jio 800x100
jio 800x100
728-pixel-x-90
<< >>

രഹാനെ രചിച്ച വീരേതിഹാസം,പന്തും പൂജാരയും ഗില്ലും സുന്ദറും താക്കൂറും സിറാജും നടരാജനും വീര നായകര്‍ !

ബ്രിസ്ബെയിന്‍:മഴ ഭീഷണിയുടെ നിഴലില്‍ പേസർമാരെ തുണയ്‌ക്കുന്ന ഗാബയിൽ കേവലം ഒരു ദിവസവും പത്ത്‌ വിക്കറ്റും ബാക്കിനിൽക്കേ 324 റൺ വേണമായിരുന്നു ഇന്ത്യക്ക് ആസ്ത്രേലിയന്‍ മണ്ണില്‍ ചരിത്രം രചിക്കാന്‍‌.‌രോഹിത്‌ ശർമ (7) യുടെ വിക്കറ്റ്  ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും  ശുഭ്മാന്‍ ഗില്ലും  (146 പന്തിൽ 91) ചേതേശ്വർ പൂജാരയും (211 പന്തിൽ 56) ഇന്ത്യയ്ക്ക് പുതു ജീവന്‍ പകര്‍ന്നു.പൂജാരയാകട്ടെ ഇക്കാലമത്രയുമുള്ള അനുഭവസമ്പത്ത്‌ കൈമുതലാക്കി ക്രീസിൽ പാറപോലെ ഉറച്ചു. പാറ്റ്‌ കമ്മിൻസിന്റെ മൂളിപ്പറക്കുന്ന പന്തുകൾ വേദനിപ്പിച്ചെങ്കിലും പൂജാര കീഴടങ്ങിയില്ല. കന്നിസെഞ്ചുറിക്ക്‌ ഒമ്പത്‌ റണ്ണകലെ ഗിൽ വീണു. രണ്ട്‌ സിക്‌സറും എട്ട്‌ ബൗണ്ടറിയുമായിരുന്നു ഇരുപത്തിയൊന്നുകാരന്റെ ഇന്നിങ്‌സിൽ.തുടർന്ന്‌ രഹാനെയാണ്‌ എത്തിയത്‌. ക്യാപ്‌റ്റന്റെ വരവോടെ ഇന്ത്യൻ പദ്ധതി വ്യക്തമായി. അതിവേഗം റൺ കണ്ടെത്താനാണ്‌ രഹാനെ ശ്രമിച്ചത്‌. 22 പന്തിൽ 24 റൺ. മായങ്ക്‌ അഗർവാളിന്‌ പകരം പന്തായിരുന്നു (138 പന്തിൽ 89) അഞ്ചാമനായി വന്നത്‌. അപ്പുറം പൂജാര  പ്രതിരോധിച്ചപ്പോൾ പന്ത്‌ ആക്രമണം നടത്തി.പൂജാരയും പിന്നാലെ അഗർവാളും (9) മടങ്ങിയെങ്കിലും ഇന്ത്യ വിജയം സ്വപ്‌നം കണ്ടു. വാഷിങ്‌ടൺ സുന്ദർ (29 പന്തിൽ 22) എത്തിയതോടെ കളിഗതി മാറി. ഒരു സിക്‌സറും രണ്ട്‌ ബൗണ്ടറിയും പായിച്ച്‌ തമിഴ്‌നാട്ടുകാരൻ സ്‌കോർ ഉയർത്തി. 15 ഓവറിൽ 60‌ റൺ മതിയായി ഇന്ത്യക്ക്‌ ജയിക്കാൻ. സുന്ദറും ശർദുൾ താക്കൂറും വീണെങ്കിലും പന്ത്‌ ചരിത്രവിജയത്തിലേക്ക്‌ ഇന്ത്യയുടെ കൈപിടിച്ചുശുഭ്‌മാൻ ഗില്ലും ചേതേശ്വർ പൂജാരയും ഒടുവിൽ ഋഷഭ്‌ പന്തും ഇന്ത്യന്‍ സിരകളില്‍ വിജയവീര്യം ചാലിച്ചു.അന്തിമ ഫലം കേവലം മൂന്നു ഓവര്‍ അവശേഷിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റിനു വിജയം.എക്കാലവും തുണച്ച ഗാബ സ്‌റ്റേഡിയത്തിൽ 32 വർഷങ്ങൾക്കുശേഷം ഓസീസ്‌ തോറ്റു. ഏഷ്യൻ വൻകരയിൽനിന്ന്‌ ആദ്യമായി ഗാബ കീഴടക്കുന്ന ടീമായി അജിൻക്യ രഹാനെയുടെ ഇന്ത്യ. നാലാം ഇന്നിങ്‌സിൽ ഇവിടുത്തെ ഏറ്റവും ഉയർന്ന സ്‌കോറും ഇന്ത്യൻ പേരിലായി.സ്കോർ: ഓസീസ്‌: 369, 294. ഇന്ത്യ 336, 7–-329.

നാല് മത്സര ടെസ്റ്റ്‌ ക്രിക്കറ്റ്‌ ‌വിജയികൾക്കുള്ള ബോർഡർ–-ഗാവസ്‌കർ ട്രോഫി ഇന്ത്യ 2–-1ന്‌ നിലനിർത്തി. തുടർച്ചയായ മൂന്നാം പരമ്പര. മൂന്നു നാളിലാണ്‌ അഡ്‌ലെയ്‌ഡിൽ ഇന്ത്യ തലകുനിച്ചത്‌. 36 റണ്ണിന്‌ പുറത്തായി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്‌. ഒന്നാം ടെസ്റ്റിലെ മഹാതോൽവിക്കുപിന്നാലെ പടനായകൻ വിരാട്‌ കോഹ്‌ലി നാട്ടിലേക്ക്‌ മടങ്ങി. പരിക്കുകൾ തളർത്തി. പ്രമുഖ താരങ്ങൾ മുറിവേറ്റ്‌ പിൻമാറി. കളത്തിൽ ഓസീസുകാരുടെ മൂർച്ചയുള്ള പന്തുകൾ മാത്രമായിരുന്നില്ല അവർ നേരിട്ടത്‌.കാണികളിൽ ചിലരുടെ കടുത്ത വംശീയാധിക്ഷേപവും തെറിവിളികളും അവരെ വരവേറ്റു. താൽക്കാലിക ക്യാപ്‌റ്റൻ അജിൻക്യ രഹാനെയ്‌ക്ക്‌ ആയുധങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പടയാളികളായുള്ളത്‌ ടെസ്റ്റ്‌ പരിചയമില്ലാത്ത ഒരുപിടി യുവതാരങ്ങൾ മാത്രം.ഇശാന്ത്‌ ശർമയുൾപ്പെടെ ഏഴ്‌ താരങ്ങളെയാണ്‌ പരിക്കേറ്റ്‌ നഷ്ടമായത്‌. കളിക്കാനാളില്ലാത്ത അവസ്ഥ. ഓസീസിനാകട്ടെ സർവതും സജ്ജം. സ്റ്റീവ്‌ സ്‌മിത്തും മാർണസ്‌ ലബുഷെയ്‌നും ഉൾപ്പെട്ട ബാറ്റിങ്നിര. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ പന്തേറുകാരുടെ ആദ്യനിര. മിച്ചെൽ സ്റ്റാർക്‌, പാറ്റ്‌ കമ്മിൻസ്‌, ജോഷ്‌ ഹാസെൽവുഡ്‌. ഈ വമ്പൻമാരുടെ കൂടാരത്തിലേക്കാണ്‌ നിരായുധരായി രഹാനെയുടെ ഇന്ത്യ കടന്നുചെന്നത്‌. രോഹിത്‌ ശർമ, ചേതേശ്വർ പൂജാര, ആർ അശ്വിൻ എന്നിവരായിരുന്നു പരിചയസമ്പന്നർ. ബാക്കിയെല്ലാം പുതുനിര. ശുഭ്‌മാൻ ഗിൽ, മുഹമ്മദ്‌ സിറാജ്‌, വാഷിങ്‌ടൺ സുന്ദർ, ടി നടരാജൻ, നവ്‌ദീപ്‌ സെയ്‌നി എന്നിവർ അരങ്ങേറ്റം കുറിച്ചു. രണ്ടാം ടെസ്റ്റിൽ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. മൂന്നാം ടെസ്റ്റിൽ ജയത്തോളം പോന്ന സമനില. ഒടുവിൽ ഗാബയിൽ ജയം. ഓരോ കളിയിലും ഓരോ സെഷനുകളിലും രക്ഷകർ അവതരിച്ചു. പക്ഷെ പുതു ചേരുവകളെ നന്നായി ചാലിച്ച് കൊണ്ട് രഹാനെ ഓസീസ് മണ്ണില്‍ കുറിച്ചത് പുതിയ ഇന്ത്യയുടെ വീര ചരിതമാണ്.

INDIANEWS24 CRICKET DESK

Leave a Reply