728-pixel-x-90-2-learn
728-pixel-x-90
<< >>

ലാലു പ്രസാദിന് അഞ്ച് വര്‍ഷം കഠിന തടവ് :

റാഞ്ചി :കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് പ്രത്യേക സി ബി ഐ കോടതി അഞ്ചു വര്‍ഷം കഠിനതടവും 25 ലക്ഷം രൂപ പിഴയും ഇന്നലെ ശിക്ഷ വിധിച്ചു. സുരക്ഷാകാരണങ്ങളാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രവസ് കുമാര്‍ സിങിന്റെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷമോ അതിലേറെയോ ശിക്ഷിക്കപ്പെടുന്ന എം പിമാരും എം എല്‍ എമാരും ഉടന്‍ അയോഗ്യരാക്കപ്പെടുമെന്നുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറുപത്തിയഞ്ചുകാരനായ ലാലുവിന് എം പി സ്ഥാനം നഷ്ടമാകും. പുറമെ ആറുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യും.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭാംഗവുമായ റഷീദ് മസൂദിനെ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം നാലു വര്‍ഷത്തെ തടവിന് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചതോടെ അദ്ദേഹത്തിന് ് രാജ്യസഭാംഗത്വം നഷ്ടമായിരുന്നു.
ഉയര്‍ന്ന കോടതി ശിക്ഷ സ്റ്റേ ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സുപ്രിംകോതിവിധി ലാലുവിനും ആര്‍ ജെ ഡിക്കും പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്.  കേസില്‍ മറ്റ് 44 പേരോടൊപ്പം കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലു റാഞ്ചി ബിര്‍സ മുദ്ര സെന്‍ട്രല്‍ ജയിലിലാണ്.
നിയമത്തിന് കീഴ്‌പ്പെട്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരനായ തന്റെ കക്ഷിയോട് ദയാപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. പ്രായമുള്ള ആളാണെന്നും പല രോഗങ്ങള്‍ ഉണ്ടെന്നും കനിവുണ്ടാകണമെന്നും വക്കീല്‍ പറഞ്ഞു. മറിച്ച്, ഇത്തരം കേസുകള്‍ക്ക് മാതൃകയാകത്തക്കവിധം കടുത്തശിക്ഷ നല്‍കണമെന്ന് സി ബി ഐ അഭിഭാഷകന്‍ വാദിച്ചു.
ചൈബാസ ട്രഷറിയില്‍ നിന്ന് പതിനേഴ് വര്‍ഷം മുമ്പ് അനധികൃതമായി 37.7 കോടിരൂപ പിന്‍വലിച്ചതാണ് കേസിനാസ്പദമായ സംഭവം. കേസില്‍ 56 പ്രതികളാണ്. എന്നാല്‍ വിചാരണക്കിടയില്‍ ഏഴ് പ്രതികള്‍ മരിച്ചു. രണ്ടുപേര്‍ മാപ്പുസാക്ഷികളായി. ഒരാള്‍ കുറ്റം സമ്മതിച്ചു. മറ്റൊരാള്‍ കുറ്റവിമുക്തനായി.
ജഡ്ജ് പി കെ സിങ് ജൂലൈ 15ന് കേസ് വിധിപറയാന്‍ നിശ്ചയിച്ചിരുന്നതാണ്. ശേഷിച്ച 45 പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്  ലാലു ജാര്‍ഖണ്ഡ് ഹൈക്കോടതിയെയും പിന്നീട് സുപ്രിംകോടതിയെയും സമീപിച്ചു. എന്നാല്‍ രണ്ടു കോടതികളും ലാലുവിന്റെ ഹര്‍ജി തള്ളുകയും സി ബി ഐ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Leave a Reply