728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകസിനിമയുടെ തിരശീല ഡിസംബര്‍ 6 ന് നിവരും :കിം കി ഡ്യുക്കും എത്തും

തിരുവനന്തപുരം : ലോകസിനിമയുടെ തിരശീല നിവർത്തി  പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ആറിന് തിരുവനന്തപുരത്ത് തുടക്കമാകും. ഡിസംബർ 6 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന മേളയിൽ പതിനാറ് വിഭാഗങ്ങളിലായി 211 ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് വിരുന്നായെത്തും. പന്ത്രണ്ട് വേദികളിലായാണ് പ്രദർശനങ്ങൾ നടക്കുക.വിദേശത്തു നിന്ന് എഴുപത് പേരുൾപ്പടേ നൂറ്റി ഇരുപതോളം പ്രശസ്ത സിനിമാപ്രവർത്തകർ മേളയിൽ അതിഥികളായെത്തും.

ഡിസംബർ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മേളയ്ക്ക് തിരികൊളുത്തും. പ്രശസ്ത ബോളിവുഡ് നടി ശബാന ആസ്മി മുഖ്യാതിഥി ആയിരിക്കും. മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരുടെ സാന്നിധ്യം ഉൽഘാടന ചടങ്ങിനു മിഴിവേകും.

സമൂഹത്തിൽ നിന്നു ഭ്രഷ്ടരാക്കപ്പെടുന്നവരുടെ കഥ പറയുന്ന ഇസ്രായേലി സംവിധായകൻ അമോസ് ഗിതായിയുടെ “അന അറേബ്യ”യാണ് ഉൽഘാടന ചിത്രം. പ്രശസ്ത ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡ്യുക്ക് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. കിം കി ഡ്യുക്കിന്റെ പുതിയ ചിത്രമായ മോബിയസ് മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒൻപതിനായിരത്തോളം പ്രതിനിധികളാണ് ഇത്തവണ  ലോക ചലച്ചിത്രോൽസവം ആസ്വദിക്കാനായെത്തുന്നത്.

മേളയുടെ വിശേഷങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ 1200 ഓളം മാധ്യമപ്രവർത്തകരും മേളയ്ക്കെത്തുന്നുണ്ട്.  മെക്സിക്കൻ സംവിധായകനായ ആർതുറോ റിപ്സ്റ്റെയിനാണ് മെളയിലെ മൽസര വിഭാഗത്തിന്റെ ജൂറി ചെയ്ർമാൻ പതിന്നാല് ചിത്രങ്ങളാണ് മേളയിൽ മികച്ച ചിത്രമാകാൻ മൽസരിക്കുന്നത്. മലയാളത്തിൽ നിന്ന് 101 ചോദ്യങ്ങൾ, കളിയച്ഛൻ എന്നീ ചിത്രങ്ങൾ മൽസരവിഭാഗത്തിലുണ്ട്.മേളയിലെ മികച്ച ചിത്രത്തിനു സുവർണ്ണ ചകോരവും പതിനഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മികച്ച സംവിധായകന് രജത ചകോരവും നാല്  ലക്ഷം രൂപയും, മികച്ച നവാഗത ചിത്രത്തിന് മൂന്നു ലക്ഷം രൂപയും രജത ചകോരവും സമ്മാനമായി ലഭിക്കും.

മൽസര ചിത്രങ്ങൾ കൂടാതെ വിവിധ വിഭാഗങ്ങളിലായി വിസ്മയിപ്പിക്കുന്ന  ലോക സിനിമാക്കാഴ്ച്ചകൾ ആസ്വാദകരിലേക്കെത്തും. പുതിയ ഏഷ്യൻ സിനിമകളെ പ്രധിനിധീകരിക്കുന്ന ന്യൂ ഏഷ്യൻ  സിനിമാ വിഭാഗം,സമകാലീന നൈജീരിയന്‍ ജീവിതം ആവിഷ്കരിച്ച ഏഴു ചിത്രങ്ങളുമായി കൺട്രി ഫോക്കസ് വിഭാഗം, ജപ്പാൻ ആയോധനകലകളെക്കുറിച്ചുള്ള സാമുറായ് ഫിലിംസ്, ലാറ്റിനമേരിക്കൻ സമാന്തരസിനിമകൾക്കായി സ്ട്രീറ്റ് ഫിലിം മേക്കിങ്ങ് ഫ്രം ലാറ്റിനമേരിക്ക,  അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ ചിത്രങ്ങളുൾപ്പെടുന്ന ടോപ്പ് ആങ്കിൾ ഇൻഡ്യൻ സിനിമ, ഇൻഡ്യൻ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, ജൂറി വിഭാഗം, തുടങ്ങിയവയ്ക്ക് പുറമേ പുറമേ ഇൻഡ്യൻ സിനിമയുടെ നൂറാം വാർഷികം ആഘോഷിക്കാൻ ഒരിജിനൽ ഗ്ലോറി- ഇൻഡ്യൻ സിനിമയുടെ നൂറ് വർഷങ്ങൾ എന്ന പ്രത്യേക വിഭാഗവുമുണ്ട്.സിനിമകൾ കൂടാതെ പ്രദർശനങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ തുടങ്ങിയവയുംമേളയുടെ ഭാഗമാകും.

RANJITH INDIA NEWS

Leave a Reply