728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രീയ ആക്രമണങ്ങള്‍: ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചുവരുത്തി. കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാന നഗരിയിലെ സി പി എം- ബി ജെ പി അക്രമങ്ങള്‍ പെരുകിയതിനൊപ്പം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗവര്‍ണ്ണറുടെ അസാധാരണമായ നടപടി.

രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെത്തിയെന്നാണ് വിവരം. തുടര്‍ന്ന് 12.30ന് ഡിജിപിയും ഗവര്‍ണറെ കണ്ടു. നിയമം ലംഘിക്കുന്നതവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സംസ്ഥാനത്ത് സമാധാന സ്ഥിതി പുനസ്ഥാപിക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും ആര്‍ എസ് എസ് മേധാവിയുമായും സംസാരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തലസ്ഥാനത്ത് ബി ജെ പി ഓഫീസിനുനേരേയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരേയും ഉണ്ടായ ആക്രമണ സംഭവങ്ങളുടെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ശനിയാഴ്ച്ച രാത്രി ശ്രീകാര്യത്ത് ആര്‍ എസ് എസ് കാര്യവാഹക് രാജേഷ്(34) ആക്രമണത്തിനിരയായി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഞായറാഴ്ച്ച ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പെട്ടെന്നുള്ള ഹര്‍ത്താല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് സംസ്ഥാനത്തുടനീളമുള്ള ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്.

രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. രാഷ്ട്രീയപരവും വ്യക്തിപരവുമായ വിരോധമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു.

INDIANEWS24.COM T V P M

Leave a Reply