jio 800x100
jio 800x100
728-pixel-x-90
<< >>

ലണ്ടന്‍ ബ്രിഡ്ജില്‍ വില്‍ക്കാനുണ്ടോ സ്വപ്നങ്ങള്‍

പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2013. പൃഥ്വിയുടെ പോലീസ് വേഷങ്ങളും സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ വിജയം നേടിയിരുന്നു. ഈ ചിത്രങ്ങളിലെല്ലാം പൃഥ്വി സങ്കീര്‍ണ്ണമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. എല്ലാ വേഷങ്ങളും  പൃഥ്വിയുടെ യഥാര്‍ത്ഥ പ്രായത്തെക്കാള്‍ പ്രായമേറിയതുമായിരുന്നു.ഇനി വരാനിക്കുന്ന സെവെന്‍ത് ഡേ എന്ന ചിത്രത്തില്‍ നാല്‍പ്പതു വയസിലേറെയുള്ള കഥാപാത്രമാണ്.London-Bridge-Movie-Stills-4

ഒരു പക്ഷെ ഇതില്‍ നിന്നൊക്കെ ഒന്ന് റിഫ്രഷ് ചെയ്യാന്‍ സ്വീകരിച്ചത് പോലുണ്ട് ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമയിലെ വിജയ് ദാസ് എന്ന കഥാപാത്രം. പൃഥ്വി തന്‍റെ വേഷം ഭംഗിയാക്കി. പക്ഷെ പാത്ര സൃഷ്ടിയിലെ പാളിച്ചകള്‍ ചിത്രത്തെ പ്രേക്ഷകരില്‍ നിന്നുമകറ്റുകയാണ്. മുകേഷ്, പ്രതാപ് പോത്തന്‍,ലെന തുടങ്ങിയവ മികച്ച നടീ നടന്മാരുണ്ടായിട്ടും ചിത്രം പ്രേക്ഷകനുമായി സംവദിക്കുന്നില്ല. പലപ്പോഴും അസ്വാഭാവികമായ പേരുമാറ്റങ്ങളിലൂടെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും യുക്തിരാഹിത്യത്തിലെക്ക് വഴുതി വീഴുന്നു. ആന്ദ്രിയ ജെറമിയയുടെ പ്രകടനവും നിറം മങ്ങിയതായി.

ഒരു ഫീല്‍ ഗുഡ് സിനിമയായിരുന്നിരിക്കണം സംവിധായകന്‍  ലക്ഷ്യമിട്ടത്. ഹൃദ്യമായ മുഹൂര്‍ത്തങ്ങളും പ്രണയരംഗങ്ങളും ലണ്ടന്‍ ബ്രിഡ്ജിനെ  ഇഷ്ടപ്പെടുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്. പക്ഷെ മികച്ച ഗാനങ്ങളുടെ അഭാവവും ചിത്രത്തിന്‍റെ ഇരുപകുതികളിലേയും മെല്ലെപ്പോക്കും രസം തല്ലിക്കെടുത്തുന്നു.

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന പ്രവാസജീവിത സിനിമയിലെ നായകനായ സുകുമാരനും ലണ്ടന്‍ ബ്രിഡ്ജിലെ പൃഥ്വിരാജ് സുകുമാരനും സമാന സ്വഭാവ സവിശേഷതകള്‍ ഏറെ. ഇരു കഥാപാത്രങ്ങളും കുറച്ചു വില്ലനിസം vilkanundu13കലര്‍ന്നവരും ദാരിദ്ര്യത്തിന്‍റെ ഭൂതകാലം പേറുന്നവരുമാണ്.പണത്തിനും സ്ഥാനലബ്ധിക്കുമായി സ്ത്രീകളെ ഉപയോഗിക്കാന്‍ മടിയില്ലാത്ത ഇവരെ പ്രേമിക്കാന്‍ സ്ത്രീകളും ഏറെ. മുകേഷിന്റെ വേഷം ബഹദൂറിനാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍. പ്രതാപ് പോത്തനെപ്പോലെ സുകുമാരനുമുണ്ട് ഒരു “മുതലാളി” വില്‍ക്കാനുണ്ട് സ്വപ്നനങ്ങളില്‍.ശ്രീവിദ്യ അവതരിപ്പിച്ച നഴ്സിന്‍റെ വേഷം ലണ്ടന്‍ ബ്രിഡ്ജില്‍ നന്ദിത അവതരിപ്പിക്കുന്നു.

പക്ഷെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രം ഇന്നും നാം ഓര്‍മ്മിക്കുന്നതിനും വിലയിരുത്തുന്നതിനും കാരണം എം ടി യുടെ സുഭദ്രവും യുക്തിസഹവുമായ തിരക്കഥ – നവാഗതനായ സംവിധായകന്‍ ആസാദിന്‍റെ മികച്ച അവതരണം-സുകുമാരന്റെ മാസ്റര്‍പീസ്‌ പെര്‍ഫോമന്‍സ്- എന്നീ  ഘടകങ്ങളുടെ പേരിലാണ്.ലണ്ടന്‍ ബ്രിഡ്ജ് പരാജയപ്പെടുന്നത് മിക്കവാറും ഈ ഘടകങ്ങളുടെ പേരിലാണ്.എം ടി ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് തുന്നിയ ഒരു മികച്ച കുപ്പായത്തിനപ്പുറമൊന്നു നിര്‍മ്മിക്കാന്‍ എന്തേ നവതലമുറക്കാര്‍ക്ക് കഴിയുന്നില്ല.

മനസ്സില്‍ കാണുന്ന ഫീല്‍ ഒരു പക്ഷെ തിരക്കഥയില്‍ ഉണ്ടാവണമെന്നില്ല,അഥവാ ഉണ്ടായാല്‍ തന്നെ അത് സിനിമയില്‍ അതേപടി ദൃശ്യവല്‍ക്കരിക്കുവാനോ ഉദ്ദേശിച്ച ഫലം കൊണ്ടുവരാനോ കഴിയണമെന്നില്ല. അതിപ്രശസ്തമായ ഒരു കവിതയോ കഥയോ നല്ല സിനിമയ്ക്കുള്ള ഒരു മെറ്റീരിയല്‍ ആവണമെന്നില്ല. മികച്ച ഒരു സിനിമയുടെ തിരക്കഥാവായന ഒരു പക്ഷെ വായനക്കാരന് അത്ര ഹൃദ്യമാകണമെന്നില്ല.

ജിനു എബ്രഹാമിന്റെ മാസ്റ്റേഴ്സ് എന്ന സിനിമ പരാജയപ്പെട്ടതും ഇവിടെത്തന്നെയാണ്.കാസ്റ്റിംഗ് അതിനു ഒരു കാരണമായി എന്ന് മാത്രം. പക്ഷെ സുപ്രധാന കഥാപാത്രത്തിന്‍റെ ( ശശികുമാര്‍ അവതരിപ്പിച്ച) പാത്രവല്‍ക്കരണവും അയാളുടെ പ്രവൃത്തികളുടെ ന്യായീകരണവുമൊക്കെ യുക്തിസഹമാക്കാന്‍ തിരക്കഥാകൃത്തിനു സാധിച്ചില്ല.

London Bridge Malayalam Movie Storyഅതുപോലെ,പ്രതാപ് പോത്തന്‍റെ നമ്പ്യാര്‍ എന്ന കഥാപാത്രത്തിന്‍റെയും മകളുടെയുമൊന്നും ക്യാരക്ടര്‍ കാഴ്ചക്കാരന് ബോധ്യപ്പെടാതിരുന്നതാണ് ലണ്ടന്‍ ബ്രിഡ്ജ് നേരിട്ട പ്രധാന പ്രശ്നം.ദൃശ്യം പോലുള്ള സിനിമകള്‍ മികവുറ്റതാകുന്നതും പാത്രവല്‍ക്കരണത്തിലെ സൂക്ഷ്മ ശ്രദ്ധ ഒന്ന് കൊണ്ട് മാത്രമാണ്.

ചുരുക്കത്തില്‍ മനസ്സില്‍ കണ്ടത് പേപ്പറില്‍ പകര്‍ത്താന്‍ കഴിയാതെ പോയ ഒരു തിരക്കഥാകൃത്തും കഥാതന്തു മാത്രംകൊണ്ട് സിനിമയെടുക്കാന്‍ ഇറങ്ങിത്തിരിച്ച സംവിധായകനുമാണ്‌ ലണ്ടന്‍ ബ്രിഡ്ജിനു സമാധാനം പറയേണ്ടവര്‍. തിരക്കഥാകൃത്ത് സംവിധായകന്‍റെ മനസും ക്യാമറാമാന്‍ കണ്ണുകളും അഭിനേതാക്കള്‍ മജ്ജയും മാംസവും ആകേണ്ട ഒന്നാണ് സിനിമ.പക്ഷെ ഇവിടെ അത്തരമൊരു ഏകോപനം കാണുന്നേയില്ല.

പൃഥ്വിരാജിന്‍റെ സാറ്റലൈറ്റ് റേറ്റും മുത്തൂറ്റിന്‍റെ ഇന്‍ ഫിലിം മാര്‍ക്കറ്റിംഗ് ( പരസ്യം) സാധ്യതകളും അന്വേഷിക്കുന്നതോടൊപ്പം നല്ല ഒരു സിനിമയ്ക്ക് വേണ്ട ശ്രമം കൂടി ഉണ്ടാകേണ്ടതായിരുന്നു.

കീറി മുറിച്ചുള്ള ഒരു പോസ്റ്റ്മോര്‌ട്ടം ആവശ്യപ്പെടുന്ന തരം സിനിമയല്ല എന്ന പൃഥ്വിയുടെ വാദം അംഗീകരിക്കപ്പെടേണ്ട ഒന്നാണ്. പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ഒരു ലൈറ്റ് മൂവി ആസ്വദിക്കുന്ന മൂഡില്‍ തിയേറ്ററില്‍ എത്തുന്ന ഒരു പ്രേക്ഷകന് ലണ്ടന്‍ നഗര – ഗ്രാമീണ കാഴ്ചകളും COUNTRY SIDE ഡ്രൈവിങ്ങും മുന്തിയ ഇനം കാറുകളും ‘STYLISH & LOVABLE’ ആയ  പൃഥ്വിരാജും ഒക്കെ ഇഷ്ടമാകും എന്ന് തീര്ച്ച. ഇമ്പമുള്ള ഒന്നോ രണ്ടോ പ്രണയ ഗാനങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ചിത്രം ശരാശരിക്ക് മുകളിലെന്നു പ്രേക്ഷകനെക്കൊണ്ട് പറയിച്ചേനെ.

ലണ്ടന്‍ ബ്രിഡ്ജ് കാണുവാന്‍ രണ്ടു കാരണങ്ങള്‍ കൂടിയുണ്ട്. ഒന്ന് ലണ്ടനിലെ ഓണ്‍ലൈന്‍ മഞ്ഞ പ്പത്രക്കാരന്‍ തമ്പിക്കുട്ടിച്ചായന്‍ തന്നെയാണ്. ഏതായാലും കണക്കിന് കിട്ടിയിട്ടുണ്ട് ജീര്‍ണ്ണലിസ്റ്റ് തമ്പിക്കുട്ടിക്ക്. തിരക്കഥാകൃത്തിനും സംവിധായകനും ഇക്കാര്യത്തില്‍ അഭിമാനിക്കാം. ഒപ്പം നല്ല നാല് പൂശ് കൊടുത്ത വകയില്‍ പൃഥ്വിക്കും.London-Bridge Mukesh

രണ്ടാമത്തെ കാരണം സ്കോച്ച് വിസ്ക്കിയാണ്.ഒരു ശരാശരി മലയാളിയുടെ സ്വപ്നപാനീയമായ സ്കോച്ച് വിസ്ക്കി നിര്‍മ്മിക്കുന്ന ഒരു ഡിസ്റ്റി’ലറി വിശദമായി തന്നെ കാണിക്കുന്നുണ്ട് ചിത്രത്തില്‍.

ഏതായാലും വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ തിരക്കില്ലാത്ത ഒരു ദിവസം തിരഞ്ഞെടുക്കാവുന്ന ഒരു മൂവി ചോയ്സുകളിലൊന്നാണ് ലണ്ടന്‍ ബ്രിഡ്ജ്.

SANU INDIANEWS24

Leave a Reply