728-pixel-x-90-2-learn
728-pixel-x-90
<< >>

വില്‍ക്കാനുണ്ടോ 416 നമ്പറുകള്‍…

ടൊറന്റോ: നിങ്ങള്‍ ടൊറന്റോ നിവാസിയാണോ. ഫോണ്‍ നമ്പര്‍ 416 എന്ന ഏരിയ കോഡില്‍ ആണോ തുടങ്ങുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് ചുളുവില്‍ കുറച്ച് പണമുണ്ടാക്കാം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ വില്‍ക്കണമെന്ന് മാത്രം. നൂറു കണക്കിന് ഡോളര്‍ തന്ന് നിങ്ങളുടെ നമ്പര്‍ വാങ്ങാന്‍ ആളുണ്ട്. ഒന്ന് പേശിയാല്‍ തുക ചിലപ്പോള്‍ 1000 ഡോളറിന് മുകളില്‍ ഉയരാം. ഫാന്‍സി നമ്പര്‍ ആണെങ്കില്‍ സാധ്യത പിന്നെയും വിപുലമാകുന്നു.

416ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളുടെ വില്‍പന ടൊറന്റോയില്‍ സജീവമാകുകയാണ്. ഈ ലക്ഷ്യവുമായി പ്രത്യേക വെബ്സൈറ്റുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്.

416ന് പുറമേ ടൊറന്റോയ്ക്ക് 647, 437 എന്ന രണ്ട് ഏരിയ കോഡുകള്‍ കൂടി ഉണ്ട്. പക്ഷേ, ഇവയില്‍ 416 ആണ് അഭിജാതന്‍. കാരണം 1947ല്‍ നിലവില്‍ വന്ന 416 ആണ് ടൊറന്റോയുടെ ഏറ്റവും പഴക്കമേറിയ ഏരിയ കോഡ്. 647 പതിമൂന്ന് വര്‍ഷം മുമ്പും 437 കഴിഞ്ഞ വര്‍ഷവുമാണ് നിലവില്‍ വന്നത്.

കച്ചവടക്കാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, പ്രോഫഷണലുകള്‍ തുടങ്ങിയവരാണ് 416 നമ്പറുകളുടെ ആവശ്യക്കാര്‍. ഏറെ വര്‍ഷങ്ങളായി ഈ രംഗത്തുള്ളവരാണ് തങ്ങളെന്ന് ഉപഭോക്താക്കളെ ധരിപ്പിക്കാനും അതുവഴി അവരുടെ വിശ്വാസ്യത നേടാനും 416 നമ്പറുകള്‍ സഹായിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. 647, 437 തുടങ്ങിയ നമ്പരുകള്‍ തങ്ങള്‍ തുടക്കക്കാരാണെന്ന തോന്നല്‍ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ കരുതുന്നു.

416 നമ്പറുകളുടെ വില്‍പനയ്ക്കായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകളാണ് vip416numbers.com , 416numbers.com എന്നിവ. ജോര്‍ജിയസ് പാപ്പാസ് എന്നയാളാണ് ഈ സൈറ്റുകളുടെ ഉടമ. 99 ഡോളറാണ് 416 നമ്പറുകള്‍ക്ക് പാപ്പാസ് ഈടാക്കുന്ന കുറഞ്ഞ വില. 2000 ഡോളറിന് വരെ ഇദ്ദേഹം 416 നമ്പറുകള്‍ വിറ്റിട്ടുണ്ട്. ധന്യാല്‍ ജാവേദ്‌ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപന ഉടമ മാത്രം പാപ്പാസില്‍ നിന്ന് ഇതിനകം 416ല്‍ തുടങ്ങുന്ന 8 നമ്പറുകള്‍ വാങ്ങി. മറ്റൊരു എട്ടെണ്ണം കൂടി വാങ്ങാനുള്ള ഒരുക്കത്തിലാണ് ജാവേദ്‌.

മറ്റൊരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ റെസ ഇസ്മായിലി ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്താണ് 500 ഡോളര്‍ മുടക്കി 416 നമ്പര്‍ സ്വന്തമാക്കിയത്.

Leave a Reply