728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബസിന്റെ പൊതുഗതാഗത സര്‍വ്വീസ് തുടങ്ങി

ഷിംല: രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് ബസ് പൊതുഗതാഗതത്തിനായി ഹിമാചല്‍ പ്രദേശില്‍ ഉപയോഗിച്ചു തുടങ്ങി. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴിലാണ് ഡ്രൈവറടക്കം 26 സീറ്റുള്ള ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് കമ്പനി നിര്‍മിച്ച ഇലക്ട്രിക് ബസിന് ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇ ബസ് കെ7 എന്നാണ് പേര്.

ചൈനയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബി വൈ ഡി ഓട്ടോ ഇന്‍ഡസ്ട്രിയുടെ പങ്കാളിത്തത്തോടെയാണ് വാഹനത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ്‌സ്‌റ്റോണ്‍ പൂര്‍ത്തിയാക്കിയത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ ആര്‍ എ ഐ) പരിശോധിച്ചത് പ്രകാരം ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 200 കീലോമീറ്റര്‍ ദൂരം ഈ ബസ് ഓടിക്കാന്‍ സാധിക്കും. ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയനുസരിച്ച് ഇതിന്റെ ബാറ്ററി ഫുള്‍ ചാര്‍ജിലെത്താന്‍ നാല് മണിക്കൂര്‍ മതിയാകും. ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 13,000 അടി ഉയരത്തിലുള്ള സ്ഥലങ്ങളില്‍ വരെ വാഹനം ഓടിച്ച് പരീക്ഷിച്ച് വിജയം നടത്തിയതാണ്. കൂടാതെ ന്യൂഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, ചണ്ഡീഗഢ്, രാജ്ഗഢ് തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലും ബസ് പരീക്ഷണ ഓട്ടം നടത്തിയത് ഗംഭീര വിജയമായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

പൊതുഗതാഗതം ആരംഭിച്ചിരിക്കുന്ന ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനു വേണ്ടി 25 ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിച്ച് കൈമാറുമെന്ന് കമ്പനി അറിയിച്ചു. കുളു-മണാലി മുതല്‍ റോത്തങ്പാസ് വരെയാണ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബസിന്റെ പൊതുഗതാഗത സര്‍വീസ്.

INDIANEWS24.COM Shimla

Leave a Reply