728-pixel-x-90-2-learn
728-pixel-x-90
<< >>

ലിഗയ്ക്ക് ആദരമര്‍പ്പിച്ചു കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സ്‌നേഹസംഗമം

തിരുവനന്തപുരം:തന്റെ സഹോദരിയോടുള്ള  സ്‌നേഹവും കരുതലുമാണ് ഇവിടെ  കൂടിയിട്ടുള്ള മനുഷ്യരുടെയാകെ മുഖങ്ങളിൽ താൻ കാണുന്നതെന്ന് കോവളത്ത് മരണപ്പെട്ട  ലാത്വിയൻ  യുവതി ലിഗയുടെ സഹോദരി ഇലീസ.ചെറുതോ വലുതോ ആയ സഹായങ്ങൾ എല്ലാവരും ചെയ്തു. അതിന് എല്ലാവരോടും നന്ദിയും സ്‌നേഹവും കടപ്പാടും ഉണ്ട്. കോവളത്ത് മരണപ്പെട്ട  ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കൊണ്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്‌നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഇലീസ.

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന്  മന്ത്രി  കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.നിശാഗന്ധിയുടെ ഇതേ വരെയുള്ള ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചില സാമൂഹ്യ വിരുദ്ധരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊല ചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന് തല കുനിച്ച് നില്‌ക്കേണ്ടി വന്നു  മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ  ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. എന്തായാലും വ്യക്തമായ തെളിവുകളോടെ  കുറ്റവാളികളെ പിടികൂടാൻ നമുക്ക് കഴിഞ്ഞു.  ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

സഹോദരിയുടെ മൃതദേഹം ജന്മനാട്ടിലേക്ക്  കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും സർക്കാർ വാഗ്ദാനം ചെയ്തിരുന്നതാണ്.  എന്നാൽ ചിതാഭസ്മവുമായി നാട്ടിലേക്ക് മടങ്ങാനുള്ള  ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചത്. അതു പ്രകാരമാണ് ശാന്തി കവാടത്തിൽ ദഹിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതേപോലൊരു ദുരനുഭവം ആവർത്തിക്കില്ലെന്ന് നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാമെന്ന് പറഞ്ഞു കൊണ്ടാണ്  മന്ത്രി സംസാരം അവസാനിപ്പിച്ചത്.പാശ്ചാത്യ നാടുകളിലെ കുടുംബ ബന്ധങ്ങൾ ഇഴയടുപ്പം കുറഞ്ഞതാണെന്ന ധാരണയെ മരണപ്പെട്ട യുവതിയുടെ സഹോദരി ഇലീസ തിരുത്തി. ഇലീസയുടെ സഹോദരീ സ്‌നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു.liga memory

ടൂറിസം ഡയറക്റ്റർ ശ്രീ.പി.ബാലകിരൺ,ലാത്വിയൻ റിപ്പബ്ലിക്ക് കോൺസുലർ അന്ന വോൾട്ടറെ, മരണപ്പെട്ട യുവതിയുടെ  ഭർത്താവ് ആൻഡ്രൂ , ടൂറിസം സെക്രട്ടറി ശ്രീമതി. റാണി ജോർജ്ജ് ഇ.എം.നജീബ്, ചന്ദ്രമോഹൻ, സുനിത്, ശ്രീദേവി പിള്ള  എന്നിവർ സംസാരിച്ചു.മരണപ്പെട്ട യുവതിയുടെ സ്മരണക്കായി  മന്ത്രിയും  സഹോദരി ഇലീസയും ഭർത്താവ് ആൻഡ്രൂവും ചേർന്ന് നിശാഗന്ധിക്കു മുന്നിൽ ഇലഞ്ഞിമരം നട്ടു. ചടങ്ങിനെത്തിയവർ മരണപ്പെട്ട യുവതിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുകയും മെഴുകുതിരികൾ കൊളുത്തുകയും ചെയ്തു. മരണപ്പെട്ട യുവതിക്ക് സംഗീതം വളരെയേറെ ഇഷ്ടമായിരുന്നു. ചടങ്ങിന് ശേഷം  പ്രശസ്ത സംഗീതജ്ഞരായ നവീൻ ഗന്ധർവ്, റോജോ ആന്റണി ആദരസൂചകമായി സംഗീതഅർച്ചനയും അർപ്പിച്ചു.

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply