ചെന്നൈ: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈ സത്യഭാമ സര്‍വ്വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം. പ്രതിഷേധം ഹോസ്റ്റിലിന് തീവെക്കുന്ന തരത്തില്‍ വലിയ അക്രമമായി മാറി. അധ്യാപകരുടെ പീഢനം കാരണമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് അനിയന്ത്രിതമായ പ്രതിഷേധ രംഗങ്ങള്‍ അരങ്ങേറിയത്.
സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ രാഗ മോണിക്ക റെഡ്ഡിയാണ് പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കെമിസ്ട്രി പരീക്ഷയ്ക്ക് പേപ്പര്‍ കട്ടിംഗ് കൊണ്ടുവന്ന് കോപ്പിയടിച്ചുവെന്ന കുറ്റത്താല്‍ രാഗയെ അധ്യാപകര്‍ പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഹോസ്റ്റലിലേക്ക് പോയ പെണ്‍കുട്ടി അതേ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്ന തന്റെ ഇരട്ട സഹോദരന് മെസേജ് അയച്ച ശേഷം മുറിയില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങിയത്. മറ്റുള്ളവരുടെ മുന്നില്‍വെച്ച് രാഗ മോണിക്കയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഈ വിദ്യാര്‍ത്ഥിനിയുടെ ബാച്ചില്‍ പഠിക്കുന്നവരാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇത് പിന്നീട് പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. താമസിയാതെ നിയന്ത്രണാതീതമായ അവസ്ഥയിലേക്കെത്തി. മെന്‍സ് ഹോസ്റ്റലിനകത്ത് കടന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് തീയിടുകയായിരുന്നു.
ക്യാമ്പസില്‍ കലാപത്തിന് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. തീ കെടുത്താനെത്തിയ ഫയര്‍ഫോഴ്സിനെ വിദ്യാര്‍ത്ഥികള്‍ അകത്തേക്ക് കയറ്റിവിട്ടില്ലെന്നും ആരോപണമുണ്ട്. പോലീസെത്തി ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയതെന്നും അറിയുന്നു. മരിച്ച രാഗ മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
INDIANEWS24.COM Chennai