728-pixel-x-90-2-learn
728-pixel-x-90
<< >>

വിലയിരുത്തുമ്പോള്‍ വിലയില്ലാതാകുന്ന നമ്മുടെ ജനാധിപത്യം:

സെബിന്‍ ഏബ്രഹാം ജേക്കബ്

ക്രിമിനല്‍ കേസ് പ്രതികള്‍ക്കു് ജനാധിപത്യസ്ഥാപനങ്ങളിലേക്കുള്ള മത്സരസ്വാതന്ത്ര്യം നിഷേധിക്കുന്ന സുപ്രീംകോടതിയുടെ വിധിയോടുകൂടി രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഇന്നു് പ്രധാന ചര്‍ച്ചയാണു്.  ജുഡീഷ്യല്‍ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഉള്ള ഒരാള്‍ക്കു് അയാള്‍ വിചാരണയ്ക്കു് അവസരം ലഭിക്കാത്ത വിചാരണാത്തടവുകാരനായിരുന്നാല്‍ പോലും പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നതാണു് വിധി. ഇന്ത്യന്‍ ജയിലുകളിലെ തടവുകാരില്‍ 67 ശതമാനം വിചാരണത്തടവുകാരായിരിക്കെ, അതില്‍ തന്നെ അഞ്ചുവര്‍ഷത്തിലേറെ വിചാരണത്തടവു് അനുഭവിക്കുന്നവരുടെ എണ്ണം ആയിരങ്ങള്‍ കവിയുമെന്നിരിക്കെ, ഇവരില്‍ പലരും പിന്നീടു് നിരുപാധികം വിട്ടയക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കെ, ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പര്യാപ്തമാണു്.ഭരണകൂടത്തിനു് ഒരാളെ മത്സരത്തില്‍ നിന്നു് ഒഴിവാക്കാന്‍ എളുപ്പവഴി, അയാളെ വിചാരണത്തടവുകാരനാക്കി അകത്തിടുകയാണു് എന്നുവരുന്നിടത്താണു് പണി പാളുന്നതു്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ ചുമത്തിയ പോട്ട, ശ്രീശാന്തിനെതിരെ തുടക്കത്തില്‍ ചുമത്തിയ മോക്ക തുടങ്ങി നമ്മുടെ ഗുണ്ടാനിയമം അടക്കം അതിനുതക്കതായ നിയമങ്ങള്‍ ഭരണകൂടം ഇപ്പോള്‍ തന്നെ പ്രതിപക്ഷരാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെന്നതു് കാണാതിരുന്നുകൂടാ. യുവജനവിദ്യാര്‍ത്ഥിനേതാക്കളെ ഗുണ്ടാപ്പട്ടികയില്‍ പെടുത്തിയതിനെതിരെ കണ്ണൂരില്‍ ദീര്‍ഘമായ വിദ്യാര്‍ത്ഥിയുവജനസമരം കഴിഞ്ഞിട്ടു് അധികമായിട്ടില്ല.ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കേസ് ഉണ്ടാകാനിടയുള്ള സാഹചര്യത്തെക്കുറിച്ചു് ബോധപൂര്‍വ്വം മൌനം പാലിക്കുന്ന നിലപാടാണു് ഇക്കാര്യത്തില്‍ നീതിപീഠം എടുത്തിട്ടുള്ളതു്. കായികമായ വയലന്‍സിനെ കുറ്റകൃത്യത്തിന്റെ തത്സ്വരൂപമായി പരിഗണിക്കുന്ന ഭാഗികവായനയാണു് ഒരുവശത്തു് നടക്കുന്നതു്. അധികാരത്തിനു് അനുകൂലമായി ചെലുത്തപ്പെടുന്ന കായികശക്തി സമാധാനപരിപാലനവും അധികാരത്തിനെതിരായി ഉയര്‍ത്തപ്പെടുന്ന മുഷ്ടി കുറ്റകൃത്യവും ആയി വേര്‍തിരിക്കപ്പെടുന്നു. യുദ്ധവേളയില്‍ ശത്രുസൈന്യത്തിനുനേരെ എന്നപോലെ, ഭരണകൂടനയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സ്വന്തം ജനതയുടെ മേല്‍ ഭരണകൂടത്തിനുവേണ്ടി ഗ്രനേഡ് വര്‍ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി ഒരിക്കലും കുറ്റകൃത്യമായി വിലയിരുത്തപ്പെടില്ല. അതേ സമയം ഒരു കല്ലേറിലൂടെയെങ്കിലും തന്റെ പ്രതിഷേധം അറിയിക്കുവാന്‍ ശ്രമിക്കുന്ന യൌവനക്കാരനെ കൊടുംകുറ്റവാളിയാക്കി മാര്‍ക്ക് ചെയ്യാന്‍ ഭരണകൂടത്തിനു കഴിയുന്നു.ഒരുവന്‍ അധികാരം കാംക്ഷിക്കുന്നയാളാണെങ്കില്‍ അധികാരത്തിനെതിരെ മുമ്പൊരിക്കലും നീങ്ങിയിട്ടില്ല എന്നുറപ്പുവരുത്തുവാനുള്ള ഒരു ചെക്ക്ഡാമാണു് സുപ്രീംകോടതി കെട്ടിയിരിക്കുന്നതു്. നിലനില്‍ക്കുന്ന അധികാരത്തെ അതേപടി പിന്തുടരാന്‍ വിസമ്മതിക്കുന്ന ഒരാളും, ഒരു പ്രത്യയശാസ്ത്രവും അധികാരത്തിന്റെ ഏഴയലത്തുപോലും എത്തിക്കൂടാ എന്ന വലതുപക്ഷരാഷ്ട്രീയ പരികല്‍പ്പനയില്‍നിന്നാണു് ഇത്തരം വിധിതീര്‍പ്പുകളുടലെടുക്കുന്നതു്. ഇതു് രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാനല്ല, മറിച്ചു് ക്രിമിനല്‍ മാസ്റ്റര്‍ മൈന്‍ഡുകള്‍ ഒരിക്കലും സംഘടിതകുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടേണ്ടിവരാത്ത തരത്തില്‍ സ്വയം ഇന്‍സുലേറ്റ് ചെയ്യപ്പെടാനാവും ഇടയാക്കുക.lady attacked 1എന്താണു് അക്രമം, എന്താണു് കുറ്റകൃത്യം എന്ന ചോദ്യം പ്രത്യേകം സംഗതമാവുന്നതു് ഇവിടെയാണു്. മറ്റൊരാളുടെമേലും നേരിട്ടു് തങ്ങളുടെ കരാളത, നൃശംസത, പ്രയോഗിക്കാതെ തന്നെ, ഒരു സമൂഹത്തെ ഒന്നടങ്കം കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ ഈ അക്രമത്തിന്റെയും കുറ്റകൃത്യത്തിന്റെയും പരിധിക്കു പുറത്താണു്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നാം ആരെയൊക്കെ പിന്തുടര്‍ന്നാലും സുഹൃത്തായി ചേര്‍ത്താലും അവരില്‍ ആരുടെയൊക്കെ അപ്ഡേറ്റുകളാവണം നമ്മുടെ സ്ട്രീമിലെത്തേണ്ടതു് എന്നു്, നമ്മുടെ ഇമ്മീഡിയറ്റ് സര്‍ക്കിള്‍ എന്തായിരിക്കണം എന്നു് തീരുമാനിക്കുന്നതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനികളുടെ ചില അല്‍ഗൊരിഥം വഹിക്കുന്ന പങ്കു് മുമ്പു് പുറത്തുവന്നിട്ടുണ്ടു്. അതുപ്രകാരം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മോടു് ഡിക്റ്റേറ്റ് ചെയ്യുന്നതു് നമ്മുടെ തന്നെ നെര്‍വ് സെന്ററല്ല, പകരം ഈ കമ്പനികളുടെ ‘ഇന്റലിജന്റ് ഡിസൈന്‍’ ആണു്. ഇതേ പോലെ ആരൊക്കെയാവണം നമ്മുടെ രാഷ്ട്രീയക്കാരെന്നു്, ആരൊക്കെയാവണം നമ്മെ ഭരിക്കാനെന്നു് നിശ്ചയിക്കാനുള്ള അവകാശം നമ്മളില്‍ നിന്നു് എടുത്തുകളയുകയാണു്, ഈ കോടതികള്‍. അന്‍വര്‍ അബ്ദുള്ള പലപ്പോഴും ലേഖനങ്ങളില്‍ പറയാറുള്ളതുപോലെ, ഇതു് അരാഷ്ട്രീയതയല്ല, ഒരുതരം കുരാഷ്ട്രീയതയാണു്.ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതുമൂലം കേസുകളില്‍ അകപ്പെടാനുള്ള സാധ്യത വളരെയധികമാണു്. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാനുള്ളവയല്ല, വയലേറ്റ് ചെയ്യാനുള്ളവയാണെന്നു് അടിയന്തിരാവസ്ഥക്കാലത്തു് രാം ജത്മലാനിയോ മറ്റോ പ്രസ്താവിച്ചതായി കേട്ടിട്ടുണ്ടു്. നിയമങ്ങളുടെ ഘടന തന്നെ, അവ എങ്ങനെ മറികടക്കപ്പെടാം എന്ന പര്യാലോചനയില്‍ നിന്നാണു് ഒരുക്കപ്പെടുന്നതു്. എന്നാല്‍ സര്‍വൈലന്‍സ് സ്റ്റേറ്റ് എന്നനിലയിലേക്കു് കാര്യങ്ങള്‍ വരുമ്പോള്‍ അവസ്ഥമാറുന്നു. നിയമങ്ങള്‍ വയലേറ്റ് ചെയ്യാന്‍ അധികാരമുള്ളവരും (അതു് തേക്കടി തടാകത്തിലെ രാത്രിയാത്രയോ പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ചുള്ള മദ്യപിച്ച ശേഷമുള്ള കാര്‍ ഡ്രൈവിങ്ങോ ഒക്കെ പോലെയുള്ള പെറ്റി എന്നു പറയാവുന്ന കാര്യങ്ങള്‍ മുതല്‍ പ്രോസസ് തന്നെ റീനെഗോഷ്യേറ്റ് ചെയ്യാവുന്ന തരത്തില്‍ മൈനിങ് മാഫിയയും ലോട്ടറി മാഫിയയും മറ്റും നടത്തുന്ന പ്രത്യക്ഷത്തില്‍ നിയമവിധേയവും പ്രയോഗത്തില്‍ മനുഷ്യവിരുദ്ധവും ആയ വന്‍കിട ഡീലുകളും പെടും) നിയമങ്ങളാല്‍ വലയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടവരും എന്ന നിലയിലേക്കു് പൌരന്മാരെ തരംതിരിക്കുന്നു. ഏകപക്ഷീയമായ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും ഒരുക്കി ആരെയും കുരുക്കാമെന്ന സൌകര്യം സ്റ്റേറ്റിനു് ലഭ്യമാവുന്നു.lady attackedസമീപകാലത്തെ ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. രാപ്പകല്‍ സമരത്തിലേക്കും ഉപരോധത്തിലേക്കുമൊക്കെ എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സമരം വളരുന്നതിനുമുമ്പു് സെക്രട്ടേറിയറ്റിലേക്കു് മാര്‍ച്ച് നടത്തിയ ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ  പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളി ഉള്‍പ്പെടുന്ന കോട്ടയം ഭാഗത്ത്‌ നിന്നും വന്ന ഭരനാനുകൂലികളുടെ നേതൃത്വത്തില്‍ കടന്നാക്രമിക്കുകയും സംസ്ഥാന നേതാക്കള്‍ അടക്കം ഉള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിന്ദുരാജ് എന്ന യുവതിയെ പോലും അതിക്രൂരമായി മര്‍ദ്ധിച്ചു.അതേ ദിവസം വിദ്യാര്‍ത്ഥികളും പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റി കോളജിനുള്ളിലേക്കു് ക്യാമറ സൂം ചെയ്തു് പിടിച്ച പൊലീസിനു് പക്ഷെ മുമ്പേ പറഞ്ഞ, സമരത്തിനു നേരെ നടന്ന ഏകപക്ഷീയമായ അക്രമത്തിലെ പ്രതികളെ തിരഞ്ഞുകണ്ടെത്താനായില്ല. ചാനല്‍ ക്യാമറകളില്‍ അവരുടെ ചിത്രം പതിഞ്ഞതുകൊണ്ടുമാത്രം ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കപ്പെട്ടു. അക്രമികളില്‍ ചിലരെ പൊലീസ് പിന്നീടു നഗരത്തില്‍ നിന്നു് അറസ്റ്റ് ചെയിതെങ്കിലും അവരെ നന്ദാവനം പൊലീസ് ക്യാമ്പില്‍ നിന്നു് അവരെ മോചിപ്പിക്കാനുള്ള ശ്രമം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. ആ പ്രശ്നത്തിന്റെ പേരില്‍ ആരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആദ്യത്തെ അക്രമത്തില്‍ പങ്കെടുത്ത തൃശ്ശൂരുകാരനായ ഒരു ഭരണ പക്ഷ യുവജന നേതാവിനു് പിറ്റേന്നു് വെട്ടുകൊള്ളുന്ന അനുഭവമുണ്ടായി. എന്നാല്‍ അതേത്തുടര്‍ന്നു്, പ്രതിപക്ഷ സംഘടനാ പ്രവര്‍ക്കെതിരായ അക്രമത്തിനു നേതൃത്വം നല്‍കുകയും യുവതിയെ ആക്രമിക്കുകയും ചെയ്ത മീനടംകാരനായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയല്ല, ചെയ്തതു്, പകരം അയാളുടെ വീടിനു് ഒരു വണ്ടി പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തുകയാണു്. ഒരേ പൊലീസ് തന്നെ സമാനമായ സാഹചര്യങ്ങളില്‍ വ്യത്യസ്തമായ, പരസ്പരവിരുദ്ധമായ രീതിയില്‍ നീതിനടപ്പാക്കുന്നതിന്റെ / നടപ്പാക്കാത്തതിന്റെ നേര്‍ചിത്രമായിരുന്നു ഇതു്. കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടുകൂടി രണ്ടാഴ്ചയ്ക്കു് ശേഷമാണു് സന്തോഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നതു് എന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.വനിതാ നേതാവിനെ ആക്രമിച്ച അക്രമിക്കെതിരെ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടന പ്രകരിക്കാനുള്ള സാധ്യത നമുക്കെല്ലാം ബോധ്യമുള്ളതാണു്. ആ ദൃശ്യം ടെലിവിഷനില്‍ കണ്ടപ്പോള്‍ രോഷം കൊള്ളാത്തവര്‍ കുറവായിരിക്കും. എന്നാല്‍ അതിനോടു തൊട്ടുചേര്‍ന്നുള്ള ദിവസങ്ങളില്‍ ഇതുസംബന്ധിച്ചു് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കാണുന്ന പ്രകടനം അത്ര ആശാവഹമല്ല. മോബോക്രസിയുടെ ദുഷിപ്പു് കലര്‍ന്ന വിധിനടപ്പാക്കല്‍ പ്രഖ്യാപനങ്ങളാണു് ചുറ്റിനും. അയാള്‍ ചെയ്ത കുറ്റത്തിനു് പ്ലാന്‍ഡ് ആയി തിരികെ പണികൊടുക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ, അതിനെ ആവേശം കൊണ്ടും വികാരം കൊണ്ടും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനുള്ള ഈ ത്വര ദോഷമേ ചെയ്യൂ. അടികൊടുക്കേണ്ടവനു് അടിയും അരി കൊടുക്കേണ്ടവനു് അരിയും യോഗ്യമായ സമയത്തു് കൊടുക്കണം എന്നു് കരുതുന്ന കൂട്ടത്തിലുള്ളവര്‍ ആണ് സമൂഹത്തില്‍ കൂടുതല്‍ .എന്നാല്‍ ഉത്തരവാദിത്വമില്ലാതെ നല്‍കുന്ന പ്രഹരവും മേല്‍ക്കോയ്മാഭാവത്തില്‍ നല്‍കുന്ന സൌജന്യവും വിപരീതഫലമാവും ചെയ്യുക. ആരുടെയെങ്കിലും വികാരം ശമിപ്പിക്കാനും ആത്മരതിയടയാനുമുള്ള കാര്യമോ അവസരമോ അല്ല, ഇതു്. ആ വനിതാപ്രവര്‍ത്തകയോടു് ആ അക്രമി കാട്ടിയ അതേ ക്രൌര്യമാര്‍ന്ന നെറികെട്ട ആക്രമണം തിരികെ അയാളോടു് കാട്ടുകയാണു്, ഈ ആര്‍പ്പുവിളികളിലൂടെ.ഈ വിഷയത്തെക്കുറിച്ചു ഫേസ്ബുക്കില്‍ എഴുതിയപ്പോള്‍ അതിനു ചുവടെ നവനീത് കൃഷ്ണന്‍ എഴുതിയ വരികള്‍ പ്രത്യേകം എടുത്തെഴുതേണ്ടതാണു്: “അയാള്‍ തല്ലിയത് ഒരു പുരുഷനെ ആയിരുന്നെങ്കില്‍ ആരും ഈ പ്രശ്നം പരിഗണിക്കുക കൂടിയില്ലായിരുന്നു. ഇവിടെ തല്ലുകൊണ്ടത് ഒരു സ്ത്രീയാണ് എന്നതുമാത്രമാണ് പ്രശ്നമായത്. സ്ത്രീയെ മനുഷ്യനായി പരിഗണിക്കാത്ത സമൂഹത്തിന്റെ കപടമായ പ്രതിഷേധം മാത്രമാണിത്. ആര് ആരെ ആക്രമിച്ചാലും അത് അപലപിക്കപ്പെടുകയും അതില്‍ പ്രതിഷേധിക്കുകയും വേണം. എന്നാല്‍ അടികൊണ്ട മനുഷ്യന്‍ ഒരു സ്ത്രീയായിപ്പോയപ്പോള്‍ അനിതരസാധാരണമായ പ്രതിഷേധമാണ് മാധ്യമങ്ങളിലും ഫേസ്ബുക്ക് ഇടങ്ങളിലും ഉണ്ടായത്. ഈ പ്രവണതയും സ്ത്രീവിരുദ്ധത തന്നെയാണ്. ഒരു സ്ത്രീ എങ്ങനെ വളരണം പ്രവര്‍ത്തിക്കണം എന്ന് പുരുഷമേധാവിത്വസമൂഹം കല്പിച്ചുനല്‍കിയ സദാചാരസങ്കല്പങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഈ പ്രതിഷേധം. കടുത്ത ലിംഗവിവേചനത്തിന്റെ ഭാഷ പ്രചരിപ്പിക്കുന്ന ഇത്തരം കപടപ്രതിഷേധങ്ങളെ തള്ളിക്കളയുക. എന്നിട്ട് മനുഷ്യനെ മനുഷ്യന്‍ ആക്രമിച്ചതില്‍ പ്രതിഷേധിക്കുക. പരസ്പരം രാഷ്ട്രീയപരമായ പ്രതിഷേധങ്ങള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് എതിര്‍ക്കപ്പെടേണ്ടത്. ഒന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ച കടുത്ത ലിംഗവിവേചനം, രണ്ട് കണ്ണിനു കണ്ണ് കൈക്കു കൈ എന്ന നിലയിലുള്ള കാടത്തചിന്ത.”

മനുഷ്യന്‍ മനുഷ്യനെ സംഗീതംപോലെ സ്നേഹിക്കുന്ന കാലം എന്ന ആ മനോഹരസങ്കല്‍പ്പത്തിനുമുന്നില്‍ നവനീത് ഉന്നയിച്ചതു പ്രധാന പോയിന്റ് ആണു്. എന്നാല്‍ ഇവിടുത്തെ പ്രശ്നം ബഹുമുഖമാണു്. തങ്ങളുടെ കൂടെയുണ്ടായിരുന്ന ‘വനിതാ’സഖാവിനെ ‘സംരക്ഷിക്കാന്‍’ കഴിഞ്ഞില്ലല്ലോ എന്ന പുരുഷാധിപത്യപരമായ ആന്തല്‍ തീര്‍ച്ചയായുമുണ്ടു്. അവിടെ രണ്ടാംതരം പൌരത്വം എന്ന പ്രശ്നം ഉദിക്കുന്നുണ്ടു്. അതേസമയം ബിന്ദുരാജിനെ തച്ച മാളികപ്പടി സന്തോഷാവട്ടെ, സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന, പുറത്തിറങ്ങുന്ന സ്ത്രീകള്‍ പുരുഷന്റെ കൈക്കരുത്തിനു വഴങ്ങേണ്ടവരാണെന്ന, പ്രാകൃതബോധം പേറുന്നവനുമാണു്. അവിടെ ആരുടെ സ്ത്രീവിരുദ്ധതയാണു് മാരകം എന്നു് ഉരച്ചുനോക്കേണ്ടതുണ്ടു്.

പ്രതിപക്ഷ യുവജന സംഘടനയുടെ സംസ്ഥാനപ്രസിഡന്റ് കൃഷ്ണപ്രസാദിന്റെ തല അടിച്ചുപൊളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് ആശുപത്രിയിലായതിന്റെ ആഘോഷമായിരുന്നു ആ നാളുകളില്‍ . ഫേസ്ബുക്കില്‍ കറുത്ത, അടിച്ചമര്‍ത്തപ്പെട്ട, ‘പുരുഷന്റെ’ ഉയര്‍ത്തെഴുന്നേല്‍പ്പാണതു്. അതിനൊപ്പമാണു് സന്തോഷിന്റെ ചോരയ്ക്കുള്ള മുറവിളിയുമുയര്‍ന്നതു്. സന്തോഷിന്റെ നമ്പര്‍ എപ്പോള്‍ വരും എന്ന ചോദ്യം ബാക്കിയാണു്. അതുവരാതെപോകില്ല എന്നുതന്നെയാണു് പൊതുവേ കരുതപ്പെടുന്നത് .

രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു ഇടതു യുവജനസംഘടനക്ക് അതിന്റെ നേതാക്കന്മാര്‍ക്കു നേരെയുണ്ടായ ഈ ആക്രമണത്തെ ലാഘവത്തോടെ കാണാനാവില്ല. അതു് അവരുടെ സമൂഹത്തില്‍ നിലനില്‍ക്കാനുള്ള അവകാശം തന്നെ നഷ്ടപ്പെടുന്നതിലാവും കലാശിക്കുക. ജന്മിമാരുടെയും അവരുടെ കയ്യാളുകളുടെയും നേതൃത്വത്തിലരങ്ങേറിയ ഇത്തരം നിരന്തരമായ ആക്രമണങ്ങളെ നേരിട്ടും ചെറുത്തും തിരിച്ചടിച്ചും മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്ന ഒരു സമീപഭൂതകാലത്തില്‍ നിന്നാണു് അഞ്ചുവര്‍ഷത്തെ ഇടവേളകളില്‍ ഭരണത്തിലെത്തുന്ന നിലയിലേക്കു് ഇവര്‍ മാറിയതു്.

ഇവിടെ പക്ഷെ അത്തരം അക്രമങ്ങളോടുള്ള വ്യക്തി എന്ന നിലയിലുള്ള മനുഷ്യന്റെ സമീപനത്തെയാണു്  പ്രശ്നവത്കരിക്കുന്നതു്. ഈ വിഷയത്തിലെ സാമൂഹ്യമായ വായന എന്നതു്, സന്തോഷിനെതിരെ സംഘടന എന്ന നിലയില്‍ ആലോചിച്ചുറപ്പിച്ചു് ചെയ്യുന്ന ഏതൊരു തിരിച്ചടിയും ഒരു deterrent എന്ന നിലയില്‍ പ്രവര്‍ത്തിക്കും എന്നാണു്. കാരണം അവിടെ നടക്കുന്നതു് അക്രമം തന്നെയാകിലും അതിനു് രാഷ്ട്രീയമായ ഒരു കാരണം ഉണ്ടാകുന്നതിലൂടെ അതു് രാഷ്ട്രീയസംഘട്ടനമായി ചുരുങ്ങുന്നുണ്ടു്. അല്ലെങ്കില്‍ അങ്ങനെ അടയാളപ്പെടുന്നുണ്ടു്.അതേ സമയം ഫേസ്ബുക്കില്‍ നടക്കുന്ന ഗോഗ്വാവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും ഉള്ള പ്രശ്നം, അതില്‍ രാഷ്ട്രീയത്തേക്കാള്‍ ‘വനിതാസഖാവിനെ’ ആക്രമിച്ചവനോടുള്ള വൈകാരികവും വിഭ്രമകരവുമായ ആള്‍ക്കൂട്ടരക്ഷാകര്‍തൃത്വത്തിന്റെ അക്രമാകമമായ വിധിനടപ്പാക്കലുള്ളടങ്ങിയിരിക്കുന്നു എന്നിടത്താണു്. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അമ്മാവന്മാരോ ആങ്ങളമാരോ വഹിച്ചിരുന്ന ഒരു ബോഡിഗാര്‍ഡ് നിലവാരത്തിലേക്കു് ‘സഖാക്കള്‍’ എന്നു സ്വയം കരുതുന്നവര്‍ തങ്ങളെത്തന്നെ താഴ്‍ത്തിക്കെട്ടുകയാണു്.

കുറച്ചുകൂടി പച്ചയ്ക്കു് പറഞ്ഞാല്‍ ചിലപ്പോള്‍ നേരത്തെ പറഞ്ഞ നിലപാടിനോട് യോജിച്ചവര്‍ പോലും ഇനി പറയുന്ന നിലപാടിനോട് വിയോജിച്ചേക്കാം.

‘സന്തോഷ് അടികൊള്ളാന്‍ യോഗ്യനാണു്. പക്ഷെ അങ്ങനെ സന്തോഷിനെ മോബ് കയറി അടിക്കുന്നതിലൂടെ സന്തോഷ് ചെയ്ത അതേ കുറ്റം അതേ അളവില്‍ ആവര്‍ത്തിക്കപ്പെടുകയാവും ചെയ്യുക. ആക്രമണപ്രത്യാക്രമണങ്ങളുടെ ഒരു തിരയിളക്കമല്ല നാം കാംക്ഷിക്കേണ്ടതു്. സന്തോഷിന്റെ പ്രവൃത്തി സംഘടനാശരീരത്തിനുമേലുള്ള സംഘടിത അക്രമമായി കണ്ടാല്‍ സംഘടന എന്ന ദൈവരൂപത്തിനു് ശിക്ഷാവിധി നല്‍കാതെ തരമില്ലെന്നുവരും. എന്നാല്‍ ആള്‍ക്കുട്ടം പെരുമാറുന്നതിനേക്കാള്‍ ഭേദമാണു്, അതു്. ആള്‍ക്കൂട്ടത്തിനു് ആരോടും കണക്കുബോധിപ്പിക്കേണ്ടതില്ല. അതേ സമയം സംഘടനയ്ക്കു് ഉത്തരവാദിത്വമുണ്ടു്. ആള്‍ക്കൂട്ടത്തിന്റെ വിധി മാരകമായേക്കാം. അത്രത്തോളം മാരകമാകാന്‍ ജനാധിപത്യബോധം ഉള്ള സംഘടനയ്ക്കു് കഴിയില്ല. ഇവിടെ ഈ സംഘടനയക്കു് എത്രത്തോളം ജനാധിപത്യബോധമുണ്ടു് എന്നതു് വേറെ പരിശോധിക്കേണ്ടതാണു്. അതു് തരിമ്പുപോലുമില്ലാത്ത ഒരാളോടു് പെരുമാറുമ്പോള്‍ പ്രത്യേകിച്ചും. ഇനി അങ്ങനെ ‘ദൈവകല്‍പ്പിതമായ’ ശിക്ഷ നടപ്പാവുകയാണെങ്കില്‍ തന്നെ, അതു് ഒരുവശത്തുകൂടി ബഹളമൊന്നുമില്ലാതെ നടക്കേണ്ട കാര്യമാണു്. അതല്ലാതെ ഇക്കാണായ വികാരപ്രകടനങ്ങള്‍ ആ മയപ്പെടുത്തല്‍ ശിക്ഷയ്ക്കുള്ള സ്പേസിനെ ഏകപക്ഷീയമായ കുറ്റവിചാരണയ്ക്കും വിധിതീര്‍പ്പിനു കാക്കാതെയുള്ള പരമാവധി ശിക്ഷനടപ്പാക്കലിനുമുള്ള ശാരീരികവാഞ്ചയായി പരിണമിക്കുന്നു. അടി കൊടുക്കണമെങ്കില്‍ വന്നു് അടിച്ചിട്ടുപോകണം. അതല്ലാതെ അഡ്രിനാലില്‍ ഉയര്‍ത്തി തെരുവില്‍ കിടന്നു് ആക്രോശിക്കുന്നതിലൂടെ സമൂഹത്തിലേക്കു് ആകമാനം ആ ക്രിമിനല്‍ എനര്‍ജി പ്രസരിപ്പിക്കുകയാണു്. അവിടെ ഒരു രാഷ്ട്രീയവും കടന്നുവരുന്നില്ല. പ്രാകൃതമായ കുല/ഗോത്രബോധം മാത്രമേയുള്ളൂ. അതു് ജനാധിപത്യത്തിനുതന്നെ ക്ഷീണമാണു്. അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്ന അധികാരസ്ഥാനങ്ങള്‍ കാത്തിരിക്കുന്നതും അത്തരമൊരവസരത്തെയാവാം.’തൃശ്ശൂരില്‍ കണ്ടതു് തങ്ങളുടെ നേതാവിനെ തല്ലിയവനോടുള്ള അണിയുടെ പകയാണു്. നേതാവിനോടുള്ള സ്നേഹവും കൂറും അതിലുണ്ടു്. കൃഷ്ണപ്രസാദിനും ബിന്ദുരാജിനും മാത്രമല്ല അടികിട്ടിയതു്. എന്നാല്‍ ഇവരെ രണ്ടാളെയും അടിച്ചവര്‍ക്കു നേരെ സെലക്റ്റീവായാണു് മോബ് ഫ്യൂറി പ്രവര്‍ത്തിക്കുന്നതു്. കാരണം അവരാണു് ശ്രദ്ധിക്കപ്പെട്ടതു്. അവര്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം, അവര്‍ ആരെയാണു് അടിച്ചതു് എന്ന വസ്തുതയാണു്. കൃഷ്ണപ്രസാദിനെ നേതാവായി കാണുന്ന അതേയാളുകള്‍ ബിന്ദുരാജിനെ ജേഷ്ഠസഹോദരിയായോ കുഞ്ഞുപെങ്ങളായോ ഒക്കെയാവും അടയാളപ്പെടുത്തുക. ഒരു തരം സഹോദരതുല്യമായ രക്ഷാകര്‍തൃപ്രതിനിധാനം അവിടെ അബോധപൂര്‍വ്വമായെങ്കിലും കടന്നുവരുന്നുണ്ടു്. ബിന്ദുവിനെ ‘സംരക്ഷിക്കാന്‍’ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം, പ്രതികാരാഗ്നിയായി കത്തുന്നതു് അവിടെയാണു്. ഗ്രൌണ്ട് റിയാലിറ്റിയെ തള്ളിപ്പറയുകയല്ല,  അതു പ്രവര്‍ത്തിക്കുന്ന രീതി വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.നമുക്കു് പ്രധാനവിഷയത്തിലേക്കുവരാം. പ്രതിയാക്കപ്പെടുന്നവരും അവര്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടികളും അതാതുസമയത്തു് അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയഇച്ഛാനിഷ്ടങ്ങള്‍ക്കു് വിധേയമായി മാറിമറിയാം എന്നതാണു് അവസ്ഥ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലടക്കം പലരുടെയും മത്സരസാധ്യതകളെപ്പോലും തുരങ്കംവയ്ക്കുന്ന നിലയിലേക്കാണു് ഇതു ചെന്നെത്തുക. സോളാര്‍ വിഷയത്തിലെ ഉപരോധസമരത്തിലേക്കെത്തുമ്പോള്‍ ഇതുകൂടുതല്‍ വ്യക്തമാകും.അനിശ്ചിതകാല ഉപരോധം, അതിന്റെ മുദ്രാവാക്യം പൂര്‍ണ്ണമായും നേടാതെയാണു് അവസാനിപ്പിച്ചതു്. അതിനെക്കുറിച്ചു ഘോരമായ വാദപ്രതിവാദങ്ങള്‍ ഓണ്‍ലൈനിലുണ്ടു്. അതവിടെനില്‍ക്കെത്തന്നെ, നമ്മുടെ ജനാധിപത്യം എങ്ങനെ ഒരു കളവാകുന്നു എന്ന സന്ദേശവും അതു് നല്‍കുന്നുണ്ടു്. എല്‍ഡിഎഫ് പോലെ ഭരണത്തിലിനിയും എത്താനിരിക്കുന്നു, മുമ്പും പലതവണ എത്തിയിട്ടുള്ള ഒരു രാഷ്ട്രീയ ഫോര്‍മേഷനു് താങ്ങാനാവാത്തവിധം ചെലവാണു്, ഇത്തരമൊരു ഉപരോധം. സാമ്പത്തികമായ ചെലവിനെയല്ല, ഉദ്ദേശിക്കുന്നതു്. ആ സമരത്തില്‍ പങ്കെടുത്തവര്‍ അവിടവിടെയായി പുല്‍ത്തകിടികളില്‍ ചവിട്ടുകയും ചെടിക്കമ്പുകള്‍ ഒടിക്കുകയും ചെയ്തതിന്റെ പേരില്‍ 18 ലക്ഷം രൂപ നഷ്ടപരിഹാരമീടാക്കാന്‍ ഇരിക്കുകയാണു്, പൊതുമരാമത്തുവകുപ്പു്. മന്ത്രി ഇബ്രാഹിംകുഞ്ഞു് അക്കാര്യം പ്രസ്താവിച്ചുകഴിഞ്ഞു. സെക്രട്ടറിയേറ്റ് അടച്ചിനാടുള്ള തീരുമാനം ഒരുവശത്തു്. അടഞ്ഞ സെക്രട്ടേറിയറ്റിനുമുന്നില്‍ കെട്ടിക്കിടക്കുന്നതിന്റെ അര്‍ത്ഥമില്ലായ്മ മറുവശത്തു്. ഇങ്ങനെ ഒളിച്ചുകളിക്കുന്ന ഒരു ഭരണകൂടത്തിനുനേരെ സമരം നയിക്കുക പ്രയാസമാണു്. ഉപരോധം നീണ്ടുപോയിരുന്നെങ്കില്‍ stalemate അവസാനിപ്പിക്കാന്‍ ബലപ്രയോഗമല്ലാതെ മാര്‍ഗ്ഗമില്ല എന്നുവരുമായിരുന്നു. ആദ്യ ബലപ്രയോഗം ആരുടെ ഭാഗത്തുനിന്നുണ്ടാവും എന്നതാണു് ഏവരും ഉറ്റുനോക്കിയിരുന്നതു്. സമരക്കാരെ പരമാവധി പ്രകോപിപ്പിച്ചു് അവരുടെ ക്ഷമകെടുത്തി അവരെക്കൊണ്ടു ബലപ്രയോഗത്തിനു നിര്‍ബന്ധിതരാക്കിയ ശേഷം ഉണ്ടാകാവുന്ന ഒരു പൊലീസ് ആക്ഷന്‍ വരുത്തുന്ന പ്രശ്നം ചെറുതായിരിക്കില്ല. ഉപരോധത്തിനിടെ ബേക്കര്‍ ജംഗ്ഷനില്‍ വെടിവെപ്പിനുമുമ്പു് റെഡ് റിബണ്‍ ഉയര്‍ത്തുന്ന നിലയില്‍ വരെ സമരക്കാരും പൊലീസുമായുള്ള ഉരസല്‍ വളര്‍ന്നിരുന്നു. അവിടെ ഒരു വെടിവയ്പ്പ് നടക്കുകയും ആരെങ്കിലും കൊല്ലപ്പെടുകയും ചെയ്തിരുന്നെങ്കില്‍ കേരളം മുഴുവന്‍ നിന്നുകത്തുന്ന അവസ്ഥ ഉളവാകുമായിരുന്നു എന്നതില്‍ സംശയം വേണ്ട. അത്രമേല്‍ സ്ഫോടനാത്മകമായിരുന്നു, കാര്യങ്ങള്‍ . അങ്ങെയൊരു നിന്നുകത്തല്‍ പക്ഷെ ജനാധിപത്യപാര്‍ട്ടികള്‍ക്കു് താങ്ങാനാവുന്നതല്ല എന്നതാണു് ഇപ്പോഴത്തെ അവസ്ഥ. ഒരു കെഎസ്ആര്‍ടിസി ബസ് കത്തിയാല്‍ അതില്‍ പ്രതിചേര്‍ക്കപ്പെടുന്നവര്‍ ഒത്തുചേര്‍ന്നു് അതിന്റെ വില കോടതിയില്‍ കെട്ടിവച്ചാലല്ലാതെ ഇന്നു ജാമ്യം പോലും ലഭിക്കില്ല. ഓരോ phsycologyപ്രതിക്കുംവേണ്ടി പത്തുലക്ഷംരൂപവീതമെങ്കില്‍ പൊതുമുതല്‍ നശീകരണക്കേസില്‍ ചെലവഴിക്കേണ്ടിവരും. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഇടംകൊടുക്കാതെ സമരത്തെ പൂട്ടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ചെയ്യുന്ന സൈക്കോളജിക്കല്‍ വയലന്‍സ് പൊറുക്കപ്പെടുകയും അതിനോടു നടക്കുന്ന ഫിസിക്കല്‍ വയലന്‍സ് വലിയ കുറ്റകൃത്യമാവുകയും ചെയ്യും. ഇവിടെയാണു് ജനാധിപത്യത്തെ നാം ബ്ലഫ് എന്നു വിളിക്കേണ്ടിവരിക. ഏതു സമഗ്രാധിപത്യഭരണകൂടത്തെക്കാളും അധികാരം കയ്യാളാനും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ അതു പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന നിലയിലേക്കു് ജനാധിപത്യം ഭീകരരൂപം പൂണ്ടിരിക്കുന്നു. തെരുവിലൊരു യോഗം പോലും നടത്താന്‍ വയ്യാത്ത ജനാധിപത്യം ഏതു വെള്ളരിക്കാപ്പട്ടണത്തിലേതാണു് എന്നു് പോലും നമുക്കു ചോദിക്കേണ്ടതില്ലാതാകുന്നു. അത്രയ്ക്കുണ്ടു് നമുക്കുചുറ്റും പ്രകാശംപരത്തുന്ന കോടതിവിധികളും ഭരണനടപടികളും.

 

 

Leave a Reply