728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശയാത്രയ്ക്ക് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് യു എ ഇ വിമാനങ്ങളെ

ദുബൈ:വിദേശ യാത്രക്കായി ഇന്ത്യക്കാര്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയേക്കാള്‍ ഉപയോഗപ്പെടുത്തിയത് യു എ ഇ വിമാനസര്‍വീസുകളെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷത്തെ യാത്രകള്‍ വിലയിരുത്തിയതാണ് റിപ്പോര്‍ട്ട്.എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈദുബൈ എന്നീ യുഎഇ ക്യാരിയറുകളെയാണ് ഇന്ത്യന്‍ യാത്രക്കാര്‍ ആശ്രയിച്ചത്.

എയര്‍ ഇന്ത്യ വൈകിപ്പറക്കലും മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കലും തുടര്‍ക്കഥയാക്കുമ്പോള്‍ ഇതിനിടയില്‍ മറ്റ് വിമാനകമ്പനികള്‍ ലാഭം കൊയ്യുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ അടിവരയിടുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യന്‍ യാത്രക്കാര്‍ യുഎഇയുടെ വിമാനങ്ങളെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 2014ല്‍ അബുദാബിയിലെ ഇത്തിഹാദുമായി സഹകരണമുള്ള ജെറ്റ് എയര്‍വേസിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ യാത്രികര്‍ സഞ്ചരിച്ചത്. 55,59,438 യാത്രക്കാര്‍ ജെറ്റ് എയര്‍വേയ്‌സ് ഉപയോഗപ്പെടുത്തി.49,84,660 യാത്രക്കാരുമായി രണ്ടാം സ്ഥാനത്താണ് ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുള്ളത്. തൊട്ടുപിറകെയുളള എമിറേറ്റ്‌സില്‍ 48,34,229 പേര്‍ യാത്ര ചെയ്തു. എമിറേറ്റ്‌സിലും ഫ്‌ലൈദുബൈയിലും യാത്രചെയ്തവരുടെ എണ്ണമെടുക്കുമ്പോള്‍ എയര്‍ ഇന്ത്യയുമായി നേരിയ വ്യത്യാസമാണുള്ളത്.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിരുന്നു. ഇതിനോടനുബന്ധിച്ച് തന്നെയാണ് ഇന്ത്യന്‍ യാത്രികര്‍ ഏറെ ആശ്രയിക്കുന്നത് യുഎഇയുടെ വിമാനങ്ങളാണെന്ന കണക്കും പുറത്തുവന്നത്. 2014ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യാത്ര ചെയ്ത വിമാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ അഞ്ചെണ്ണവും ഗള്‍ഫ് വിമാനങ്ങളാണ്.

INDIANEWS24 GULF DESK

Leave a Reply