728-pixel-x-90-2-learn
728-pixel-x-90
<< >>

വിപ്ലവനായകന്റെ സ്റ്റാമ്പ് ഇറക്കി ഐര്‍ലാന്‍ഡിന്റെ ആദരം

ഡബ്ലിന്‍: തലമുറകളോളം ആവേശവും വീര്യവും പകര്‍ന്നുനല്‍കിയ ഡോ. ഏണസ്‌റ്റോ ചെ ഗുവാര രക്തസാക്ഷിയായതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഐര്‍ലാന്‍ഡില്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഐറീഷ് സര്‍ക്കാര്‍ ചെയുടെ സ്റ്റാമ്പ് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഐറീഷ് തലസ്ഥാനമായ ഡബ്ലിനിലെ ചിത്രകാരന്‍ ജിം ഫിറ്റ്‌സ്പാട്രിക് ആണ് സ്റ്റാമ്പ് ഡിസൈണ്‍ ചെയ്തത്. ചെ ഗുവാരയുടെ പൂര്‍വികര്‍ ഐര്‍ലാന്‍ഡില്‍ നിന്നുള്ളവരായിരുന്നു എന്ന കാരണത്താലാണ് സര്‍ക്കാര്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത്. സാധാരണമായ നടപടി ക്രമങ്ങളോടെയാണ് ഐറീഷ് സര്‍ക്കാര്‍ സ്റ്റാമ്പിന് അംഗീകാരം നല്‍കിയതെന്ന് ഇവിടത്തെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചെയുടെ അമ്പതാം ചരമവര്‍ഷം മുന്നില്‍കണ്ട് 2015ല്‍ തന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചെഗുവേര കൂട്ടക്കൊല നടത്തിയ ആളാണ്‌, ആദരിക്കപ്പെടേണ്ട ആവശ്യമില്ല എന്ന വമിര്‍ശനവുമായി ക്യൂബന്‍ – അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക നിനോസ്‌ക പെരെസ് ആണ് സ്റ്റാമ്പിറക്കിയതിനെതിരെ രംഗത്തെത്തിയത്. മിയാമിയിലെ റേഡിയോയിലൂടെയായിരുന്നു ഇവരുടെ വിമര്‍ശനം.

ലോകം മുഴുവന്‍ ടീ ഷര്‍ട്ടുകളിലടക്കം പ്രചരിക്കപ്പെടുന്ന ചെഗുവാരയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ആണ് ഐര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ആദ്യ ദിവസം ഇറങ്ങുന്ന ഈ സ്റ്റാമ്പുകള്‍ക്കൊപ്പം ചെ യുടെ പിതാവ് ഏണസ്റ്റോ ലിഞ്ചിന്റെ വാചകം കൂടി ചേര്‍ത്തിട്ടുണ്ട്. ‘എന്റെ മകന്റെ സിരകളിലൂടെ ഒഴുകുന്നത് ഐറിഷ് വിമതന്റെ രക്തമാണ്’ എന്ന കുറിപ്പും ഇന്നിറങ്ങുന്ന സ്റ്റാമ്പുകള്‍ക്കൊപ്പം ഉണ്ടാകും. യൂറോപ്യന്‍ രാജ്യമായ ഐര്‍ലാന്‍ഡില്‍ നിന്നും ലാറ്റിനമേരിക്കയിലേക്ക് കുടിയേറിയവരാണ് ചെഗുവാരയുടെ പൂര്‍വികര്‍.

INDIANEWS24.COM Dublin

Leave a Reply