728-pixel-x-90-2-learn
728-pixel-x-90
<< >>

വാതുവെപ്പ് കേസ്:ശ്രീശാന്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.കേസില്‍ നേരത്തെ കുറ്റവിമുക്തരെന്ന് കണ്ടെത്തി ശ്രീശാന്ത് അടക്കമുള്ളവരെ വിചാരണാ കോടതി വെറുതെ വിട്ടിരുന്നു.ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ ഹര്‍ജിയിലാണ് ബുധനാഴ്ച്ച കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിട്ടുള്ള ശ്രീശാന്ത്,അജിത്ത് ചാന്ദില, അങ്കിത് ചവാന്‍ എന്നവരുള്‍പ്പെടെ 36 പേര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.2013ല്‍ ഐ പി എല്‍ ആറാം സീസണിലെ മത്സരങ്ങളില്‍ നടന്ന വാതുവെപ്പുകളില്‍ ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നായിരുന്നു കേസ്.ഇക്കഴിഞ്ഞ ജൂലൈ 25നാണ് ശ്രീശാന്ത് അടക്കമുള്ളവരെ കോടതി കുറ്റവിമുക്തനാക്കിയത്.

ഡല്‍ഹി പോലീസിന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസില്‍ തുടര്‍വാദം ഡിസംബര്‍ 16ന് ആരംഭിക്കും.അതിന് മുമ്പായി വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണാ നടപടിക്ക് തെളിവുകള്‍ കണക്കിലെടുത്തില്ലെന്ന് ഡല്‍ഹി പോലീസ് പറയുന്നു.വിചാരണ കോടതിയിലെ രേഖകള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മകോക പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ അന്വേഷണ സംഖത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിചാരണ കോടതിയുടെ നിരീക്ഷണം.

INDIANEWS24.COM NEWDELHI

Leave a Reply