മുംബൈ: ടി സി എസ് എന്ന ത്രയാക്ഷരിക്ക് നൂറു ബില്ല്യന്‍ തിളക്കം. റ്റാറ്റാ കൺസൾട്ടൻസി സർവീസസ് എന്ന ടിസിഎസ് നൂറു ബില്യൺ ഡോളർ (10,000 കോടി ഡോളർ) ക്ലബ്ബിൽ അംഗമായി മാറുന്ന രണ്ടാമത്തെ ഇന്ത്യൻ കന്പനിയായി ചരിത്രം കുറിച്ചു.ഇതോടെ ഐടി സേവനമേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയായ ടിസിഎസിന്റെ ഓഹരികളുടെ വിപണിമൂല്യം ഇന്നലെ 10,000 കോടി ഡോളർ അഥവാ 6.6 ലക്ഷം കോടി രൂപ കടന്നു. ടി സി എസ്സിനെ കൂടാതെ 63 കമ്പനികള്‍ മാത്രമെ ഈ മൂല്യം ആര്‍ജ്ജിച്ചിട്ടുള്ളൂ. 2007 ഒക്ടോബർ 18നു റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിമൂല്യം 10,000 കോടി ഡോളറിനു മുകളിലായിരുന്നു. പക്ഷേ, അന്നു ഡോളർ വില 39.59 രൂപയായിരുന്നു. ഇപ്പോൾ 66.48 രൂപയും.എന്നാല്‍ റിലയൻസിന്റെ വിപണിമൂല്യം ഒരു ദിനം പോലും നീണ്ടു നിന്നില്ല.4,787 കോടി ഡോളർ മൂല്യമുള്ള ആപ്പിൾ ആണ് ഇപ്പോൾ ലോകത്തെ ഏറ്റവും വിലയേറിയ കമ്പനി. ആൽഫബെറ്റ് (ഗൂഗിൾ), ആമസോൺ, മൈക്രോസോഫ്റ്റ്, ബെർക്ഷയർ ഹാഥ്വേ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ബെർക്ഷയറിന്റെ മൂല്യം 48,500 കോടി ഡോളർ.
1968ൽ ജെ ആർഡി ടാറ്റ സാരഥിയായിരുന്നപ്പോൾ ടാറ്റാ സൺസ് ആരംഭിച്ച കംപ്യൂട്ടർ ഡിവിഷനാണു ടിസിഎസ് ആയി പരിണമിച്ചത്.3.95 ലക്ഷം ജീവനക്കാരുള്ള ടിസിഎസ് 46 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. എഫ്.സി. കോഹ്ലിയാണു രണ്ടു ദശകത്തിലേറെക്കാലം ടിസിഎസിനെ നയിച്ച് ഒരു മികച്ച ഐടി സർവീസ്കമ്പനിയാക്കിയത്. രത്തൻ ടാറ്റയാണു ടാറ്റാ സൺസിന്റെ ഈ ഉപവിഭാഗത്തെ സ്വതന്ത്ര കന്പനിയാക്കിയതും പിന്നീട് ലിസ്റ്റ് ചെയ്തതും. ഇപ്പോൾ ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും മൂല്യമുള്ള ഈ കന്പനി പഴയ പടക്കുതിരകളായ ടാറ്റാ സ്റ്റീലിനെയും ടാറ്റാ മോട്ടോഴ്സിനെയും ബഹുദൂരം പിന്നിലാക്കി. ഗ്രൂപ്പിന്റെ ലാഭവിഹിതത്തിൽ 70 ശതമാനവും ടിസിഎസിൽനിന്നാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടിസിഎസ് 2004 ഓഗസ്റ്റ് 25നാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത്. 47,232 കോടി രൂപയായിരുന്നു ലിസ്റ്റ് ചെയ്ത ദിവസത്തെ മൊത്തം മൂല്യം. 14 വർഷംകൊണ്ട് മൂല്യം 14 മടങ്ങായി മാറി.ഇന്ത്യയിലെ വലിയ ഐടി കമ്പനികളിൽ ഏറ്റവും വലിയ നേട്ടം നിക്ഷേപകർക്കു നല്‍കിയിട്ടുള്ള ടിസിഎസ് ആണ്. വാർഷികാദായം 22.4 ശതമാനം. ഇൻഫോസിസ് 17 ശതമാനവും വിപ്രോ 11 ശതമാനവും എച്ച്സിഎൽ ടെക്നോളജീസ് 21 ശതമാനവുമാണു നല്കിയ വാർഷികാദായം.തൃശൂർ സ്വദേശി രാജേഷ് ഗോപിനാഥ് എന്ന നാല്‍പ്പത്തിയേഴുകാരനാണ് ടി സി എസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും.
INDIANEWS24 BUSINESS DESK