jio 800x100
jio 800x100
728-pixel-x-90
<< >>

രാമമലീലയുടെയും ഉദാഹരണം സുജാതയുടെയും വിജയം വിരല്‍ചൂണ്ടുന്നത് ?

കൊച്ചി:രാമലീലയ്ക്കും ഉദാഹരണം സുജാതയ്ക്കും വന്‍ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. വ്യക്തികളോടൊത്തല്ല, സിനിമകളോടൊപ്പം നില്‍ക്കുന്നവരാണ് മലയാളികള്‍ എന്ന് തെളിയിക്കുകയാണ് ഈ തിരക്ക്. മുമ്പും നല്ല സിനിമകള്‍ നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. അതിന് അതില്‍ അഭിനയിച്ച നടനോ നടിയോ അതിന്റെ ഭാഗമായ ആരുമോ ഒരു ഘടകമേയല്ല എന്ന് തെളിയിക്കുകയാണ് ഇരു ചിത്രങ്ങളുടെയും വിജയം.അതുകൊണ്ടുതന്നെ ഒരു ചിത്രത്തിന്റെ വിജയം വ്യക്തിപരമായ വിജയമായി കണക്കാക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് അടിവരയിടുന്നു.സിനിമയിലെ നായകനായി എത്തിയ ദിലീപിന്‍റെ വ്യക്തിപരമായ  ഇമേജ് തകര്‍ന്നു തരിപ്പണമായിരിക്കുമ്പോഴും ചിത്രം വിജയം നേടുന്നുവെന്നത് മലയാള സിനിമാ പ്രേക്ഷകന്‍ ചിത്രത്തിന്റെ മേന്മ നോക്കി തിയേറ്ററിലേക്ക് എത്തിതുടങ്ങി എന്നതിന്റെ തെളിവാണ്.പ്രമുഖ താരങ്ങളുടെ സാന്നിധ്യമില്ലാതെ ഒരു പിടി ചിത്രങ്ങള്‍ അടുത്തകാലത്ത് മികച്ച വിജയം നേടിയതും പല പ്രമുഖ താരങ്ങളുടെയും മേന്മ കുറഞ്ഞ ചിത്രങ്ങള്‍ ബോക്സ്‌ഓഫീസില്‍ മൂക്ക് കുത്തി വീണതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്.

ചലച്ചിത്രത്തിനാവശ്യം ആസ്വാദന തികവാണ് എന്ന് സുജാതയും രാമലീലയും കാട്ടിത്തരുന്നു. ചെറുകിട ബജറ്റില്‍ ഒരുക്കിയ ഒരു കൊച്ചു ചിത്രമായ ഉദാഹരണം സുജാതയും വന്‍ ബജറ്റില്‍ മികച്ച ബാനറില്‍ അവതരിപ്പിക്കപ്പെട്ട രാമലീലയെയും ഒരു പോലെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഇതിലൂടെ വ്യക്തമാക്കുന്ന ചില നിലാപാടുകളും ഇവിടെ ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. സിനിമയുടെ ഭാഗമായി ക്യാമറയ്ക്ക്‌ മുന്നിലും പിന്നിലും നില്‍ക്കുന്നവര്‍ അതിന്റെ നിമിത്തം മാത്രം അവരുടെ വ്യക്തിപരമായ ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ചിത്രത്തിന്റെ ആസ്വാദനത്തിനാണ് പ്രേക്ഷകര്‍ മാര്‍ക്കിടുന്നത്. സിനിമ വ്യക്തിയിലധിഷ്ടിതമാണെങ്കില്‍ തന്നെ അതില്‍ ഒരുപരിധിവരെ അവകാശപ്പെടാന്‍ അര്‍ഹതയുള്ളത് സിനിമയുടെ ആത്മാവിനെ സൃഷ്ടിച്ച രചയിതാവും അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ ആവിഷ്‌കിരിച്ച സംവിധായകനുമാണ്. ഇതില്ലെങ്കില്‍ ഒരു സിനിമയ്ക്കും അതിന്റെ തനിമയില്ല. മറ്റെല്ലാം നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാംവണ്ണം എത്തിയാലും ആത്മാവില്ലാത്ത ശരീരം പോലെ സിനിമയും ജീര്‍ണ്ണിക്കും. ആളു കയറാത്ത തിയേറ്ററും സാറ്റലൈറ്റ് റേറ്റും പോയിട്ട് ഒരുവട്ടമെങ്കിലും കണ്ട് മുഴുമിക്കാന്‍ തോന്നാത്ത ഒന്നായി അത് അധപതിക്കും.തെളിവുകളായി സിനിമാവ്യവസായത്തിന്റെ ഭാഗമായി ഇതേ വരെയിറങ്ങിയ ചിത്രങ്ങളുടെ ചരിത്രങ്ങള്‍ എണ്ണിയെണ്ണി പരിശോധിച്ചാല്‍ വ്യക്തമാകും.

സിനമയ്ക്ക് പുറത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരെല്ലാം വ്യക്തികള്‍ മാത്രമാണ്. അവര്‍ക്കിടയില്‍ നടക്കുന്നതിനൊന്നും സിനമയ്ക്ക് പങ്കില്ല. ഇക്കാര്യവും മലയാള സിനിമാചരിത്രം പലവട്ടം കാട്ടിതന്നിട്ടുണ്ട്. തൊണ്ണൂറുകളില്‍ കേരളമാകെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ പീഡനക്കേസില്‍ ചലച്ചിത്ര വ്യവസായത്തിന്റെ അഭിഭാജ്യ ഘടകമായി എണ്ണപ്പെട്ടിരുന  സിനിമാ നടനും ഉള്‍പ്പെട്ടിരുന്നു. ഒന്നര പതിറ്റാണ്ട് ശേഷമാണ് അദ്ദേഹം ആ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. ഈ കാലഘട്ടത്തിലൊന്നും അദ്ദേഹത്തിന്റെ സിനിമകളോട് മലയാളികള്‍ ഘെരാവോ പ്രഖ്യാപിച്ചിരുന്നില്ല. ആ വ്യക്തിയെ സംബന്ധിച്ച കേസിന്റെ കാര്യത്തില്‍ എല്ലാവരും അദ്ദേഹത്തോട്‌ പുറുംതിരിഞ്ഞു നില്‍ക്കുക തന്നെ ചെയ്തു. ആ കാലഘട്ടങ്ങളിലെല്ലാം വെള്ളിത്തിരയില്‍ ആ നടന്‍ ചെയ്ത വേഷങ്ങള്‍ കണ്ട് ചിരിച്ചു രസിച്ചു, കൈയ്യടിച്ചു, ആസ്വദിച്ചു. ഒരു പ്രമുഖ സിനിമാക്കാരന്റെ ജീവിതഭാഗമെന്നോണം എണ്‍പതുകളില്‍ ഒരു സിനിമതന്നെ ഇറങ്ങിയിരുന്നു ‘ലേഖയുടെ മരണം ഒരുഫ്‌ളാഷ് ബാക്ക്‌’. ആ ചിത്രം ആരുടെ നേര്‍ക്കാണ് വില്‍ചൂണ്ടിയതെന്ന് അറിയാത്തവര്‍ ആരുമുണ്ടായില്ല. പക്ഷെ അതിനെ ഒരു പക്ഷം ചേര്‍ന്ന് എതിര്‍ക്കാനും ഘെരാവോ ചെയ്യാനും ആരും നിന്നില്ല, മറിച്ച് അത്  ആസ്വദിക്കുക മാത്രമാണ് ചെയ്തത്.

അങ്ങനെ ഉദാഹരണങ്ങള്‍ നിരത്താവുന്ന സംഭവങ്ങളെ ആസ്പദമാക്കി പല സിനിമകളും വന്നിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ യഥാര്‍ത്ഥ സൃഷ്ട്ടാവ് (തിരക്കഥാകൃത്ത്/സംവിധായകന്‍) എന്ത് ചെയ്തു എന്നതിനാണ് പ്രേക്ഷകന്‍ മാര്‍ക്കിട്ടിട്ടുള്ളത്. അത് ഒരു പക്ഷേ ചരിത്രമായി തങ്കലിപികളില്‍ മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നതായിരിക്കും.കാരണം സിനിമ അത് കാണുന്നവന്റേതാണ്. അതിനാല്‍ തന്നെ സിനിമയുടെ സ്വത്ത് പ്രേക്ഷകന്‍ മാത്രമാണ്.

INDIANEWS MOVIES DESK

Leave a Reply