728-pixel-x-90-2-learn
728-pixel-x-90
<< >>

റിയല്‍ എസ്‌റ്റേറ്റ് ചൂഷണങ്ങള്‍ക്കെതിരായ അതോറിറ്റി ശ്രമങ്ങള്‍ ഫലത്തിലേക്ക്‌

മുംബൈ: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടല്‍ ഗുണഫലത്തിലേക്കെത്തി തുടങ്ങി. കഴിഞ്ഞ ദിവസം അതോറിറ്റിയുടെ ആദ്യ ഉത്തരവ് മഹാരാഷ്ട്രയിലെ ഖാര്‍റോഡ് നിവാസിക്ക് ആശ്വാസമേകി. ഫ്‌ളാറ്റ് വാങ്ങാന്‍ മുന്‍കൂറായി നല്‍കിയ പണം മൂന്ന് വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചിരിക്കുകയാണ്. തൊട്ടടുത്ത ദിവസം മറ്റൊരു വീട്ടമ്മയ്ക്ക് കൂടി അനുകൂലമായ ഉത്തരവ് നേടിക്കൊടുക്കാന്‍ അതോറിറ്റിക്ക് സാധിച്ചു.

ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിച്ചത്. റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 2016 പ്രകാരമാണിത്. ഇന്ത്യയിലെ പതിമ്മൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതുവഴി ഈ രംഗത്തെ ചൂഷണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മേയ് ഒന്നിന് മഹാരാഷ്ട്രയില്‍ നിലവില്‍വന്ന അതോറിറ്റിയുടെ അദ്യ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. 2013ല്‍ വിരാര്‍ വെസ്റ്റില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്ത തുകയായ 26.15 ലക്ഷം രൂപ പരാതിക്കാരന് തിരികെ ലഭിക്കുകയായിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മാണം വൈകിയതിനെ തുടര്‍ന്ന് ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് പലതവണ ഫ്‌ളാറ്റ് നിര്‍മാതാവിന്റെ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ അതോറിറ്റി നിലവില്‍ വന്നതോടെ വെബ്‌സൈറ്റുവഴി പരാതി നല്‍കി. മൂന്ന് സിറ്റിംഗ് കഴിഞ്ഞപ്പോഴേക്കും അനുകൂലമായി ഉത്തരവ് വന്നു.

മലാഡിലെ വീട്ടമ്മ റൈസ മുഹമ്മദ് ഇക്ബാല്‍ ആണ് അതോറിറ്റിയുടെ ഇടപെടല്‍ അനുകൂലമായ മറ്റൊരു പരാതിക്കാരി. ഫ്‌ളാറ്റ് നിര്‍മാതാവ് ഒരു വര്‍ഷമായി വില്‍പ്പന കരാര്‍ എഴുതാന്‍ തയ്യാറാവാതെ വന്നതോടെയാണ് പരാതിയുമായി വീട്ടമ്മയെത്തിയത്. ഫഌറ്റിന്റെ വിലയുടെ പത്ത് ശതമാനം നല്‍കിയാല്‍ കരാര്‍ എഴുതാമെന്നാണ് ചട്ടം. ഇവര്‍ കെട്ടിട ഉടമയ്ക്ക് 40 ലക്ഷം രൂപ നല്‍കിയിട്ടും കരാര്‍ എഴുതാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച്ചയ്ക്കകം റൈസയുമായി കരാര്‍ എഴുതണമെന്നാണ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്നത്.

കെട്ടിടനിര്‍മാണ പദ്ധതികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം, ഇവ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വേണം, അതോറിറ്റിയുടെ അനുമതികൂടാതെ പദ്ധതികളെക്കുറിച്ച് പരസ്യംചെയ്യാന്‍ പാടില്ല, ഫഌറ്റുകളുടെ ഗുണനിലവാരവും അതോറിറ്റി ഉറപ്പുവരുത്തുന്നു, ഉടമയ്ക്ക് ഫഌറ്റ് ലഭിച്ചുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ വരുന്ന കേടുപാടുകള്‍ തീര്‍ക്കേണ്ട ബാധ്യത കെട്ടിട നിര്‍മാതാവിനാണ്, ജാതി മതവര്‍ഗാടിസ്ഥാനത്തില്‍ ആര്‍ക്കും ഫഌറ്റുകള്‍ നിഷേധിക്കാന്‍ പാടില്ല- എന്നിങ്ങനെയെല്ലാമാണ് അതോറിറ്റിയുടെ നിബന്ധനകള്‍.

INDIANEWS24.COM Mumbai

Leave a Reply