കൊച്ചി : റിതേഷ് ബത്രയുടെ ദി ലഞ്ച് ബോക്സ് ( The Lunch Box ) നിറയെ ഹൃദയ ദ്രവീകരണത്തിനുള്ള രുചിയേറിയ വിഭവങ്ങളാണ്. മനുഷ്യമനസ് എന്ന പ്രഹേളികയുടെ ചാരുത എന്തെന്ന് അക്ഷരാര്‍ത്ഥത്തില്‍ നമ്മെ അനുഭവിപ്പിക്കുകയാണ് ലഞ്ച് ബോക്സ്. ഒരു പിടി പൊള്ളുന്ന അനുഭവങ്ങളുമായി തിയേറ്ററില്‍ നിന്നും പുറത്തിറങ്ങുന്ന പ്രേക്ഷകനെ വിടാതെ പിന്തുടരുകയാണ് ലഞ്ച് ബോക്സിലെ ഓരോ രംഗങ്ങളും. മാംസനിബദ്ധമല്ല രാഗം ..അനുരാഗം…പ്രണയം … എന്ന് നമുക്ക് പറയാതെ പറഞ്ഞു തരുന്നു ഈ ചിത്രം. Unconditional Love ആണ് ലഞ്ച് ബോക്സ് നിറയെ. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലായി മാറുന്നതും സ്നേഹം കൊണ്ട് തന്നെ ആ വിങ്ങല്‍ അലിഞ്ഞില്ലാതാകുന്നതും അനുഭവിച്ചറിയാം ലഞ്ച് ബോക്സില്‍.
മാറുന്ന ബോളിവുഡ് സിനിമയുടെ ഒരു മകുടോദാഹരണമാണ് കാന്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഈ ചിത്രം. ഇര്ഫാന് ഖാനും നിംറാത്ത് കൌറും ജീവിച്ച (അഭിനയം എന്ന പ്രയോഗം ഒട്ടും ഉചിതമാകില്ല) ഈ ചിത്രത്തില്‍ നവാസുദീന്‍ സിദ്ധിഖും ഏറെ തിളങ്ങി. ഇര്ഫാന് ഖാന് തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വയ്ക്കുന്നത്. നസറുദീന്‍ ഷാ , ഓം പുരി തുടങ്ങിയ മഹാരഥന്മാരുടെ ശ്രേണിയിലേക്ക് തീര്‍ച്ചയായും ഇര്ഫാന് എന്ന പേര് കൂടി നമുക്ക് ചേര്‍ത്ത് വയ്ക്കാം.
മുംബൈ മഹാനഗരത്തിലെ പുകള്‍ പെറ്റ ഡബ്ബാവാലകളുടെ കൂടി കഥയാണിത്. സാജന് ഫെര്‍ണാണ്ടസിന്റെയും ഇളയുടെയും അവിചാരിതവും വിശുദ്ധവുമായ ബന്ധത്തിന്റെ ഈ കഥയിലൂടെ നമ്മുടെ ന്യൂ ജനറേഷന് സിനിമാക്കാര്‍ക്ക് ഏറെ പഠിക്കുവാനുണ്ട്. അതോടൊപ്പം തീര്‍ത്തും സാങ്കേതികം മാത്രമായ ഒരു പ്രക്രിയ അല്ല സിനിമാ നിര്‍മ്മാണം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് യാതൊരു ഗിമ്മിക്സുകളുടെയും പിന്‍ബലമില്ലാതെ തിയേറ്ററുകള്‍ നിറക്കുന്ന ” ലഞ്ച് ബോക്സ്” .
മികച്ച ഡോകുമെന്റ്റികളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട റിതേഷ് ബത്ര എന്ന സംവിധായകനില്‍ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കാം. വാക്കുകളിലൂടെ വിവരിക്കാവുന്നതല്ല ലഞ്ച് ബോക്സ് നല്കുന്ന അനുഭവം. അത് രുചിച്ചു തന്നെ അറിയണം.
SANU / INDIA NEWS