728-pixel-x-90-2-learn
728-pixel-x-90
<< >>

വനശോഭയുള്ള കാവ്യചന്ദ്രന്‍ മാഞ്ഞു പോയിട്ട് ഒരു വര്‍ഷം

‘എന്തു നീ നേടീ ചോദിക്കുന്നൂ നക്ഷത്രങ്ങള്‍

എല്ലാം കൊടുത്തു ഞാന്‍ നേടീ കണ്ണുനീര്‍ത്തുള്ളി’

അന്തരിച്ച കവി ഡി. വിനയചന്ദ്രന്റെ ഇഷ്ടവരികള്‍ . മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ‘വിളിക്കൊണ്ട’ കവിതകള്‍ സമ്പാദിച്ച് ‘കര്‍പ്പൂരമഴ’ എന്ന തലക്കെട്ടില്‍ പ്രസാധനം ചെയ്യാന്‍ ഡി.സി കിഴക്കേമുറിയെ ഏല്‍പിക്കുമ്പോള്‍ വിനയചന്ദ്രന്‍ ആവശ്യപ്പെട്ടതിപ്രകാരം.
”ഇതിന്റെ റോയല്‍റ്റി കാശായിട്ടു വേണ്ട. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ മലയാളം ഗവേഷണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കുഞ്ഞിരാമന്‍ നായര്‍ നടന്നുതീര്‍ത്ത വഴികളിലൂടെ നടക്കാന്‍ ചെലവാക്കിയാല്‍ മതി.” അന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ‘സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്’ മലയാളം വിഭാഗം തലവനായിരിക്കെ ഏറ്റെടുത്ത പ്രോജക്ടുകളില്‍ ഒന്നായിരുന്നു ‘കര്‍പ്പൂര മഴ’യുടേത്.
ഇത് വിനയചന്ദ്രന്‍ മാഷിന്റെ സ്വഭാവങ്ങളുടെ മൊത്തം പ്രതിഫലനം കൂടിയാകുന്നു. വിനയചന്ദ്രന്‍ എന്നും ‘സഞ്ചാരി’ ആയിരുന്നു. വിഭവങ്ങളൊരുക്കാത്ത ‘പാഥേയ’ങ്ങളുമായി വഴിനടന്ന ഒരാള്‍ . മലയാള കവിതയില്‍ ഉള്ളൂര്‍-വള്ളത്തോള്‍ കാലഘട്ടത്തിനു ശേഷം കവിതയെ ചൊല്‍ക്കാഴ്ചകളിലൂടെ, ആസ്വാദക മനസ്സിലേക്ക് അക്ഷരക്കൂട്ടുകളെ വിത്തുകളാക്കി എറിഞ്ഞ ഒരാള്‍ . സ്ഥിരം സത്രങ്ങള്‍ വിനയചന്ദ്രന്‍ മാഷിന് ഉണ്ടായിരുന്നില്ല.
മലയാള കവിതയില്‍ സുഗത-വിഷ്ണുനാരായണന്‍ പ്രതാപ കാലത്തിന്നിപ്പുറം കടമ്മനിട്ടയും ചുള്ളിക്കാടും ഉയര്‍ത്തിയ ‘ചൊല്‍ക്കാഴ്ചകളിലും കാവ്യ സന്ധ്യകളിലും വിനയചന്ദ്രന്‍ മാഷിന്റെ കാവ്യാവിഷ്‌കാരങ്ങള്‍ ഒറ്റപ്പെട്ടുനിന്നു.
 അമ്മേ, പിന്‍വിളി വിളിക്കാതെ 
 മുടിനാരു കൊണ്ടെന്റെ കഴലു കെട്ടാതെ…
 ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘മാപ്പു സാക്ഷി’യിലെ ഈ ഉജ്ജ്വല വരികളുള്‍ക്കൊള്ളുന്ന കവിത വിനയചന്ദ്രന്റെ ‘യാത്രാപ്പാട്ടി’ല്‍ നിന്നുരുത്തിരിഞ്ഞതാണ്.
മലയാള കവിതയ്ക്കു വനശോഭ നല്‍കിയ ഈ കവി പ്രപഞ്ചതാളത്തെ, പ്രകൃതിതാളത്തെ കവിതയുടെ ആന്തരസംഗീതമായി കൊണ്ടാടിയ കവി കൂടിയാണ്. കവിതയുടെ ജൈവമണ്ഡലം കേരളീയതയുടെ ക്ഷേത്രബലമുപയോഗിച്ചു വികസിപ്പിക്കാന്‍ ശ്രമിച്ച കവി എന്ന നിലയില്‍ ഡി. വിനയചന്ദ്രന്റെ കവിതകള്‍ കൂടുതല്‍ പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. സഞ്ചാരിയായ കവിയായിരുന്നു വിനയചന്ദ്രന്‍. സമസ്തകേരളവും തന്റെയും തന്റെ കവിതകളുടെയും വിലാസപരിധിയാണെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു.
കടപ്പാട്:പ്രബോധനം ബ്ലോഗ്‌

 

 

Leave a Reply