728-pixel-x-90-2-learn
728-pixel-x-90
<< >>

ലൂണിയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

ഓട്ടവ: കനേഡിയന്‍ ഡോളറിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. അമേരിക്കന്‍ ഡോളറുമായുള്ള താരതമ്യത്തില്‍ കനേഡിയന്‍ ഡോളറിന്റെ മൂല്യം തിങ്കളാഴ്ച 0.71 സെന്റ്‌ കൂടി ഇടിഞ്ഞു. ഇതോടെ ഒരു കനേഡിയന്‍ ഡോളറിന്റെ മൂല്യം 83.56 അമേരിക്കന്‍ സെന്റ്‌ ആയി. 2009 ഏപ്രിലിനു ശേഷം കനേഡിയന്‍ ഡോളര്‍ ഇത്ര താഴോട്ട് പോകുന്നത് ആദ്യമാണ്.

ക്രൂഡ് ഓയിലിന്‍റെ വിലയിടിവാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. വരുംദിവസങ്ങളില്‍ കനേഡിയന്‍ ഡോളര്‍ കൂടുതല്‍ ഇടിവ് നേരിട്ടേക്കുമെന്നും അവര്‍ പറയുന്നു.

അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് കാനഡ ഡോളറിന്റെ വില ഇടിയുന്നത് കനേഡിയന്‍ വ്യവസായമേഖലയ്ക്ക് ഗുണകരമാകുമെന്ന് ഒരു വിഭാഗം സാമ്പത്തികശാസ്ത്രജ്ഞര്‍ പറയുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉള്ള കമ്പനികള്‍ മുതല്‍മുടക്കും പുതിയ തൊഴിലാളിനിയമനങ്ങളും കുറയ്ക്കുമെങ്കിലും കിഴക്കന്‍, മധ്യകാനഡയിലെ കമ്പനികള്‍ കൂടുതല്‍ മുതല്‍മുടക്കിന് തയ്യാറെടുക്കുകയാണെന്ന് ബാങ്ക് ഓഫ് കാനഡയുടെ സര്‍വേ പറയുന്നു. അമേരിക്കന്‍ സാമ്പത്തികമേഖല മെച്ചപ്പെടുന്നത് യുഎസ് കമ്പോളം ലക്ഷ്യമിടുന്ന കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന് സര്‍വേ പറയുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയുമ്പോള്‍ മറ്റ് സാധനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പണം മുടക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുന്നതും കമ്പോളത്തെ സജീവമാക്കും.

Leave a Reply