728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍, ഈശ്വരനോ ചെകുത്താനോ ?

കേരളത്തിലെ പ്രിയപ്പെട്ട ചാനലുകാരോട്. നിങ്ങള്‍ ചെയ്യുന്നതെല്ലാം ഞങ്ങള്‍ സഹിക്കാം. പി സി ജോര്‍ജിന്‍റെ പുലയാട്ട് തത്സമയം സംപ്രേഷണം ചെയ്തോളൂ. സരിതയുടെ അന്തപ്പുരക്കഥകള്‍ എരിവും പുളിയും ചേര്‍ത്ത് ‘A’ മുന്നറിയിപ്പില്ലാതെ വാരി വിളമ്പിക്കോളൂ. പാവം കോടീശ്വരന്‍മാര്‍ തെക്കുവടക്ക് ഓടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുമ്പോള്‍ നിങ്ങളുടെ ക്യാമറയും കൂടെ ഓടിക്കോട്ടെ. പക്ഷേ, ദയവുചെയ്ത് രാഹുല്‍ ഈശ്വര്‍ എന്ന ഈ നരകജന്മത്തെ മലയാളികളുടെ തലയില്‍ കെട്ടിവെക്കരുത്.

നിങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഞങ്ങളുടേത് ചെറിയൊരു മാധ്യമമാണ്. ഇതൊരു ചെറിയ പംക്തിയും. പക്ഷെ, രാഹുല്‍ ഈശ്വര്‍ എന്ന പേര് ഇതിനകത്ത് ഒരിക്കലും എഴുതാന്‍ ഇടവരരുതേ എന്നായിരുന്നു ആഗ്രഹം.  അനുകൂലിച്ചായാലും എതിര്‍ത്തായാലും ആരെങ്കിലും എഴുതിയാല്‍ അത്രയും പ്രചാരം കിട്ടിയല്ലോ എന്ന് ചിന്തിക്കുന്ന വികടജന്മങ്ങള്‍ക്ക് ഞങ്ങളുടെ തൂലിക പ്രോത്സാഹനമാകരുത് എന്ന വിചാരമായിരുന്നു കാരണം. പക്ഷെ, നിങ്ങള്‍ വീണ്ടുംവീണ്ടും രാഹുല്‍ ഈശ്വര്‍ എന്ന മന്ത്രം ചവച്ചുതുപ്പുമ്പോള്‍ ഞങ്ങള്‍ക്ക് എഴുതാതിരിക്കാന്‍ ആകുന്നില്ല.

രാഷ്ട്രീയത്തിലായാലും മതത്തിലായാലും ഇത്തരം വിദൂഷകവേഷങ്ങള്‍ രംഗത്തെത്തുന്നത് ആരുടെയെങ്കിലും പിന്‍പറ്റിയാകും. പ്രിയപ്പെട്ട ചാനലുകാരെ നിങ്ങള്‍ ഓര്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട്. രാഹുല്‍ ഈശ്വര്‍ എന്ന പേര് കേരളം ആദ്യമായി കേട്ടത് എന്നാണെന്ന്. ശബരിമലയില്‍ ശാന്തിജോലികള്‍ ചെയ്തിരുന്ന മോഹനരര് പെണ്ണുകേസില്‍ കുടുങ്ങിയ കാലം. യഥാര്‍ത്ഥ മേല്‍ശാന്തിയായിരുന്ന മഹേശ്വരര് ന്യൂസ്‌ അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ രാഹുല്‍ ഈശ്വരും ഉണ്ടായിരുന്നു. മഹേശ്വരര്‍ക്ക് ചെവി കേള്‍ക്കത്തില്ലെന്നും സഹായിയായിട്ടാണ് താന്‍ ഇരിക്കുന്നതെന്നായിരുന്നു വിശദീകരണം.

അന്ന് മഹേശ്വരരോട് വാര്‍ത്താവതാരകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തന്ത്രിയെ മൂകസാക്ഷിയാക്കി മറുപടി പറഞ്ഞത് രാഹുലായിരുന്നു. തന്ത്രിയും പെണ്ണുകേസുമൊക്കെ വിസ്മൃതിയില്‍ മറഞ്ഞു. പക്ഷെ, കേരളത്തിലെ ഹിന്ദുസമുദായത്തിന്‍റെ വക്താവായി സ്വയം ചമഞ്ഞ് രാഹുല്‍ അരങ്ങത്ത് തുടര്‍ന്നു. കേരളത്തിലെ ചില ചാനലുകള്‍ അതിനുള്ള അവസരങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ ഒരുക്കിക്കൊടുക്കുകയും ചെയ്തു. രാമജന്മഭൂമി ആയാലും അമൃതമഠത്തിലെ അരുതായ്കകള്‍ ആയാലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയമായാലും ചര്‍ച്ചകളില്‍ രാഹുലിനെ കെട്ടിയെഴുന്നളിച്ച ഈ ചാനല്‍ കോമരങ്ങള്‍ കേരളത്തിന്‍റെ പൊതുസമൂഹത്തോട് ചെയ്ത ക്രൂരത ചെറുതല്ല.

ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഈ പതാകവാഹകന്‍ അശ്ലീലമലീമസമായ ഒരു റിയാലിറ്റി ഷോയിലും അഭിനയിച്ചു. ആ ഷോയുടെ അണിയറയില്‍ നിന്നുള്ള നാറ്റക്കാറ്റ് ചാനലിനു പുറത്തേക്കും വീശിയടിച്ചു. എന്തായാലും കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ആഭാസനിര്‍ഭരമായ ഷോയിലെ ഒന്നാംസ്ഥാനം രാഹുലിന് ‘അര്‍ഹതയ്ക്കുള്ള അംഗീകാര’മായി. ഇതിനു ശേഷവും ഇയാളെ ശിരസിലേറ്റി നടക്കാന്‍ ചാനല്‍ പുംഗവന്മാര്‍ക്ക് ഉളുപ്പുണ്ടയില്ല എന്നതാണ് ലജ്ജാകരം.

കേരളത്തിലെ ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല. അവിടെ ഇന്നോളം നൂറുകണക്കിന് മേല്‍ശാന്തിമാര്‍ ഉണ്ടായിട്ടുണ്ട്. ആ മേല്‍ശാന്തിമാര്‍ക്കൊക്കെ അനേകം ചെറുമക്കളും ഉണ്ടായിരുന്നിട്ടുണ്ടാകും. അവര്‍ക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ്,  എന്ത് വൈഷിഷ്ട്യമാണ് രാഹുലിന് ഉള്ളതെന്ന് പ്രിയപ്പെട്ട ചാനലുകാര്‍ ഒന്ന് പറഞ്ഞുതരുമോ.

ചര്‍ച്ചകളിലും വാര്‍ത്തകളിലും ഇടംപിടിക്കാനായി എത്രയേറെ വിഡ്ഢിത്തവും വിഷവുമാണ് ഇയാള്‍ ഇതിനകം വമിപ്പിച്ചിട്ടുള്ളത്. ചാനലുകള്‍ അനാവശ്യമായി നല്‍കിയ പ്രസക്തിയും പ്രശസ്തിയും രാഹുലിനെ വല്ലാതങ്ങ് മത്തുപിടിപ്പിച്ചിരിക്കുന്നു. തന്‍റെ വാല് വിറയ്ക്കുന്നത്തിനൊപ്പം ലോകം കുലുങ്ങുമെന്ന് വിചാരിക്കുന്ന പക്ഷിയെപ്പോലെ മൂഡസ്വര്‍ഗത്തിലാണ് ഇയാള്‍. അതുകൊണ്ടാണ് ഇന്ത്യയുടെ നയതന്ത്രകാര്യങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം പറയാനുള്ള അപക്വത ഇയാള്‍ കാണിക്കുന്നത്.

പലസ്തീനെതിരെ ഇന്ത്യ ഇസ്രയേലിന് പിന്തുണ നല്‍കണമെന്ന രാഹുലിന്‍റെ പ്രസ്താവനയെ അയാളുടെ അനേകം മണ്ടത്തരങ്ങളില്‍ ഒന്നായി നമുക്ക് എഴുതിത്തള്ളാം. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കുള്ള പ്രസക്തി മാത്രമേ ഈ വിഷയത്തില്‍ രാഹുലിന് ഉള്ളൂ.

പക്ഷേ, ഈ പ്രസ്താവനയിലൂടെ അയാള്‍ പ്രസരിപ്പിക്കുന്ന വര്‍ഗീയവിഷമുണ്ടല്ലോ. അത് കാണാതിരുന്നുകൂടാ. ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ വട്ടമിട്ടു പറക്കുമ്പോള്‍ അത് കണ്ട് ആനന്ദിക്കുന്നവന്‍ പേരില്‍ ഈശ്വരനുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ചെകുത്താനാണ്‌ എന്നതില്‍ തര്‍ക്കമില്ല. കൊല്ലപ്പെടുന്ന പിഞ്ചുകുട്ടികള്‍ അവര്‍ മുസ്ലീങ്ങളാണെങ്കില്‍ കൊലയ്ക്ക് ന്യായീകരണമായി എന്ന് കരുതുന്ന ഇത്തരം രക്തരക്ഷസുകളെ അവജ്ഞയോടെ അകറ്റിനിര്‍ത്താനുള്ള ഔചിത്യം കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ ഇനിയെങ്കിലും കാണിക്കുമോ. നിങ്ങളുടെ തോളിലിരുന്നുകൊണ്ടാണ് ഇത്തരക്കാര്‍ കേരളത്തിന്‍റെ മതേതരമുഖത്ത് നോക്കി കൊഞ്ഞനംകുത്തുന്നത്.

സമസ്തലോകത്തിനും സുഖം ഭവിക്കട്ടെ എന്ന് പാടിയ നാടാണ് ഭാരതം. ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാട്ടാളനെ നോക്കി മ നിഷാദ എന്ന് ഉരചെയ്ത നാട്. ആ സംസ്കാരത്തിന്‍റെ പ്രചാരകനെന്ന് മേനിനടിക്കുന്നവന്‍ പിഞ്ചുചോര കണ്ട് നാവ് നുണയുമ്പോള്‍ കവിവാക്യമാണ് ഓര്‍മയില്‍ വരുന്നത്.

‘ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വരവിലാപം’

Leave a Reply