കൊച്ചി: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണം. സുരക്ഷയെ മുന്‍നിര്‍ത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ്(ബി.സി.എ.എസ്) ആണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിലവാരമുള്ള പവര്‍ ബാങ്കുകള്‍ ചെക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാനാകില്ലെങ്കിലും ഹാന്‍ഡ് ബാഗുകളില്‍ സൂക്ഷിക്കാം. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിച്ചതും നിലവാരം കുറഞ്ഞതുമായ പവര്‍ ബാങ്കുകളെ രണ്ടിലും ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല.
രാജ്യത്തെ പല വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയില്‍ യാത്രക്കാരില്‍ നിന്നും പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. നിര്‍ദേശം മറികടന്ന് ചെക്ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അത് കണ്ടുകെട്ടും. യാത്രക്കാരെ തുടര്‍ പരിശോധനകള്‍ക്കായി വിളിപ്പിക്കുകയും ചെയ്യും. കൂടാതെ വിമാനത്തില്‍ കൊറിയറായും കാര്‍ഗോ ആയും ഇത്തരം പവര്‍ ബാങ്കുകള്‍ അയയ്ക്കുന്നതും നിരോധിച്ചു.
പ്രാദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാനാകും. ഇതിനകത്തെ സെല്ലുകള്‍ക്ക് പകരം സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ കഴിയും എന്ന സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പവര്‍ ബാങ്ക് ആകുമ്പോള്‍ ഇത്തരത്തില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവായിരിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഇക്കാരണത്താലാണ് നിലവാരമുള്ള പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നത്.
മംഗലാപുരം വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്നും സെല്ലുകള്‍ മാറ്റി പകരം രാസവസ്തുക്കള്‍ നിറച്ച നിലയില്‍ പവര്‍ ബാങ്ക് കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരെ ഇക്കാര്യം ഗൗരവമായി കണക്കിലെടുക്കാന്‍ പ്രേരിപ്പിച്ചത്.
INDIANEWS24.COM Kochi