jio 800x100
jio 800x100
728-pixel-x-90
<< >>

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രളയം വിഴുങ്ങിയ അപ്പുവിന്റെ കഥയുമായി ജയരാജിന്റെ ‘വെള്ളപ്പൊക്കത്തില്‍’

തിരുവനന്തപുരം:പ്രളയകാല ഭീകരത കണ്ട മലയാളികള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘വെള്ളപ്പൊക്കത്തില്‍’ പ്രദര്‍ശിപ്പിക്കും.തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 40 മിനിട്ടാണ്. 2007 ലെ ദേശീയ പുരസ്‌കാരം നേടിയ ചിത്രം മേളയില്‍ ഹോപ്പ് ആന്റ് റീബില്‍ഡിംഗ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 1924 ല്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അപ്പു എന്ന വളര്‍ത്തുനായയുടെ ദാരുണാന്ത്യമാണ് ചിത്രത്തിന്റെ പ്രമേയം.
മായന്‍ സംസ്‌കാരത്തിന്റെ അതിജീവനം പ്രമേയമാകുന്ന മെല്‍ ഗിബ്‌സണിന്റെ അപ്പോകാലിപ്‌റ്റോ, കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ ബിഫോര്‍ ദ ഫഌ്, ബീറ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്, മണ്ടേല ലോംഗ് വാക്ക് ടു ഫ്രീഡം, പോപ്പ് ഫ്രാന്‍സിസ് എ മാന്‍ ഓഫ് ഹിസ് വേഡ്‌സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
‘റോമ’ വര്‍ണവെറിയുടെ നാട്ടിലെ സ്‌നേഹസ്പര്‍ശം
വര്‍ണവിവേചനത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ആകര്‍ഷിച്ച മെക്‌സിക്കന്‍ ചിത്രം റോമ രാജ്യാന്തര ചലച്ചിത്രമേളയില്‍. ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ 10 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മെക്‌സിക്കോയിലെ താഴ്ന്ന വര്‍ഗ്ഗക്കാരിയുടെ വാത്സല്യം നുകര്‍ന്ന് വളരുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
ജീവിത ഗന്ധിയായ അനേകം മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ റോമ തന്റെ പോറ്റമ്മയ്ക്കുള്ള ഉപഹാരമായാണ് സംവിധായകനായ അല്‍ഫോന്‍സോ കുവറോണ്‍ സമര്‍പ്പിക്കുന്നത്. 1970 കളിലെ മെക്‌സിക്കന്‍ ഗ്രാമീണ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് ചിത്രം. വെനീസ് ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം റോമ നേടിയിരുന്നു. ഗോത്രവര്‍ഗ്ഗക്കാരിയായ നായികയെ അവതരിപ്പിച്ച പുതുമുഖമായ എലിറ്റ്‌സ അപരിഷ്യോയുടെ പ്രകടനം വിവിധ ചലച്ചിത്രമേളകളില്‍ ഇതിനകം പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
2014 ല്‍ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ ഏഴ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഗ്രാവിറ്റി, ഹാരി പോട്ടര്‍ പരമ്പരയിലെ ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിന്‍സസ് ഓഫ് അസ്‌കബാന്‍, ചില്‍ഡ്രന്‍ ഓഫ് മെന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കുവറോണിന്റെ മാസ്റ്റര്‍പീസ് ചിത്രമായാണ് നിരൂപകര്‍ റോമയെ വിശേഷിപ്പിക്കുന്നത്.

വര്‍ഗ്ഗീയതയുടെ ഇരുണ്ടമുഖവുമായി ‘അബ്രഹാം’
ബംഗാളില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍
വര്‍ഗ്ഗീയതയുടെയും അന്ധമായ മതഭ്രാന്തിന്റെയും ഇരുണ്ടമുഖം തുറന്നുകാട്ടുന്ന ബംഗാളി ചിത്രം അബ്രഹാം രാജ്യാന്തര ചലച്ചിത്രമേളയിലെ ‘ഇന്ത്യന്‍ വിഭാഗം ഇന്ന്’ ല്‍ പ്രദര്‍ശിപ്പിക്കും. ബൈബിളിലെ അബ്രഹാമിന്റെ ജീവിതകഥയെ ഉപജീവിച്ച് മതവിശ്വാസത്തിന്റെ തീവ്രത സമൂഹത്തിലുണ്ടാക്കുന്ന വിഭജനത്തെ തുറന്നുകാട്ടുന്നതാണ് ചിത്രം. കൊണാര്‍ക് മുഖര്‍ജി സംവിധാനം ചെയ്ത ഈ ദ്വിഭാഷ ചിത്രം കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ബുദ്ധദേവ്ദാസ് ഗുപ്തയുടെ പുതിയ ചിത്രമായ ദ ഫ്‌ളൈറ്റ് ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ബംഗാളില്‍ നിന്നും ഇക്കുറി എത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന വിമാനം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു മെക്കാനിക്കിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അമിതാഭ ചാറ്റര്‍ജിയുടെ മനോഹര്‍ ആന്റ് ഐ എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏകാന്തത ഇഷ്ടപ്പെടുന്ന വ്യക്തികളുടെ വിചിത്ര സൗഹൃദത്തിന്റെ കഥയാണ് മനോഹര്‍ ആന്റ് ഐ പറയുന്നത്.

Leave a Reply