728-pixel-x-90-2-learn
728-pixel-x-90
<< >>

റിയോ ഒളിംപിക്‌സിന് സമാപനം, ഇനി ടോക്യോയില്‍

റിയോ ഡി ജനീറോ: ദിവസങ്ങള്‍ നീണ്ട ലോക കായിക മാമാങ്കത്തിന് സമാപനം.ഇനി നാല് വര്‍ഷങ്ങള്‍ക്കപ്പുറം ടോക്കിയോയില്‍ അരങ്ങേറുന്ന 32-ാം ഒളിംപിക്‌സിനായി കാത്തിരിക്കാം.

16 ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി അമേരിക്ക ഒന്നാം സ്ഥാനത്തെ ഇക്കുറിയും ആവര്‍ത്തിച്ചു.പെണ്‍കരുത്തില്‍ ഓരോ വെള്ളിയും വെങ്കലവും വീതം നേടിയ ഇന്ത്യയ്ക്ക് 67-ാം സ്ഥാനത്താണ്.പ്രതിഭയുടെ മിന്നല്‍ വേഗത്തില്‍ പ്രഭചൊരിഞ്ഞ എണ്ണംപറഞ്ഞ കായിക താരങ്ങള്‍ ജപ്പാനിലെ ടോക്കിയോയില്‍ അടുത്ത ഒളിംപിക്‌സിന് ഉണ്ടാവില്ലെന്നത് റിയോ പകര്‍ന്നുതരുന്ന സങ്കടങ്ങളില്‍ ചിലതാണ്.വേഗത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തിയ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്,26 സ്വര്‍ണ്ണങ്ങള്‍ നീന്തി നേടിയ മൈക്കല്‍ ഫെല്‍പ്‌സ് എന്നിവര്‍ക്കു പുറമെ ഇന്ത്യയ്ക്ക് ആദ്യമായി വ്യക്തിഗത സര്‍ണ്ണം നേടിത്തന്ന അഭിനവ് ബിന്ദ്ര എന്നിങ്ങനെ കുറേ പേരുടെ അവസാന അങ്കമായിരുന്നു കഴിഞ്ഞുപോയ ഒളിംപിക്‌സ്.ഫുട്‌ബോളിലെ കിരീടം വെക്കാത്ത രാജാക്കന്‍മാരായ ബ്രസീലിന് ആദ്യമായി ഈ ഇനത്തില്‍ ഒരു ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിക്കൊടുത്ത നായകന്‍ നെയ്മറും അടുത്ത ഒളിംപിക്‌സിലെ ബ്രസീല്‍ ടീമിനൊപ്പം ഉണ്ടായേക്കില്ല.ചരിത്രം തിരുത്തിയ നേട്ടത്തിന് തൊട്ടു പിന്നാലെ ഈ താരം നായക പദവിയില്‍ നിന്നും ഒഴിയുകയും ചെയ്തു.

റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങ് ബ്രസീലിന്റെ തനത് കലാരൂപങ്ങളുടെ അവതരണം കൊണ്ട് ശ്രദ്ധേയമായി.അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്കിനെ സാക്ഷിനിര്‍ത്തി റിയോ മേയര്‍ എഡ്വാഡോ പെയ്‌സ് അടുത്ത ഒളിംപിക്‌സ് ആതിഥേയരാകുന്ന ടോക്യോയുടെ മേയര്‍ യൂറിക്കോ കോയിക്കെയ്ക്ക് ഒളിംപിക്‌സ് പതാക ഔദ്യോഗികമായി കൈമാറി.

INDIANEWS24.COM Sports Desk

Leave a Reply