോസ് തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിറോസിനെ അറസ്റ്റുചെയ്യാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ആശുപത്രിയില്‍നിന്ന് അറസ്റ്റുചെയ്താല്‍ അതാകും കുറ്റമെന്ന്. എന്നാല്‍, മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതേടെ ഫിറോസ് മുങ്ങി. ഡിജിപി ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ഉള്ള ദിവസം ഫിറോസ് അവിടെയെത്തി ജാമ്യഹര്‍ജി സമര്‍പ്പിച്ചു മടങ്ങി. ഇനി ഫിറോസിന്റെ അറസ്റ്റും ഉന്നതരുമായി ചേര്‍ന്നുള്ള മറ്റൊരു നാടകമാകും. കേരളം ആദരിക്കുന്ന നടന്‍ കലാഭവന്‍ മണിയെ വനപാലകരുമായുണ്ടായ കശപിശയുടെ പേരില്‍ അറസ്റ്റുചെയ്തപ്പോള്‍ പോലും പൊലീസ് ജീപ്പില്‍ കയറ്റിയാണ് കൊണ്ടുപോയത്. റിമാന്‍ഡിലായിരുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വാഹനം കേടായതിനെ തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ കയറ്റിയതിന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഈ പൊലീസുകാര്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റുചെയ്തത്.

Leave a Reply