തിരുവനന്തപുരം:ജനക്ഷേമ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചു.വിദ്യാഭ്യാസം,ആരോഗ്യം,അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ വലിയ തോതില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രാപ്യമാകുന്ന പദ്ധതികളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റ്.കിഫ്ബിയിലൂടെ പണം കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യഡാറ്റാബാങ്ക് കൊണ്ടുവരും. മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യനിലയെ കുറിച്ച് വിവരം ശേഖരിക്കും. ചികിത്സാസഹായപദ്ധതികള്‍ തുടരും. ജീവിതശൈലീരോഗങ്ങള്‍ക്ക് സൗജന്യചികിത്സക്ക് സൗകര്യം. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന് നല്‍കും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 10% വിലക്കുറവില്‍ മരുന്ന്. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി അനുവദിക്കും. എല്ലാ ക്ഷേമപെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന. 60 വയസ്സ് പിന്നിട്ട സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ലഭിക്കും. ഇരട്ടപെന്‍ഷന്‍ ഒഴിവാക്കാന്‍ ഏകീകൃതപദ്ധതി കൊണ്ടുവരും. രണ്ടു പെന്ഷന് വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്ഷന് 600 രൂപ മാത്രമാക്കും.
കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക് ഫൈബര്‍ പാതവഴി എല്ലാവര്ക്കും ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.കെ ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിയ്ക്ക് 1000 കോടി രൂപ നീക്കിവെച്ചു. പദ്ധതി നടപ്പാക്കുന്നത് കിഫ്ബി വഴി. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി.
കെഎസ്എഫ്ഇ ഈ വര്‍ഷം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശമലയോര ഹൈവേകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.
INDIANEWS24.COM T V P M