728-pixel-x-90-2-learn
728-pixel-x-90
<< >>

വമ്പന്‍ ടൂര്‍പാക്കേജുകളൊന്നും കേരളത്തിലേക്ക് എത്തുന്നില്ല;ബുക്കിങ്ങുകള്‍ റദ്ദാക്കപ്പെടുന്നു

തിരുവനന്തപുരം:കേരളത്തിലെ വിനോദ സഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഫറന്‍സ്, ടൂര്‍ പാക്കേജ് എന്നിവ കൂട്ടത്തോടെ റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്.അമ്പതോളം ബുക്കിങ് ഇതിനോടകം റദ്ദാക്കികഴിഞ്ഞു.സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ പ്രതിഫലനമാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.

കേരളത്തിലേക്ക് വരുമാനം ഒഴുകുന്ന വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടി നേരിടുന്ന വസ്തുതകള്‍ ഇനിയുമുണ്ട്.വിദേശത്തുള്ള ടൂര്‍ പാക്കേജ് കമ്പനികളൊന്നും കേരളത്തിലെ ബിഗ് ബ്രാന്‍ഡ് ഹോട്ടലുകളുമായി പുതിയ കരാര്‍ ഒപ്പിടുന്നില്ല.സംസ്ഥാനത്ത് 35 ശതമാനത്തോളം കണ്‍വെന്‍ഷന്‍ ടൂറിസമാണ് നടക്കുന്നത്‌.വന്‍ കോര്‍പ്പറേറ്റുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നടത്തുന്ന മീറ്റിങ്ങുകള്‍,പരിശീലനങ്ങള്‍ എന്നിവയോടനുബന്ധിച്ചുള്ളവയെയാണ് കണ്‍വെന്‍ഷന്‍ ടൂറിസമായി കണക്കാക്കുന്നത്.ഇത്തരത്തില്‍ ഇവിടെയെത്തേണ്ട പലരും ബിയര്‍,വൈന്‍ തുടങ്ങിയവ ഇല്ലെന്നറിയുമ്പോള്‍ വരാന്‍ മടിക്കുകയാണ്.മിക്കവാറും മീറ്റിങ്ങുകളെല്ലാം വാരാന്ത്യത്തിലാകും.ഈ സാഹചര്യത്തില്‍ ഞായറാഴ്ച്ച ഡ്രൈഡേ ആക്കിയതും തിരിച്ചടിയായിട്ടുണ്ട്.

കേരളത്തില്‍ പ്രതിവര്‍ഷം 25000 കോടി രൂപയുടെ വരുമാനമാണ് ടൂറിസത്തിലൂടെ ലഭിക്കുന്നത്.ഇതില്‍ 5500 കോടിയും വിദേശ ടൂറിസ്റ്റുകളില്‍ നിന്നും ലഭിക്കുന്നതാണ്‌.ഇരുപത് ലക്ഷത്തിലേറെ ആളുകള്‍ ടൂറിസത്തിലൂടെ ഉപജീവനം നടത്തിപ്പോകുന്നു.കേരളത്തിലുള്ള 20 ഓളം ബിഗ്ബ്രാന്‍ഡ് ഹോട്ടലുകളില്‍ ഇത്തവണ ബുക്കിങ്ങുകളൊന്നും വന്നിട്ടില്ല.സാധാരണ ടൂറിസം സീസണ്‍ തുടങ്ങുന്ന സെപ്തംബര്‍ മാസത്തില്‍ തന്നെ ബുക്കിങ്ങുകള്‍ വന്നു തുടങ്ങേണ്ടതാണ്.വിദേശത്തുള്ള ഹോട്ടലുകള്‍ ഇവരുമായി കരാറിലേര്‍പ്പെടുന്നതും പതിവാണെങ്കിലും ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ടി എം നജീബ് പറഞ്ഞു.കേരളത്തിലേക്ക് വരേണ്ട പാക്കേജുകള്‍ ബംഗളുരു,ഗോവ,ശ്രീലങ്ക,എന്നിവടങ്ങളിലേക്ക് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
മദ്യനയം ടൂറിസം മേഖലയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ വന്നിരുന്നു.കേരളത്തിലെ ബാര്‍ വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ ബി ബി സി അടക്കമുള്ള ആഗോള മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചതും ഇതിനുള്ള വലിയ തെളിവായി കണക്കാക്കാവുന്നതാണ്.എന്നാല്‍ മദ്യനയം ഏതെങ്കിലും തരത്തില്‍ ടൂറിസം മേഖലയെ ബാധിക്കുമോയെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വകുപ്പ് അധികൃതരുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല.

INDIANEWS24.COM TVPM

Leave a Reply