ലക്ഷദ്വീപ്: കൂടുതല്‍ ശക്തിപ്രാപിച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ മണിക്കൂറില്‍ 130ലേറെ കിലോമീറ്റര്‍ വേഗതയില്‍ വീശുന്നതായി റിപ്പോര്‍ട്ട്. ഇവിടേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവച്ചു. കേരള തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്തു നിന്നും പോകേണ്ട രണ്ട് കപ്പലുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും പോവേണ്ട എംവി കവരത്തി, കോഴിക്കോട് നിന്നും പോവേണ്ട എം വി മിനിക്കോയ എന്നീ കപ്പലുകളാണ് റദ്ദാക്കിയത്. സാധ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചതായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.തീരപ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കല്പേനിയില് നിന്ന് മാത്രം 167 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്.
INDIANEWS24.COM Kochi