728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രം 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനം മഴയില്‍ കുതിര്‍ന്നെങ്കിലും ആവേശത്തിനൊട്ടും കുറവു വരാതെ പ്രൗഡ ഗംബീര ചടങ്ങുകളോടെ ഇന്ത്യ അറുപത്തിയാറാം റിപബ്ലിക് ദിനം ആഘോഷിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്ത ആഘോഷപരിപാടികള്‍ രാജ്യത്തിന്റെ കരുത്തും പ്രൗഢിയും വിളിച്ചോതുന്നവയായിരുന്നു.

തിങ്കളാഴ്ച്ച രാവിലെ പത്തോടെ തുടങ്ങിയ ചടങ്ങിനൊപ്പം ചെറിയ ചാറ്റല്‍ മഴയും ഉണ്ടായിരുന്നു.റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാജ്പഥിലെ വേദിയിലേക്കെത്തി.ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.പരേഡ് വീക്ഷിക്കാന്‍ വിശിഷ്ടാതിഥി രാഷ്ട്രപതിക്കൊപ്പം വാഹനത്തിലെത്തണമെന്നാണ് ചട്ടമെങ്കിലും തന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിലാണ് പത്‌നി മിഷേലിനൊപ്പം ഒബാമയെത്തിയത്. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയെ സ്വീകരിച്ചു.

രാജ്പഥിലെ വേദിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി. സമാധാനകാലത്തെ പരമോന്നത സൈനിക ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി നേടിയ രാഷ്ട്രീയ റൈഫിള്‍സിലെ നായിക് നീരജ്കുമാറിനും മേജര്‍ മുകുന്ദ് വരദരാജനും വേണ്ടി ഭാര്യമാര്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. ചരിത്രത്തിലാദ്യമായി എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേക സംഘം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു.13 സൈനിക ബാന്‍ഡുകളാണ് ചടങ്ങിന് കൊഴുപ്പേകിയത്. കര, നാവിക, വ്യോമ സേനകളുടെ ഓരോ ബാന്‍ഡ് വീതവും അര്‍ധസൈനിക വിഭാഗങ്ങളുടെ എട്ടു ബാന്‍ഡുകളും എന്‍സിസി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ബാന്‍ഡും ഒന്നിനു പിന്നാലെ ഒന്നായി അണി നിരന്നു.

അതിശക്തമായ സുരക്ഷയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒരുക്കിയിരുന്നത്. 500ല്‍ അധികം യുഎസ് രഹസ്യ സൈനികരുള്‍പ്പെടെ 50,000ല്‍ അധികം സുരക്ഷാ സൈനിരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

INDIANEWS24 NEWDELHI

Leave a Reply