jio 800x100
jio 800x100
728-pixel-x-90
<< >>

വിമാനത്താവളം വേണോ വിമാനത്താവളം…

തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും പന്തളത്തിനുമൊക്കെ പോകാന്‍ പഴയതെങ്കിലും മൂന്നുനാല് ബസ് ഓടിച്ചാല്‍ നന്നായിരിക്കുമെന്ന് നാട്ടുകാര്‍. പറ്റില്ല, വിമാനത്തേല്‍ കയറ്റി പറപ്പിച്ചേ അടങ്ങൂ എന്ന് സര്‍ക്കാര്‍. ആറന്മുളക്കാരുടെ ഗതി എന്താകുമെന്ന് ആറന്മുളയപ്പന് പോലും അറിയത്തില്ല.

അല്ലെങ്കിലും ഈ ആറന്മുളക്കാര്‍ ഇങ്ങനെയാ. ഒരു കാര്യം പറഞ്ഞാല്‍ മനസിലാകില്ല. ഇത് അതിവേഗം ബഹുദൂരത്തിന്റെ കാലമാ. എന്നും ബസിന്‍റെ കമ്പിയില്‍ തൂങ്ങി യാത്ര ചെയ്താല്‍ മതിയോ? ഓരോ വീട്ടിലും ഒരു വിമാനത്താവളം എന്നതാണ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതി. ലോകബാങ്കില്‍നിന്ന് വായ്പ വേണമെങ്കില്‍ സംഘടിപ്പിച്ചുതരും . ഇനി വിമാനത്താവളം ഇല്ലെങ്കില്‍ ഓരോ വീട്ടിലും ഓരോ വിമാനമെങ്കിലും വേണം. കക്കൂസ് ഇല്ലെങ്കിലും കുഴപ്പമില്ല. വിമാനത്തില്‍ കക്കൂസ് ഉണ്ടല്ലോ. ഇനി വീടില്ലാത്തവര്‍ ഉണ്ടെങ്കില്‍ വിമാനത്താവളം പണിയാന്‍ ബസ് സ്റ്റാന്ഡ് പാട്ടത്തിനു നല്‍കും.

ആറന്മുളക്കാരുടെ ദുരിതം കണ്ടിട്ടാണ് കെജിഎസ് എന്ന സന്നദ്ധസംഘടന അവര്‍ക്കൊരു വിമാനത്താവളം ഉണ്ടാക്കിക്കൊടുക്കാമെന്ന് വെച്ചത്. അല്ലാതെ വേറെ ലാഭമൊന്നും ഉണ്ടായിട്ടല്ല. പക്ഷേ, വേണ്ടെന്ന്. തിന്നത് എല്ലിനിടയില്‍ കുത്തിയാല്‍ അങ്ങനെ പലതും തോന്നും.

എന്തൊക്കെ പുകിലാണ് വിമാനത്താവളത്തിന് എതിരെ. പരിസ്ഥിതി, വിശ്വാസം, വരള്‍ച്ച, വെള്ളപ്പൊക്കം…മണ്ണാങ്കട്ട. വിമാനത്താവളം വന്നാല്‍ ആറന്മുളയപ്പന്റെ പള്ളിയോടം എങ്ങനെ ഓടുമെന്നാണ് ചിലവന്മാര്‍ ചോദിക്കുന്നത്. അല്ലേലും ഈ വള്ളവും പള്ളിയോടവുമൊക്കെ പഴേ ഫാഷനാ. ഒന്ന് ചോദിച്ചാല്‍ മതി ആറന്മുളയപ്പന് കെജിഎസ് ഗ്രൂപ്പ് വേണമെങ്കില്‍ ഒരു ബോയിംഗ് വിമാനംതന്നെ നയാപൈസ ഇല്ലാതെ കൊടുക്കും. ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനുമൊക്കെ കണ്ട് അസൂയപ്പെടട്ടെ. ശബരിമലയില്‍ വിമാനത്താവളം പണിയാന്‍ സമ്മതിച്ചാല്‍ അയ്യപ്പനും കൊടുക്കാം ഒരു ബോയിംഗ്. പിന്നെ ആറന്മുള പള്ളിസദ്യ. അത് നമുക്ക് വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ബുഫെ ആയി നടത്താവുന്നതെ ഉള്ളൂ.

വിമാനത്താവളം വന്നാല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അതിനല്ലേ കെജിഎസ് ഗ്രൂപ്പ് നമ്മുടെ കയ്യിലുള്ളത്. ആറന്മുളയില്‍ നമ്മള്‍ ഒരു തുറമുഖം കൂടി പണിയും. എന്നിട്ട് കപ്പല്‍ സര്‍വീസ് തുടങ്ങും.

പാടം നികത്തുന്നത് നിയമവിരുദ്ധമാണത്രെ. എങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ എന്ത് കുന്തം ഉണ്ടാകുമായിരുന്നു. പാടം നികത്താനുള്ളതാണ്. കയ്യിലും കാലിലും ചെളി പറ്റിച്ചുള്ള പണിയൊന്നും നമ്മള്‍ മലയാളികള്‍ക്ക് പറ്റില്ല. അതൊക്കെ തമിഴനും തെലുങ്കനും ചെയ്തോളും. മരവും മണ്ണുമൊക്കെ വിറ്റ് അരി മേടിക്കാനുള്ള കാശ് ഒപ്പിക്കാവുന്നതെയുള്ളൂ.

പരിസ്ഥിതി സന്തുലനം തകരുമെന്നും പമ്പയാറ്റില്‍ ജീവികള്‍ ചത്തോടുങ്ങുമെന്നും പറയുന്നത് കേട്ടാല്‍ തോന്നും ഇവന്മാരുടെ അച്ചിമാര്‍ പെറ്റിടുന്നത് പമ്പയാറ്റിലേക്കാണെന്ന്. കുറെ മീനുകള്‍ ചത്തുപോയാല്‍ ഇവന്മാര്‍ക്ക് എന്നതാ നഷ്ടം. നമുക്ക് കൂട്ടാനുള്ള മീനൊക്കെ ഇപ്പോള്‍ ലുലു മാളില്‍ കറിവെച്ചു ടിന്നിലടച്ച് കിട്ടുന്നുണ്ടല്ലോ.

വിമാനത്താവളത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും അനുകൂലമായിരുന്നത്രെ. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒപ്പിട്ട ഒരു കടലാസും ഒരു പത്രം എവിടെനിന്നോ തപ്പിപ്പിടിച്ചു. നെല്‍വയലില്‍ മരുന്നടിക്കാനുള്ള ചെറിയ വിമാനങ്ങള്‍ കേറ്റിയിടാനുള്ള ഒന്നോ രണ്ടോ ഓലഷെഡ്‌ പണിയുന്നു എന്നായിരിക്കും വിഎസിനോട് കെജിഎസ് ഗ്രൂപ്പ് പറഞ്ഞിട്ടുണ്ടാകുക.

എല്ലാംകൊണ്ടും വഴങ്ങുന്നതാണ് ആറന്മുളക്കാര്‍ക്ക് നല്ലത്. പുതുപ്പള്ളിക്കാരെയും പാലാക്കാരെയുംപോലും മറന്നല്ലേ സര്‍ക്കാര്‍ വിമാനത്താവളം നിങ്ങള്‍ക്ക് തന്നത്. ഇനിയിപ്പോള്‍ ചെങ്ങന്നൂരിനോ തിരുവല്ല്യ്ക്കോ പോകണമെങ്കില്‍ എത്ര എളുപ്പമാണ്. നേരെ വിമാനത്തില്‍ കയറിയാല്‍ മതി. ബസിലെ കിളിയുടെ തെറിയും കണ്ടക്ടറിന്റെ ഇടക്കുത്തുമൊന്നും വേണ്ട. നല്ല കിളികിളിപോലുള്ള പെണ്ണുങ്ങളാണ് വിമാനത്തില്‍ കാര്യങ്ങളൊക്കെ നോക്കുന്നത്. അവളുമാര് മുട്ടിയെന്നോ തട്ടിയെന്നോ ഒക്കെ ഇരിക്കും. പി ജെ ജോസഫിനെ മനസ്സില്‍ ധ്യാനിച്ച് കടിച്ചുപിടിച്ച് ഇരുന്നോണം. രണ്ട് പെഗ് അടിക്കുന്ന സമയം കൊണ്ട് കൊച്ചിയിലെത്താം. ഒരു പെഗ് കൂടി വേണമെന്ന് ഉണ്ടെങ്കില്‍ തിരുവനന്തപുരത്ത് ഇറങ്ങിയാല്‍ മതി. അവിടെനിന്നു വേണാടിനോ പരശുറാമിനോ കയറി നേരെ ചെങ്ങന്നൂരില്‍ ഇറങ്ങുക.

ആറന്മുളയില്‍ മാത്രമല്ല അട്ടപ്പാടിയിലും വിമാനത്താവളം വേണമെന്നാണ് ഇന്ത്യാ ന്യൂസിന്‍റെ അഭിപ്രായം. പാവപെട്ട ആദിവാസികള്‍ ഇനിയെങ്കിലും അട്ടകടി കൊള്ളാതെ നടക്കട്ടെ.

Leave a Reply