തിരു :കോണ്‍ഗ്രസ്സിന്റെ കേരള ഘടകത്തില്‍ നിര്‍ണ്ണായക ശക്തിയായ ഉമ്മന്‍ചാണ്ടി പക്ഷം രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന പോരിന് കളമൊരുക്കുന്നു.മുരളീധരന് ഒഴികെയുള്ള വിശാല ഐ ഗ്രൂപ്പിന്റെ പിന്തുണയും ഈ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പക്ഷത്തിനുണ്ട് എന്നാണ് സൂചന.സമീപ കാലത്ത് എ.കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുക എന്നതാണ് ഈ താല്‍ക്കാലിക ഒത്തുചേരലിന് പിന്നിലുള്ള രാഷ്ട്രീയം.
കെ.പി.സി.സി പ്രസിഡണ്ടായി വി.എം സുധീരനെ ഹൈക്കമാന്റ് നിയമിച്ചപ്പോള്‍ മുതല്‍ അത് വരെ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഏറ്റവും ശക്തരായി നിന്നിരുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അപ്രസക്തരായി.ഇരു ഗ്രൂപ്പുകളിലും പെടാതെ നിന്ന മുല്ലപ്പള്ളി രാമചന്ദ്രന്,കെ.മുരളീധരന് തുടങ്ങിയ നേതാക്കള്‍ വി.എം സുധീരന്റെ നിയമനത്തോടെ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുകയും ചെയിതു.
ടി.എച് മുസ്തഫ രാഹുല്‍ ഗാന്ധിയെ ‘ജോക്കര്‍’എന്ന് വിളിച്ച് ആക്ഷേപിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു എങ്കിലും തൊട്ടടുത്ത ദിവസം നടന്ന കെ.പി.സി.സി യോഗത്തില്‍ എ -ഐ വിഭാഗത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നു.കെ.പി.സി.സി യോഗത്തില്‍ ഓരോ നേതാക്കളും നടത്തിയ വിമര്‍ശനങ്ങളുടെ പൂര്‍ണ്ണ രൂപം മാദ്ധ്യമങ്ങളില്‍ വരികയും ചെയ്തു.
ദില്ലിയില്‍ കോണ്‍ഗ്രസിന്റെ മാനേജര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് കേരളത്തിലെ എ-ഐ വിഭാഗങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നത് എന്നാണു രാഷ്ട്രീയ നിരിക്ഷകര്‍ കരുതുന്നുത്.തിരഞ്ഞെടുപ്പ് കഴിഞ്ഞ ആദ്യ ഘട്ടത്തില്‍ രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്ത് വരികയായിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടി.എച് മുസ്തഫ നടത്തിയ ജോക്കര്‍ പരാമര്ശത്തെക്കാള് രൂക്ഷമായ പ്രയോഗങ്ങളാണ് കെ.പി.സി.സി യോഗത്തില്‍ നേതാക്കള്‍ നടത്തിയത്.
‘രാജാവ് നഗ്നനാണെന്നു പറയാനുള്ള ആര്‍ജവം കാണിക്കണം. തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടു തന്നെയാണ്. യുവത്വം രൂപത്തില്‍ മാത്രം പോര, നടപടികളിലും വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ കെ. സുധാകരന്റെ വക വിമര്‍ശനം.
മമ്മൂട്ടി അഭിനയിക്കേണ്ട സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നായിരുന്നു കെ.സി.അബുവിന്റെ വക വിമര്‍ശനം .ഇത് പാര്‍ട്ടിക്ക് നല്ലതല്ലെന്നും അബു പറഞ്ഞു.
ഈ രീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി വരുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. നേതാക്കള്‍ വരുത്തുന്ന വീഴ്ചയുടെ ഭാരം സാധാരണ പ്രവര്‍ത്തകര്‍ പേറേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സിദ്ദിഖ് യോഗത്തില്‍ പറഞ്ഞു
അതെ സമയം എ.കെ ആന്റണി ഇപ്പൊഴും ശക്തമായ പിന്തുണയാണ് രാഹുലിനും സോണിയാ ഗാന്ധിക്കും നല്‍കുന്നത്.രാഹുലിന്റെയും സോണിയയുടെയും നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് ദേശിയ തലത്തില്‍ തിരിച്ച് വരും എന്ന് കഴിഞ്ഞ ദിവസം എ.കെ ആന്റണി പറഞ്ഞിരുന്നു.