ന്യയോര്‍ക്ക്:യു എസിന്റെ വടക്ക്കിഴക്കന്‍ ഭാഗങ്ങളില്‍ അതിശൈത്യം കനത്തത് മൂലം ഒരു ദിവസം കൊണ്ട് മാത്രം മരിച്ചത് ഏഴ് പേര്.പ്രദേശത്ത് മൂന്നടിയോളം ഉയരത്തില്‍ മഞ്ഞ് കൂടിക്കിടന്ന് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.ന്യൂഹാംപ്ഷയറിലും മികിഗാനിലും അതിശൈത്യം ആളുകളുടെ മരണത്തിനിടയാക്കുന്നുണ്ട്.ശൈത്യം കനക്കാന്‍ തുടങ്ങിയതോടെ ന്യൂയോര്‍ക്കില്‍ മരണമടയുന്നവരുടെ എണ്ണം ഇരുപതിലേറെയായി.
ബഫലോ നഗരത്തെയും അതിശൈത്യം കാര്യമായി ബാധിച്ചിട്ടുണ്ട്.ഇവിടെ അഞ്ചടിയോളം ഉയരത്തിലാണ് മഞ്ഞ് കട്ടപിടിച്ചിരിക്കുന്നത്.ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ ഇതിനെ ചരിത്ര പരമായ സംഭവമായാണ് വിശേഷിപ്പിക്കുന്നത്.യു എസിലെ പല ഭാഗത്തും ഇത്തരത്തില്‍ ശൈത്യം കടുക്കുന്നത് ഗതാഗത സംവിധാനത്തെ പാടെ തകിടംമറിച്ചിരിക്കുകയാണ്.ബഫലോ നഗരത്തില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര ദിവസത്തോളമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശൈത്യം കനത്ത് പാരമ്യത്തിലെത്തി നില്ക്കുന്ന യു എസിലെ പല ഭാഗങ്ങളിലെയും അടുത്തടുത്ത വീടുകള്‍ പോലും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.ഇവിടങ്ങളിലെ സ്കൂളുകള്‍ വരെ തുറന്നു പ്രവര്ത്തിക്കാനാകാതായി.യു എസിലെ കാലാവസ്ഥാ അധികൃതരുടെ കണക്ക് പ്രകാരം ചില സ്ഥലങ്ങളില്‍ ആറടി ഉയരത്തില്‍ വരെ മഞ്ഞ് കൂടിക്കിടക്കുന്നുണ്ട്.സ്റ്റേഡിയങ്ങള്‍ വരെ മഞ്ഞില്‍ മൂടിക്കിടക്കുന്നതിനാല്‍ പല മത്സരങ്ങളും മാറ്റിവെക്കേണ്ടിവന്നു.ബുധനാഴ്ച്ചയോടെ ന്യൂയോര്‍ക്ക് ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
INDIANEWS24 NEWYORK