ഹോളിവുഡ് സംവിധായകന് സോഹന്‍ റോയ് പ്രഖ്യാപിച്ച ബേണിംഗ് വെല്‍സ് എന്ന ചിത്രത്തിന്റെ ചുവടുവെപ്പുകള്‍ സജ്ജീവമാകുന്നതിനിടെയാണ് ഐ വി ശശിയുടെ മരണം. ബ്രഹ്മാണ്ഡ ചിത്രമായി ഇത് ഇറക്കുമ്പോള്‍ സോഹന്‍ റോയിക്കൊപ്പം മലയാളത്തിലെ ഈ സൂപ്പര്‍ ഹിറ്റ് സംവിധായകനും ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2016ല്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ ബേണിംഗ് വെല്‍സിനെ പറ്റി പറഞ്ഞ സോഹന്‍ റോയ് വലിയ ആവേശത്തോടെയാണ് ഈ സിനിമയുടെ ഭാഗമായി തനിക്കൊപ്പം ഐ വി ശശി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.
ഇറാഖ് അധിനിവേശകാലത്ത് കുവൈറ്റില്‍ എണ്ണക്കിണറുകള്‍ ചാമ്പലായതും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ക്ലാസ്സുകളെ മാസ്സാക്കിയ സംവിധായകന് ഐ വി ശശി ഇതിന്റെ ഭാഗമാകുമ്പോള്‍ ബ്രഹ്മാണ്ഡ ഹിറ്റുകളുടെ സൂപ്പര്‍ഹിറ്റായി മാറിയേക്കുമെന്ന പ്രതീക്ഷ സിനിമാ ആസ്വാദകര്‍ക്ക് വാനോളം ഉണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ പ്രോജക്ട് അടുത്തയിടെ സോഹന്‍ റോയ് വീണ്ടും ഓര്‍മ്മപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നുള്ള ഐ വി ശശിയുടെ നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം സിനിമകളിലേക്ക് വീണ്ടും സജ്ജീവമാകാന് തുടങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോഴാണ് സോഹന്‍ റോയിയും ബേണിംഗ് വെല്‍സിന്റെ വിശേഷങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്.
ഇനി ബേണിംഗ് വെല്‍സ് എന്ന സിനിമ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതിന്റെ ഭാഗമായി ഈ സൂപ്പര്‍ഹിറ്റ് സംവിധായകന് ഉണ്ടാകില്ല. സോഹന്‍ റോയിയുടെ ബേണിംഗ് വെല്‍സ് പുറത്തിറങ്ങുമ്പോള്‍ വെള്ളിത്തിരയില്‍ ചരിത്രം സൃഷ്ടിച്ച ഈ സിനിമാക്കാരനുള്ള ഭദ്രദീപമായേക്കും അത്.
INDIANEWS24.COM Movies