jio 800x100
jio 800x100
728-pixel-x-90
<< >>

വന്‍കിട ഡാമുകള്‍ ഒന്നും ഉടനടി തുറക്കില്ല,ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല

കൊച്ചി:കേരളത്തിൽ കനത്ത മഴയെത്തുതുടര്‍ന്നു വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. എന്നാൽ, കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള വ്യാജപ്രചാരണം പൂർണമായും തെറ്റാണെന്ന് കെഎസ്ഇബി അറിയിച്ചു.വ്യാജപ്രചരണങ്ങളില്‍ ജനങ്ങള്‍  പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നത്.

ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിൽ എല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയുടെ സംഭരണശേഷിയുടെ മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകളെല്ലാം തുറന്നുവിട്ടു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണം.

ഇടുക്കിയില്‍  കല്ലാർകുട്ടി ഡാമിലെ മൂന്ന് ഷട്ടറുകളും, പാംബ്ല ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം എന്നിവ മാത്രമാണ് ഇടുക്കിയിൽ തുറന്നിട്ടുള്ളത്. ഇടുക്കി ഡാമിൽ അപകടകരമാം വിധം ജലനിരപ്പുയർന്നിട്ടില്ല. ഉടനടി തുറക്കേണ്ട സാഹചര്യമില്ല. ജലനിരപ്പിൽ പ്രതീക്ഷിച്ച വർദ്ധന ഉണ്ടാകാത്തതിനാൽ പൊന്മുടി ഡാം തുറക്കുന്നത്‌ മാറ്റിവച്ചു.

പത്തനംതിട്ടയിലെ മണിയാർ ഡാമിന്‍റെ അഞ്ചു ഷട്ടറുകൾ തുറന്നതോടെ പമ്പയിൽ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. എന്നാൽ ജില്ലയിൽ ഉച്ചക്ക് ശേഷം വലിയ മഴയുടെ ശക്തി കുറഞ്ഞു. വലിയ അണക്കെട്ടായ കക്കി ആനത്തോടിന്‍റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.സെക്കന്‍റിൽ 200 ക്യുമെക്സ് എന്ന തോതിൽ വെള്ളം പമ്പയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് എത്തിയ മൂഴിയാർ തുറന്നേക്കുമെന്നതിനാൽ കക്കട്ടാർ, പമ്പാ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരി – കക്കി അണക്കെട്ടിൽ ഇപ്പോൾ 29 ശതമാനമാണ് വെള്ളമുള്ളത്. അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയാലും കക്കി ആനത്തോടിന്‍റെ ഷട്ടർ തുറക്കേണ്ടിവരില്ലെന്നാണ് വൈദ്യുതി ബോർഡ് അറിയിക്കുന്നത്. എന്നാൽ കൊച്ചുപമ്പയിൽ സംഭരണശേഷിയുടെ 49 ശതമാനം വെള്ളമായി.

എറണാകുളത്ത് ഭൂതത്താൻകെട്ട്  തടയണയും നേര്യമംഗലം ഡാമും മാത്രമാണ് എറണാകുളത്ത് തുറന്നിട്ടുള്ളത്. വൻ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത എറണാകുളത്ത്  കുറവാണ്.

നാല് ഡാമുകളാണ് പാലക്കാട് ജില്ലയിൽ തുറന്നിരിക്കുന്നത്. മംഗലം ഡാം, കാഞ്ഞിരപ്പുഴ ഡാം, ശിരുവാണി ഡാം, വാളയാർ ഡാം. വെള്ളിയാങ്കല്ല് റഗുലേറ്ററും തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഉടനെ തുറക്കില്ല. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടർന്നാൽ പരിശോധന നടത്തിയ ശേഷമേ തുറക്കൂ. സ്ഥലത്തെ ജാഗ്രതാ നിർദേശം താൽക്കാലികമായി പിൻവലിച്ചു. മലമ്പുഴ തുറക്കുകയാണെങ്കിൽ പാലക്കാട് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ തവണത്തേതിന് വിപരീതമായി ഇത്തവണ മലമ്പുഴ തുറക്കാതെ തന്നെ പാലക്കാട് നഗരത്തിൽ വൻ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

കാരാപ്പുഴ ഡാം മാത്രമാണ് നിലവിൽ വയനാട്ടിൽ തുറന്നിരിക്കുന്നത്. ബാണാസുര സാഗർ ഡാം ശനിയാഴ്ച തുറക്കാനാണ് സാധ്യത. ശനിയാഴ്ച രാവിലെ ഏഴരയോടെ, അണക്കെട്ടിന് തൊട്ടടുത്തുള്ള എല്ലാവരോടും ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

തൃശ്ശൂർ ജില്ലയിൽ മൂന്ന് ഡാമുകളാണ് തുറന്നിരിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. അസുരൻകുണ്ട്, പൂമല ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.കണ്ണൂർ ജില്ലയിൽ പഴശ്ശി (തടയണ) മാത്രമാണ് തുറന്നിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ കക്കയം ഡാമും, കുറ്റ്യാടി ഡാമും മാത്രമാണ് തുറന്നിട്ടുള്ളത്. എന്നാൽ ഈ രണ്ട് ഡാമുകൾ തുറന്നത് തന്നെ പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തിയത്. കുറ്റ്യാടി പുഴയുടെ തീരത്ത്, താഴ്ന്ന പ്രദേശത്തുള്ള, ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

നിലവില്‍ വന്‍ ഡാമുകള്‍ ഒന്നും തന്നെ തുറക്കേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ ഭീതിജനകമായ സാഹചര്യം ഒന്നും കേരളത്തില്‍ നില നില്‍ക്കുന്നില്ല.പക്ഷെ കനത്ത മഴയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകളുമാണ് ഭയപ്പെടേണ്ടത്.പക്ഷെ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കേരളം സുസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.പക്ഷെ ജനങ്ങള്‍ കഴിഞ്ഞ കാല പ്രളയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൂടുതല്‍ സുരക്ഷിത സാഹചര്യങ്ങളിലേക്ക് മാറിത്താമാസിച്ചു ജീവഹാനി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

INDIANEWS24 KOCHI DESK

Leave a Reply