728-pixel-x-90-2-learn
728-pixel-x-90
<< >>

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും , വായിച്ചില്ലെങ്കിൽ വളയും

വിക്കിപീഡിയ വായനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍വചനം ഇപ്രകാരമാണ് :

ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന. ” വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും , വായിച്ചില്ലെങ്കിൽ വളയും ” എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിത പ്രസിദ്ധമാണ്…വിക്കിപീഡിയ തുടരുന്നു….

വായനയുടെ പുതിയ മുഖമാണ് അടുത്തിടെ തിരുവനന്തപുരത്ത് കണ്ടത്. ഒരു നവ സമര മുറ എന്ന നിലയ്ക്കാണ് വായന വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയത്. വായന മരിക്കുന്നു എന്ന വിലാപത്തിന് ഒരു പരിധി വരെ “ശമനം” ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.

എല്ലാ വിപ്ലവങ്ങളുടെയും കളിത്തൊട്ടില്‍ എന്നും കലാലയങ്ങളാണ് എന്നാണല്ലോ പറയാറുള്ളത്. ഇക്കുറി തിരുവനന്തപുരത്തെ കാര്യവട്ടം സര്‍വ്വകലാശാല കാമ്പസാണ് ഒരു പുതു വിപ്ലവത്തിന് വേദിയായത്.

വായനാ സമയം കൂട്ടിക്കിട്ടണം എന്ന ആവശ്യമുന്നയിച്ചാണ് കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. സാധാരണഗതിയില്‍ ആറു മണിക്ക് ലൈബ്രറി പൂട്ടുന്നതായിരുന്നു കാര്യവട്ടത്തെ പതിവ്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് നന്നേ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കീഴ്വഴക്കമായിരുന്നു, പ്രത്യകിച്ചു ഗവേഷ വിദ്യാര്‍ഥികള്‍ക്ക്. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.

പക്ഷെ അവര്‍ സ്വീകരിച്ച സമര മുറയാണ്‌ ശ്രദ്ധേയമായത്. സാധാരണ എല്ലാ വിദ്യര്‍ത്ഥി സമരങ്ങളും അക്രാമാസക്തമാകുന്നത് പതിവായ ഇക്കാലത്ത് വ്യത്യസ്തമായ ഒരു മുറയാണ്‌ കാര്യവട്ടത്തെ കുട്ടികള്‍ പയറ്റിയത് – രാപ്പകല്‍ വായനാ സമരം. ഈ സമരം അടിച്ചമര്‍ത്താന്‍ എല്ലാവിധ മാര്‍ഗങ്ങളും സര്‍വ്വകലാശാല അധികൃതര്‍ പ്രയോഗിച്ചെങ്കിലും വിലപ്പോയില്ല. സമരത്തില്‍ പങ്കെടുത്ത – വായന ആയുധമാക്കിയ - വിദ്യാര്‍ത്ഥികളെ പോലീസിനെക്കൊണ്ട് അറസ്റ്റ്ചെയ്തു നീക്കുക വരെയുണ്ടായി. പക്ഷെ, സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴേക്കും വന്‍പിച്ച ജനപിന്തുണ നേടിയെടുക്കുകയും  വിജയത്തിലെത്തുകയും ചെയ്തു. തീര്‍ത്തും നിരുപാധികമായി  സര്‍വ്വകലാശാല അധികാരികള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

തുടര്‍ന്ന്‍ കാര്യവട്ടം കാമ്പസ് ലൈബ്രറിയുടെ പ്രവര്‍ത്തന സമയം രാത്രി 12 മണിവരെ യാക്കാന്‍ വൈസ് ചാന്‍സലറുടെ ചേംബറില്‍ നടന്നചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്ന് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ നടന്നുവന്ന രാപ്പകല്‍ വായനസമരം പിന്‍വലിച്ചു. മാര്‍ച്ച് 31 മുതലാണ് സമയം ദീര്‍ഘിപ്പിക്കുന്നത്. ഇതിനോടകം ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നു സര്‍വ്വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.  പെണ്‍കുട്ടികള്‍ക്ക് രാത്രി എട്ടുവരെ ലൈബ്രറി ഉപയോഗിക്കാന്‍ കഴിയുംവിധം ഹോസ്റ്റല്‍ സമയം ക്രമീകരിക്കും. നിലവില്‍ ആറരയ്ക്കകം ഹോസ്റ്റലില്‍ എത്തണമെന്നാണ് വ്യവസ്ഥ. ഇത് 8.10 വരെയാക്കുവാനും തീരുമാനമായി. ലൈബ്രറിയില്‍ നിന്ന് പെണ്‍കുട്ടികളെ ഹോസ്റ്റലിലെത്തിക്കാന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തുവാനും തീരുമാനിക്കുകയുണ്ടായി. ഏഴുദിവസം നീണ്ട സമരം പിന്‍വലിച്ചത്.

സൃഷ്ടി പരമായ ഒരു സമരമാര്‍ഗം അവലംബിച്ച കാര്യവട്ടത്തെ വിദ്യാര്‍ഥികള്‍ ലോകത്തിനു  തന്നെ മാതൃകയായി മാറുകയാണ്.

വാല്‍ക്കഷണം : രാപ്പകല്‍ വായനാ സമരത്തിന്‍റെ ഭാഗമായി ആദ്യമായി പുസ്തകം കൈയിലെടുത്ത ചിലര്‍ ഇപ്പോള്‍ പുസ്തകമില്ലാതെ ഉറങ്ങുവാന്‍ സാധിക്കാത്ത നിലയിലായതായി അറിയുന്നു. അല്ലെങ്കില്‍ തന്നെ , പുസ്തക വായനയുടെ വിസ്മയലോകത്ത് നിന്ന് ആര്‍ക്കാണ് തിരികെ വരാന്‍ കഴിയുക ?

SANU INDIA NEWS

 

Leave a Reply