728-pixel-x-90-2-learn
728-pixel-x-90
<< >>

വില കൂട്ടി വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു തരികയാണോ ഈ നരേന്ദ്ര മോഡി

ഇതര പിന്നോക്ക ജാതിയില്‍ പെട്ട  നരേന്ദ്ര മോഡി എന്ന വന്‍മരത്തെ ഗുജറാത്തില്‍ നിന്നും ദില്ലിയിലേയ്ക്ക് ആര്‍.എസ്.എസ് പറിച്ചു നട്ടു.അദ്വാനിയെ പിഴുതെറിയാനും  നരേന്ദ്ര മോഡിയെ വേരോടെ തന്നെ ദില്ലിയിലേക്ക് കൊണ്ട് വരാനും ആര്‍.സ്.എസിന് അവസരമൊരുക്കിയത് മന്‍മോഹന്‍സിംഗ്‌ നേതൃത്വം നല്‍കിയ കഴിഞ്ഞ യുപിഎ സര്‍ക്കാരിനെതിരെ ഉണ്ടായ ജനകീയപ്രതിക്ഷേധത്തിന്‍റെ വേലിയേറ്റമാണ്. ബിജെപിക്ക് അനുകൂലമായി രാജ്യത്താകെ പെയ്ത പൊളിങ്ങ് മഴയില്‍ സ്മൃതി ഇറാനിയെ പോലെ ചില ഹൈബ്രിഡ് തകരകള്‍ അതിശീഘ്രം വളര്‍ന്നു സുഷമാ സ്വരാജിനോളം ഉയര്‍ച്ച നേടി.അങ്ങനെ അദ്വാനി കിളച്ച് വിത്തിറക്കിയ മണ്ണില്‍ നരേന്ദ്ര മോഡി നൂറ് മേനി കൊയ്തു.

ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാ ഗാന്ധിക്കും ശേഷം ഏറ്റവും ശക്തനും  വ്യത്യസ്തനുമായ പ്രധാനമന്ത്രി ആയിരിക്കും മോഡി എന്നൊക്കെയാണ് രാഷ്ട്രീയ ഭാരതത്തിലെ ചില മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നത്.എന്നാല്‍ അധികാരത്തില്‍ കയറിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളു എങ്കിലും നയപരമായി മന്‍മോഹന്‍ സിങ്ങിന്‍റെ പാത തന്നെയാണോ മോഡിയും പിന്തുടരാന്‍ ഒരുങ്ങുന്നതെന്ന സംശയം ബലപ്പെട്ടു തുടങ്ങിയിട്ടുണ്ട്.ഗോള്‍വല്‍ക്കര്‍ പഠിപ്പിച്ച ദേശീയതാ രാഷ്ട്രീയം തുടക്കത്തില്‍ തന്നെ അട്ടത്ത് വെച്ച മട്ടാണ്. രാജ്യത്തിന്‍റെ പ്രതിരോധമേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം,മാദ്ധ്യമ ലോകത്തും അങ്ങനെ തന്നെ.മന്‍മോഹന്‍സിങ്ങ് പോയ അതേ വഴിയെ തന്നെ മോഡിയും പോകുന്നു എന്നാണ് സൂചനകള്‍.

മോഡിക്ക് പ്രായോഗിക ബുദ്ധി കൂടുതല്‍ ആണ്. ശത്രു സംഹാരത്തിലും ,നയപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലും.ബി.ജെ.പിക്ക് അകത്തും പുറത്തുമുള്ള എതിരാളികളുടെ അളവ്,തൂക്കം,ശക്തി,ശൌര്യം,വീര്യം,പ്രഹരശേഷി തുടങ്ങിയവയൊക്കെ മനസിലാക്കാനുള്ള ഒരു പ്രത്യേക ‘ഘ്രാണശക്തി’ നരേന്ദ്ര മോഡിക്കുണ്ട്.ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തെളിയിക്കപ്പെട്ടതുമാണ്.അങ്ങനെ മോഡിയുടെ മനക്കണ്ണില്‍ തെളിയുന്ന നിരായുധരാക്കാനും ,പിന്നീട് അവരെ നിഷ്പ്രഭരാക്കി ഭസ്മീകരിക്കാനും അമീദ്-ഷായുടെ മേല്‍നോട്ടത്തില്‍ IAS/IPS കാര്‍ പോലും അടങ്ങുന്ന വലിയ മാനേജ്മെന്റ്റ് സംഘങ്ങള്‍ ഉണ്ട്.

Mohan-Bhagwant-File-Photoഎന്നാല്‍ നരേന്ദ്ര മോഡി സര്‍വ്വ ശക്തനായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ അത്രയും തന്നെ ദുര്‍ബലനുമാണ് എന്നതാണ് മറ്റൊരു നിരീക്ഷണം.ആര്‍.എസ്.എസ്സിന്റെ സര്‍സംഘ-ചാലകായ മോഹന്‍ ഭഗവതിന്റെ ചുണ്ടില്‍ നിന്നും ഉതിര്‍ന്ന്‍ വീഴുന്ന ആജ്ഞകള്‍ക്കൊപ്പം  ചലിക്കുന്ന ഒരു വിശ്വസ്ത വിധേയന്‍ മാത്രമാണ് ബി.ജെ.പി നേതാവായ മോഡി എന്നതല്ലേ സത്യം.അദ്ദേഹത്തിന്റെ വിജയ ഗാഥകള്‍ വര്‍ണ്ണിക്കുന്ന വാര്‍ത്തകളില്‍ തന്നെ ഈ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഒരുപാടു പ്രത്യേകതകള്‍  മോഡി മന്ത്രിസഭക്ക് ഉണ്ട് എന്നാണു ഇപ്പോഴും ചില വാര്‍ത്താക്കഥകള്‍.തോറ്റ ജറ്റ്ലിയും ,പത്തും ഗുസ്തിയും സിനിമാ നടനവും കഴിഞ്ഞ സ്മൃതി ഇറാനിയും ഒക്കെ ഉള്‍പ്പെടുന്ന മന്ത്രിസഭയ്ക്ക് എന്ത് പ്രത്യേകതയാണ് ഉള്ളത്.സത്യപ്രതിജ്ഞക്ക് മുന്‍പ് ഗുജറാത്ത് ഭവനില്‍ അതി ഭയങ്കര തിരക്കായിരുന്നു.ആരൊക്കെ മന്ത്രി ആകണം എന്ന ചര്‍ച്ച.ഒടുവില്‍ ആ 45 പേരുടെ ലിസ്റ്റുമായി,മോഹന്‍ഭഗവതിന്റെ അനുമതിക്കായി ബി.ജെ.പി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് നാഗ്പൂരിന് പോയി.ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സമ്മതിച്ച ശേഷമാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് അവശ്യസാധന വില ഒരല്പം കൂട്ടി.പക്ഷെ, ആരും അറിഞ്ഞില്ല.അറിഞ്ഞവര്‍ക്ക് ഒട്ടു ചോദിക്കാനും കഴിയില്ല എന്ന തോതില്‍ ആണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.വെറും അന്‍പത് പൈസ.സാധനങ്ങള്‍ക്ക് വില കൂട്ടിയ ശേഷം, വര്‍ണ്ണക്കടസില്‍ പൊതിഞ്ഞാണ് തരുന്നത്.ഈ വര്‍ദ്ധനവിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത് മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന സമയം 9:00 മുതല്‍ – 5:30 വരെ ആക്കിയതാണ്.

നരേന്ദ്ര മോഡി തന്റെ മോടി കൂട്ടാന്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ കുറച്ചൊന്നുമല്ല.അങ്ങനെ ഗിമ്മിക്കുകള്‍ കാണിച്ചു രാഷ്ട്രീയം കളിക്കുന്നവര്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടും.അതാണ്‌ കുറേ കാലമായി നരേന്ദ്ര മോഡി ചെയ്യുന്നത്.തിരഞ്ഞെടുപ്പിനു മുന്‍പും ഈ ഗിമ്മിക്കുകള്‍ക്ക് കുറവൊന്നും ഇല്ലായിരുന്നു.ഓര്‍ക്കുന്നില്ലേ,ചായക്കടയില്‍ വരുന്നവരോട് മോഡി നേരിട്ട് ഫോണില്‍ സംസാരിക്കും ,അത് അപ്പോള്‍ തന്നെ ടിവിയില്‍ കാണിക്കുകയും ചെയ്യും.പിന്നീട് പ്രധാനമന്ത്രി ആകുമ്പോള്‍ ചായക്കടയില്‍ വന്നവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കും.

ഇന്ത്യയിലെ  ഉള്‍നാടന്‍ കുളിക്കടവുകള്‍  കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഏഷണി പ്രചരിപ്പിക്കുന്നത് ഈ ചായക്കടകളില്‍ നേരംപോക്കുന്ന തൊഴിലില്ലാത്തവര്‍ ആണ്.അത് കൊണ്ട് കേരളത്തിലെ പോലും ചായക്കടകളില്‍ ‘ഇവിടെ രാഷ്ട്രിയം പാടില്ല എന്നൊരു ബോര്‍ഡ്’ കാണാം’.അവരില്‍ നിന്നാണ് മോഡി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്.എന്ത് യൂണിയന്‍ ലിസ്റ്റ്,എന്ത് സ്റ്റേറ്റ് ലിസ്റ്റ്,എന്ത് കണ്‍കറന്റ് ലിസ്റ്റ്.അതേ കുറിച്ചൊക്കെ പാവം ജനങ്ങള്‍ എന്തിനറിയണം.

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടുത്തെ സമ്പന്നര്‍ മാത്രമാണ് വികസിച്ചത്.’ഗുജറാത്തിലെ കോരനും കുമ്പിളില്‍ തന്നെയായിരുന്നു കഞ്ഞി’ .അന്നുമിന്നും.രണ്ടു മാസം കൂടുമ്പോള്‍ അഞ്ച് രൂപ വച്ച് ഇന്ധന വില കൂട്ടുന്നതും ആഴ്ചയില്‍ അന്‍പത് പൈസ വച്ച് കൂട്ടുന്നതും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളത്.കുടാതെ,ഇരിപ്പ് ഉറയ്ക്കുന്നതിന് മുന്‍പ് പ്രതിരോധ, മാധ്യമ രംഗങ്ങളില്‍ വിദേശഭീമന്മാരുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തു.  മന്‍മോഹനേക്കാള്‍ വേഗത്തിലാണ് മോഡിയുടെ കച്ചവടം….

ഈ കച്ചവടത്തിലും നഷ്ടം സാധാരണക്കാരനും പാവപ്പെട്ടവനും മാത്രമാണ്.

 

Leave a Reply