728-pixel-x-90-2-learn
728-pixel-x-90
<< >>

വര്‍ക്കല ടൂറിസ്റ്റ് ഹൈവേയില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാന്‍ ഒരു അനധികൃത തട്ടുകട

വര്‍ക്കല: പുത്തന്‍ചന്ത പോസ്റ്റ് ഓഫീസിനു സമീപം വര്‍ക്കല കല്ലമ്പലം റോഡില്‍ ദിവാനിയ ഫര്‍ണീഷിംഗിനു എതിര്‍വശത്താണു റോഡിനു തൊട്ടരികിലായി ഒരു തട്ടുകട പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ അനധികൃതമായി നിര്‍മ്മിക്കപ്പെട്ടതെന്നു ബോധ്യമാകുന്ന കടമുറിക്ക് അനുബന്ധമായാണ് റോഡിലെ കാല്‍നടപ്പാത കൈയ്യേറി ടാര്‍ റോഡില്‍ നിന്നും കേവലം രണ്ട് അടി ദൂരത്തിലായി ഈ തട്ടുകട പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാഹനത്തിരക്കേറിയ ടൂറിസ്റ്റ് ഹൈവേയില്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും വിഘാതമായാണ് അപകടകരമാംവിധം ഈ തട്ടുകട നിലകൊള്ളുന്നത്. ഉച്ചയ്ക്ക് 2.30 നു പ്രവര്‍ത്തനമാരംഭിച്ച് പാതിരാവോളം പ്രവര്‍ത്തിക്കുന്ന ഈ തട്ടുകട സന്ധ്യ കഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമാണ്.
തട്ടുകയുടെ സമീപത്തു താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കടന്നാക്രമണമുണ്ടായതിനെ തുടര്‍ന്നു ഗൃഹനാഥന്‍ തട്ടുകട ജീവനക്കാര്‍ക്കും ഉടമസ്ഥര്‍ക്കുമെതിരെ വര്‍ക്കല പോലീസ് സ്‌റ്റേഷനിലും നഗരസഭയിലും പരാതിനല്‍കിയിരിക്കുകയാണ്. തട്ടുകടയില്‍ വൈകുന്നേരം മുതല്‍ മദ്യം വിളമ്പുന്നതായി സംശയിക്കുന്നതായി പരിസരവാസികള്‍ പറയുന്നു. എല്ലാദിവസവും ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും തട്ടുകടയുടെ പരിസരത്ത് കാണാറുണ്ടെന്ന് പരിസരവാസിയായ വീട്ടമ്മ പറഞ്ഞു.ബന്ധപ്പെട്ട കൌണ്‍സിലര്‍ക്കും മറ്റും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല എന്ന് സമീപവാസി പറഞ്ഞു.തട്ടുകടയില്‍ നിന്നും റോഡിലേക്കും തൊട്ടടുത്ത കടയുടെ സമീപത്തേയ്ക്കും കാനയിലേയ്ക്കും ഒഴുക്കിവിടുന്ന മലിന ജലവും മറ്റും ദുര്‍ഗ്ഗന്ധം വമിപ്പിക്കുന്നതിനൊപ്പം പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നു.
ഒറ്റനോട്ടത്തില്‍ തന്നെ വെളിപ്പെടുന്ന ഈ നഗ്നമായ നിയമലംഘനം അധികാരികളുടെ മൂക്കിനു താഴെ നടമാടിയിട്ടും ഇതുവരെ ഒരിടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നത് ആശ്ചര്യ ജനകമാണ്. ഏതായാലും വര്‍ക്കല എം എല്‍  എയ്ക്കു പരാതി നല്‍കുവാനൊരുങ്ങുകയാണ് പരിസരവാസികള്‍. അധികാരികളുടെ കണ്ണ് താമസംവിനാ തുറക്കുമെന്നും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുന്ന ഈ തട്ടുകടയ്ക്ക് ഉടന്‍ താഴ് വീഴുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
INDIANEWS24 VARKALA

Leave a Reply