ന്യൂഡല്‍ഹി:രാജ്യത്ത് സ്ത്രീശാക്തീകരണ നയങ്ങളില്‍ ഗുരുതരമായ പോരായ്മകള്‍ ഉണ്ടെന്ന് സുപ്രീംകോടതി.ലിംഗ സമത്വമെന്നത് ഇവിടെ ഇപ്പോഴും സാങ്കല്പ്പികം മാത്രമാണെന്നും ബുധനാഴ്ച്ച കോടതി പറഞ്ഞു.ചത്തീസ്ഗഢില്‍ വനിത ഡിവൈഎസ്പി റിച്ചാ മിശ്രയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു ഇന്ത്യയിലെ പരമോന്നത കോടതിയുടെ പ്രസക്തമായ വിലയിരുത്തല്‍.
കേസില്‍ ചത്തീസ്ഗഢ് പോലീസിനെ കോടതി വിമര്‍ശിച്ചു.സ്ത്രീകളെ സാമൂഹിക പദ്ധതിയുടെ ഗുണഭോക്താക്കളായി മാത്രം കാണുകയാണ് രാജ്യത്ത് നടക്കുന്നത്.ഇതിനാല്‍ തന്നെ ഇവിടെ സ്ത്രീകള്‍ക്ക് അവസരസമത്വമില്ലാത്തതിന്റെ പ്രധാന കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റീസുമാരായ എ കെ സിക്രി,എ എം സപ്രെ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന ലിംഗ സമത്വം രാജ്യത്ത് ഇനിയും സാധ്യമായിട്ടില്ല.ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഭൂരിപക്ഷം സ്ത്രീകളും ആശ്രിതര്‍ മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതികള്‍ കാലോചിതമാണെങ്കിലും സ്ത്രീ ശാക്തീകരണത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
INDIANEWS24.COM National Desk