തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ എസ്.എന്‍.സി ലാവ്ലിന് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കം ഏഴ് പ്രതികളെ പ്രതിപ്പട്ടികയില്‍ ഒഴിവാക്കി. പിണറായിയും മറ്റുള്ളവരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്, എ.ഫ്രാന്‍സീസ്, പി.എ സിദ്ധാര്‍ഥ മേനോന്, കെ.ജി രാജശേഖരന്, ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് കുറ്റവിമുക്തരായ മറ്റുള്ളവര്‍. സിപിഐ എം ഉള്‍പ്പാര്‍ട്ടി വിഷയങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തില്തന്നെയും ഏറെ നിര്‍ണായകമാണ് ഈ വിധി.
ഫലത്തില്‍ ലാവലിന്‍ കേസ് ഇതോടെ അവസാനിച്ചെന്നു പറയാം. ആറാം പ്രതി ലാവ്ലിന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലും ഒമ്പതാം പ്രതി എസ്.എന്‍.സി ലാവ്ലിന് കമ്പനിയും മാത്രമാണ് ഇനി കേസില്‍ അവശേഷിക്കുന്നത്. അത് മറ്റൊരു കേസായാണ് പരിഗണിക്കുക.
പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കുറ്റപത്രം നിലനില്‍ക്കുന്നതെല്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജി ആര്.രഘു വ്യക്തമാക്കി.
കേസില്‍നിന്ന് ഒഴിവാക്കാന്‍ പിണറായി ഉന്നയിച്ച വാദങ്ങള്‍ പൊള്ളയാണെന്നായിരുന്നു സി.ബി.ഐ. പ്രോസിക്യൂഷന്റെ വാദം. ലാവ്ലിന് കമ്പനിയുമായി 1996 ഫെബ്രുവരിയില്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറാക്കി മാറ്റിയതു പിണറായി വിജയന് വൈദ്യുതിമന്ത്രിയായ ശേഷമാണെന്നും ഇതിനു മുന്നോടിയായി 1996 ഒക്ടോബറില്‍ പിണറായിയുടെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ചതു സാങ്കേതികവിദഗ്ധരെ കൂട്ടാതെയായിരുന്നെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തിലുണ്ടാക്കിയ ധാരണപ്രകാരമാണു സപ്ലൈ കരാര്‍ ഒപ്പിട്ടത്. ഇതു സര്‍ക്കാരിന്റെയോ വൈദ്യുതി ബോര്‍ഡിന്റെയോ അനുമതി ഇല്ലാതെയായിരുന്നു. അതിന്റെ ഉത്തരവാദിത്തം വൈദ്യുതിമന്ത്രിയായിരുന്ന പിണറായിക്കും ഊര്ജസെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രനുമാണെന്നും സി.ബി.ഐ. വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
പാര്‍ലമെണ്ടറി രാഷ്ട്രീയത്തിലേക്ക് പിണറായിയുടെ തിരിച്ചുവരവിന് വഴിയോരുക്കുന്നതാണ് വിധി. അഴിമതിക്കേസില്‍ പ്രതികളായവര്‍ അധികാരസ്ഥാനങ്ങളില്‍ വേണ്ടെന്നതാണ് സിപിഐ എം നിലപാട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക പിണറായി ആയിരിക്കുമെന്ന് ഈ വിധിയോടെ ഏറെക്കുറെ ഉറപ്പായി.