728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകം കാതോര്‍ക്കുന്നു:വാതിലുകളെല്ലാമടച്ച് സിസ്റ്റീന്‍ ചാപ്പല്‍

വത്തിക്കാന്‍ സിറ്റി •  അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള സിസ്റ്റീന്‍ ചാപ്പലില്‍ ജാഗരണത്തിന്‍റെ മണി  മുഴങ്ങി. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ  ചരിത്രമുള്ള  ആഗോള കത്തോലിക്കാ സഭ  പത്രോസിന്‍റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തുടങ്ങി.
ചരിത്രപ്രസിദ്ധമായ സിസ്റ്റീന്‍ ചാപ്പലില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. പ്രധാന സ്ഥലങ്ങളിലെല്ലാം മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. മൈക്കലാഞ്ചലോ വരച്ച, ചാപ്പലിലെ പ്രശസ്തമായ ക്രിസ്തുവിന്‍റെ അന്ത്യവിധി ചിത്രത്തിനു സമീപവും മൊബൈല്‍ ജാമര്‍ ഘടിപ്പിച്ചിട്ടുണ്ട്. ചാപ്പലിനുള്ളിലെ ഈര്‍പ്പം നിയന്ത്രിക്കാന്‍ സ്ഥാപിച്ചിരുന്ന ജാലകങ്ങള്‍ പോലും നീക്കം ചെയ്തു. വിവരം ചോര്‍ത്താന്‍ ഇവിടെ ഉപകരണങ്ങള്‍ ഒളിപ്പിക്കുമോ എന്ന ആശങ്കയിലാണിത്.

മൈക്കലാഞ്ചലോയുടെ ചിത്രങ്ങളടക്കം, ലോകപ്രസിദ്ധമായ കലാസൃഷ്ടികളുടെ സമ്മേളനമാണ് സിസ്റ്റീന്‍ ചാപ്പലിന്‍റെ പ്രധാന ആകര്‍ഷണം. വത്തിക്കാനിലെത്തുന്നവരുടെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളിലൊന്നാണിത്.  ദിവസം ശരാശരി 20,000 സന്ദര്‍ശകര്‍ എത്തുന്നുവെന്നാണു കണക്ക്.  കോണ്‍ക്ലേവ് പ്രമാണിച്ചു ചാപ്പലില്‍ സന്ദര്‍ശകവിലക്കുണ്ട്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്കും അത്യാവശ്യം സഹായികള്‍ക്കും മാത്രമാണ് ഇപ്പോള്‍ അവിടെ പ്രവേശനാനുമതി. ചാപ്പലിന്‍റെ ശില്‍പചാതുരിക്കു പിന്നിലെ പ്രചോദമായിരുന്ന സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പയുടെ ഒാര്‍മയ്ക്കാണ് സിസ്റ്റീന്‍ ചാപ്പല്‍ എന്നു നാമകരണം ചെയ്തത്. കോണ്‍ക്ലേവിനായി ഇൗ ചാപ്പല്‍ ഉപയോഗിച്ചു തുടങ്ങിയത് അദ്ദേഹത്തിന്‍റെ മരണശേഷം 1484 മുതലാണ്.

Leave a Reply