ന്യൂഡല്‍ഹി: അംഗവൈകല്യമുള്ളവര്‍ക്കായുള്ള റെയില്‍വേയുടെ കണ്സെഷന് ഫോമില്‍ ഇനിമുതല്‍ വികലാംഗര്‍ എന്ന വാക്ക് ഉപയോഗിക്കില്ല. ദിവ്യാംഗ് എന്ന പദമായിരിക്കും പകരം അച്ചടിച്ചിട്ടുണ്ടാകുക. ദൈവത്തിന്റെ ശരീരം എന്നാണ് ഈ വാക്കിനര്‍ത്ഥം.
ശാരീരിക വെല്ലുവിളി നേരിടുന്നവരെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഇത്തരത്തില്‍ വൈകല്യങ്ങള്‍ നേരിടുന്നവരെ സംബോധന ചെയ്യുന്ന മറ്റ് പേരുകളിലും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം അന്ധന് എന്ന വാക്കിന് പകരം കാഴ്ച്ചഹാനി സംഭവിച്ചയാള്‍ എന്നാകും ഉപയോഗിക്കുക. ബദിരനും മൂകനുമായവരെ സംസാരത്തിനും കേള്‍വിക്കും ഹാനി സംഭവിച്ചയാള്‍ എന്നായിരിക്കും സൂചിപ്പിക്കുക. ഫെബ്രുവരി ഒന്നുമുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കാനാണ് തീരുമാനം.
INDIANEWS24.COM NEWDELHI