jio 800x100
jio 800x100
728-pixel-x-90
<< >>

വാസുവിനും കൂട്ടര്‍ക്കും ‘നമോ’വാകം ചൊല്ലുമ്പോള്‍

നമോ വിചാര്‍ മഞ്ച്  സി പി എമ്മില്‍ ലയിക്കുന്നത് അഥവാ ഒ കെ വാസുവിന്‍റെ നേതൃത്തിലുള്ള ഒരു സംഘം മുന്‍ ബി ജെ പിക്കാരുടെ സി പി എമ്മിലെക്കുള്ള വരവ് കേരളത്തില്‍ ഇന്ന് ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണല്ലോ? വിശിഷ്യാ,തത്വത്തില്‍ സി പി എം സെക്രട്ടറിയെറ്റ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയിരിക്കുന്ന വേളയില്‍ .

ദിവസങ്ങള്‍ക്കു മുമ്പ് വരെ സിപിഎമ്മിനെ ആശയപരമായും കായികമായും എതിര്‍ത്തിരുന്ന ഒ കെ വാസുവും  അശോകനും ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്നൊരു ദിവസം പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ അതിനെക്കുറിച്ച് പലവട്ടം ചിന്തിക്കേണ്ടതുണ്ട് എന്ന് ഒരു പക്ഷവും  മറിച്ച്സി പിഎമ്മിന്‍റെ ജനപിന്തുണ  വര്‍ദ്ധിക്കുന്നതും പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ വരുന്നതും ആ പാര്‍ട്ടിക്ക് അകത്തുള്ളവരും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും പിന്തുണയ്ക്കുകയാണ് വേണ്ടത് എന്ന് മറുപക്ഷവും വാദിക്കുന്നു.

കണ്ണൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രക്തരൂക്ഷിതമായ പോരാട്ടം നടന്ന കാലത്ത് ജില്ലയില്‍ ബിജെപിയുടെ അമരക്കാരായിരുന്നു വാസുവും അശോകനും. കണ്ണൂരിന്‍റെ തെരുവുകളില്‍ കാണുന്ന ഒരുപാട് രക്തസാക്ഷി മണ്ഡപങ്ങളുടെ മുഖ്യ സ്പോണ്‍സര്‍ ഇവര്‍ തന്നെയെന്നതില്‍ തര്‍ക്കമില്ല. ബിജെപി ഉയര്‍ത്തുന്ന രാമരാജ്യമല്ല, സിപിഎം മുന്നോട്ടുവെക്കുന്ന വര്‍ഗരഹിതസമൂഹമാണ്‌ മനുഷ്യന് വേണ്ടത് എന്ന് ഒരു സുപ്രഭാതത്തില്‍ ഉള്‍വിളി ഉണ്ടായതുകൊണ്ടാണ് വാസുവും കൂട്ടരും ഇന്ന് എകെജി സെന്‍ററിന്‍റെ വാതിലില്‍ മുട്ടിവിളിക്കുന്നതെന്ന് പിണറായി വിജയന്‍ പോലും വിശ്വസിക്കുന്നുണ്ടാകില്ല. പുള്ളിപ്പുലി മാനസാന്തരം വന്ന് സസ്യഭുക്കായ ചരിത്രമില്ലല്ലോ.പക്ഷെ, ഒരിക്കല്‍ കൊലവിളിച്ചു നടന്നവര്‍ ഇന്ന് പടിവാതില്‍ക്കല്‍ വന്നു അപേക്ഷിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ? കണ്ണൂരിലെ ഭവനങ്ങളില്‍ വീടിനു പുറത്ത് പോയ മക്കള്‍ തിരികെ വരുമോ എന്ന് കാത്തിരിക്കുന്ന ഒത്തിരി അമ്മമാരുണ്ട്. ആ അമ്മമാരുടെ വേദനയ്ക്കല്ലേ കൂടുതല്‍ മുന്‍‌തൂക്കം നല്‍കേണ്ടത്. അത് തന്നെയല്ലേ സി പി എം നേതൃത്ത്വവും ചിന്തിക്കുന്നത്.

ബി.ജെ.പിയുടെ ആശയങ്ങളോട് ഏതെങ്കിലും വിധത്തില്‍ വിയോജിച്ചല്ല വാസുവും അശോകനുമൊക്കെ പാര്‍ട്ടി വിട്ടത്. കേരളത്തിലിന്ന് കോണ്‍ഗ്രസിലും സി പി എമ്മിലും ഉള്ളതിനേക്കാള്‍ ആഭ്യന്തരപ്രശ്നങ്ങളും ഗ്രൂപ്പ് പോരാട്ടങ്ങളും നടക്കുന്നത് ഒരു നിയമസഭാ സീറ്റില്‍ പോലും ജയിക്കാത്ത ബിജെപിയിലാണ്. അതിന്‍റെ പേരില്‍ [?] ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ നിലവിലെ ജില്ലാ ഭാരവാഹിയെ പുറത്താക്കാനും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളെ പകരം അവരോധിക്കാനും സംസ്ഥാന നേതൃത്വം തയ്യാറാകാതിരുന്നതിന്‍റെ പേരിലാണ് വാസുവും കൂട്ടരും ബിജെപി വിട്ടത് എന്നത് അവര്‍പോലും സമ്മതിക്കുന്ന വസ്തുത. അത് കൊണ്ട് തന്നെയാകണം  ഇവര്‍ക്ക് പാര്‍ട്ടി അനുശാസിക്കുന്ന നടപടി ക്രമങ്ങളിലൂടെ കടന്നു പോയി അവരുടെ വര്‍ഗ്ഗ ബഹു ജന സംഘടനകളിലെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം മാത്രമേ അംഗത്വം നല്‍കൂ എന്നു സി പി എം തീരുമാനിച്ചിരിക്കുന്നത്.

ഏതായാലും കണ്ണൂരില്‍ ബി ജെ പിക്കെതിരെ മറ്റാരുടെയും പിന്തുണ ഇല്ലാതെ നില്‍ക്കാന്‍ കഴിയില്ലെന്ന് ബിജെപിയെ വാളെടുപ്പിച്ച വാസുവിനറിയാം.നമോ വിചാര്‍ മഞ്ചിന്‍റെ ആദ്യ യോഗംതന്നെ അതിന് തെളിവായി. തീര്‍ച്ചയായും വാസുവും കൂട്ടരും അഭയം തേടിയവരില്‍  സി പി എമ്മിന്‍റെ മറ്റൊരു ശത്രുവായ കോണ്‍ഗ്രസ് നേതാവ് കെ സുധാകാരനും ഉണ്ടാകും.പക്ഷേ,ഔദ്യോഗിക ബിജെപിയെ പിണക്കാന്‍ തയ്യാറല്ലാത്തതിനാല്‍ സുധാകരന്‍ കയ്യൊഴിഞ്ഞിട്ടുണ്ടാകണം. പക്ഷെ വര്‍ഗ്ഗീയതയ്ക്കെതിരെ എന്നും നിലകൊള്ളുന്ന സി പി എമ്മിന് ബി ജെ പി യെ പ്രീതിപ്പെടുത്തേണ്ട കാര്യമില്ലല്ലോ. തന്നെയുമല്ല, വാസുവിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്ന് അനവധി പ്രവര്‍ത്തകര്‍ ബി ജെ പി വിട്ട് സി പി എമ്മിനോട് അടുക്കാനും സാധ്യതയുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇന്ന് ഇസഡ് ക്ലാസ്സ് സുരക്ഷ വേണ്ടിവരുന്നു എങ്കില്‍ അതിന്‍റെ പ്രധാനകാരണം ബി ജെ പിയുടെയും ആര്‍ എസ് എസിന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായേക്കാവുന്ന ഭീക്ഷണിയാണ്. അതുകൊണ്ടുതന്നെ, വ്യക്തിപരമായ താല്‍പര്യത്തിനു വേണ്ടിയാണു വിമത ബിജെപിക്കാരുമായി സി പി എം സഖ്യമുണ്ടാക്കുന്നതെന്ന് സാധാരണ ഗതിയില്‍ ആരും വിമര്‍ശനം ഉന്നയിക്കില്ല.

പക്ഷേ, ആട്ടിന്‍തോലണിഞ്ഞ ചെന്നായയെ ആട്ടിന്‍കൂട്ടില്‍ കെട്ടുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ തങ്ങള്‍ക്കെതിരെയുള്ള  വ്യക്തിപരമായ ആക്രമണമായിട്ടാണ് സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ കാണുന്നത് എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. അത് കൊണ്ട് തന്നെ കൂടുതല്‍ സഹിഷ്ണുതയോടെ തങ്ങളുടെ നിലപാടുകളെ ജനങ്ങളിലേക്കും പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും എത്തിക്കുകയാണ് സി പി എം ഇപ്പോള്‍ ചെയ്യേണ്ടത്.cpm

വാസുവും സുരേന്ദ്രനുമൊക്കെ അപ്പുറത്തുണ്ടായിട്ടും കണ്ണൂരില്‍ ബി.ജെ.പി.യുടെ ഗ്രാഫ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താഴോട്ടായിരുന്നു എന്നതാണ് വസ്തുത. അത്കൊണ്ട് തന്നെ ബി ജെ പി യെ തളര്‍ത്താന്‍ കിട്ടുന്ന ഒരവസരം ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന സി പി എം ചിന്താഗതിയെ കോണ്‍ഗ്രസും കുറ്റപ്പെടുത്താനിടയില്ല, പ്രത്യകിച്ച് ഇന്നതെ രാഷ്ട്രീയ സാഹചര്യത്തില്‍ .

ഏതായാലും സമാധാനവും സൌഹാര്‍ദ്ദവും പുലരുവാന്‍ സഹായിച്ചെക്കാവുന്ന ഏതൊരു തീരുമാനവും സ്വീകരിക്കപ്പെടെണ്ടതാണ്. അതേ സമയം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും അഭിപ്രായങ്ങളും മുന്‍കാല അനുഭവങ്ങളും നന്നായി വിലയിരുത്തി വേണം ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ANEESHB INDIANEWS24

One Response to വാസുവിനും കൂട്ടര്‍ക്കും ‘നമോ’വാകം ചൊല്ലുമ്പോള്‍

  1. jayaprakash Reply

    January 27, 2014 at 10:35 AM

    നന്നാകാന്‍ അവസരം ലഭിച്ചാല്‍ നന്നാകാന്‍ ഇടയുള്ള ജീവനാണ് മനുഷ്യ ജീവന്‍.ബുദ്ധിയും വകതിരുവും തന്നെ കാരണം.സി പി എമ്മില്‍ വരുന്നവര്‍ ആരായാലും അതിന്റെ അച്ചടക്കവും നിയമങ്ങളും പാലിക്കണം.ഇല്ലാത്തവര്‍ എത്ര വലിയ ok ആണെങ്കിലും ആ പാര്‍ട്ടിയില്‍ കാണില്ല.ഓ കെ അശോകനും കൂട്ടരും വെട്ടിയെടുക്കാന്‍ നോക്കിയ വരലറ്റ കൈകള്‍ കൊണ്ടാണ് സ:പി ജയരാജന്‍ ഹസ്തദാനം നല്‍കിയത് എന്ന കാര്യം ആരും മറക്കരുത്.

Leave a Reply