തിരുവനന്തപുരം: മത്സരവിജയിക്ക് ഓസ്ക്കാറിലെ കഥേതര വിഭാഗത്തിലേക്ക് നേരിട്ട് അവസരമൊരുക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത്് തുടക്കമാകും. കൈരളി തിയറ്ററില്‍ വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന് രാകേഷ് ശര്‍മ്മ മുഖ്യാഥിതിയാകും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അധ്യക്ഷന്‍. ഇതാദ്യമായാണ് ഐ.ഡി.എസ്.എഫ്.എഫ്. കെയുടെ ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ വിജയിക്ക് കഥേതര ചിത്രങ്ങള്‍ക്കുള്ള ഓസ്കാറില്‍ മത്സരിക്കാന്‍ നേരിട്ട് അര്‍ഹത ലഭിക്കുന്നത്. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആനന്ദ് പട് വര്‍ദ്ധനാണ്.
64 മത്സരചിത്രങ്ങള്‍ ഉള്‍പ്പടെ 206 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള നടക്കുക. ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ റഈദ് അന്റോണി അധ്യക്ഷനായ സമിതിയാണ് മത്സരചിത്രങ്ങള്‍ വിലയിരുത്തുന്നത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം ഏന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയിലുണ്ടാകും.
ചൈന, പലസ്തീന്, ജര്‍മനി, അമേരിക്ക സംയുക്ത സംരംഭമായ ‘ഹ്യുമന്‍ ഫ്ളോ’യാണ് ഉദ്ഘാടന ചിത്രം. 23 രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ ജീവിതകാഴ്ചകളാണ് ചിത്രത്തിന്റെപ്രമേയം. സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ ആനന്ദ് പട്വര്‍ദ്ധന്റെ അഞ്ച് ഡോക്യുമെന്ററികളും മൂന്ന് മ്യുസിക് വീഡിയോകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ലൈംഗികതയുടെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന ‘എന്‍ഗേജിങ് വിത്ത് സെക്ഷ്വാലിറ്റി’ എന്ന പ്രത്യേക പാക്കേജ് ഇത്തവണത്തെ മേളയിലുണ്ടാകും. രാജ്യാന്തര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ഇരുപത് ഇറാനിയന്‍ ഹൃസ്വ ചിത്രങ്ങളും, സിനിഫീലിയ എന്ന പ്രത്യേക പാക്കേജും ഇതിനൊപ്പം പ്രദര്‍ശിപ്പിക്കും. പ്രമുഖ ഡോക്യുമെന്ററി സംവിധായിക ഇന്ദിര സെന്നിന്റെ സ്മരണാര്‍ത്ഥം ‘കഥാര്സിസ’ും സാംസ്കാരിക വിമര്‍ശക ലതാ മണിയുടെ അഞ്ചു ചിത്രങ്ങളുമുണ്ടാകും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച ചിത്രങ്ങള്‍ക്കുള്ള സമ്മാനത്തുക ഇത്തവണ ഇരട്ടിയാക്കിയിട്ടുണ്ട്. മികച്ച ലോങ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും ഹൃസ്വ ചിത്രത്തിന് രണ്ടു ലക്ഷം രൂപയും കേരളത്തില്‍ നിര്‍മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജൂലൈ 24ന് മേള സമാപിക്കും.
INDIANEWS24 TVM DESK