ന്യൂഡല്‍ഹി: ലോക് സഭയിലേക്ക് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പായി. മണ്ഡലത്തില്‍ മത്സരിക്കാന്‍ നേരത്തേ നിശ്ചയിച്ചിരിക്കുന്ന ടി.സിദ്ദിഖ് രാഹുല്‍ മത്സരിക്കുമെന്ന് രണ്ടാഴ്ച മുന്‍പേ ഊഹാപോഹമുണ്ടായ ഉടനേ പരിപൂര്‍ണ്ണ സന്തോഷത്തോടെ പിന്മാറിയതായി അദ്ദേഹം പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.രാഹുല്‍ അമേത്തിയിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ ആദ്യമായാണ് ഒരു ദേശീയ നേതാവും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഒരാള്‍ കേരളത്തില്‍ മത്സരിക്കുന്നത്.ഡല്‍ഹിയില്‍ ഏ.കെ ആന്റ്ണിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.കേരളത്തില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചപ്പോഴാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വയനാട്ടില്‍ മത്സരിക്കാമോ എന്ന് രാഹുലിനോട് ചോദിച്ചത്. അന്ന് ഉത്തരേന്ത്യയില്‍ നിന്ന് വിട്ട് നില്ക്കാന് പറ്റില്ല എന്ന് രാഹുല്‍ പറഞ്ഞിരുന്നു.പിന്നീട് രണ്ടാഴ്ച വേണ്ടി വന്നു രാഹുലില്‍ മനം മാറ്റമുണ്ടാകാന്‍. കേരളത്തിലെ ഘടകകക്ഷികളും രാഹുലിനെ സ്വാഗതം ചെയ്തിരിക്കുകയാണ്.രണ്ടാഴ്ചയായി കോണ്‍ഗ്രസ് വയനാടിന്റെ കാര്യത്തില്‍ വളരെ അനിശ്ചിതത്വത്തില്‍ ആയിരുന്നു.ഇതിനെതിരെ ലീഗ് നേതൃത്വം കേന്ദ്രത്തിനെ അതൃപ്തി അറിയിച്ചിരുന്നു.
മത്സരം ഇടതുപക്ഷത്തിന് എതിരല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.എന്നാല്‍ രാഹുലിന്റെ നീക്കം ഇടതു പക്ഷത്തിനെതിരാണെന്നും രാഹുലിനെ പരാജയപ്പെടുത്താന്‍ തീവ്രമായി ശ്രമിക്കുമെന്നും സുനീറിന്റെ വിജയം ഉറപ്പാണെന്നും എല്‍ ഡി എഫ് നേതൃത്വം അറിയിച്ചു.ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പ്രധാന കക്ഷി എന്ന നിലയില്‍ നിന്നും ഒഴിവാക്കി പുതിയ മതേതര ബദലിന് ഇടതു പക്ഷം ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു.വയനാട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയെ ചില കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം നടത്തുന്നുണ്ട്.സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.
അതെ സമയം ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ യു ഡി എഫിന്റെ ഇരുപതാമത്തെ സ്ഥാനാര്‍ഥിയായി മുന്‍ കെ പി സി സി പ്രസിഡനറും വട്ടിയൂര്‍ക്കാവ് എം എല്‍ എ യുമായ കെ.മുരളീധരനെ തീരുമാനിച്ചു.ബി ജെ പിയുമായും മറ്റു വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുമായും ഒത്തു കളിച്ചു സി പി എമ്മിനെ പരാജയപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിനു വടകരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഇടതു പക്ഷ സ്ഥാനാര്‍ഥിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എല്‍ ഡി എഫ് നേതൃത്വം പറയുന്നു.
INDIANEWS24 NEW DELHI DESK