728-pixel-x-90-2-learn
728-pixel-x-90
<< >>

രശ്മിയെ കൊന്നത് ബിജു എന്ന് സരിത

കൊല്ലം: ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മി ആത്മഹത്യ ചെയ്തതല്ലെന്നും ബിജു കൊന്നതാണെന്നും ഉറച്ചുവിശ്വസിക്കുന്നതായി സരിതാനായര്‍. രശ്മിവധക്കേസ് വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.
  തന്നോടുള്ള ബിജുവിന്റെ പെരുമാറ്റത്തില്‍ നിന്നുതന്നെ ഇത് വ്യക്തമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ വിസ്താരത്തില്‍ സരിത പറഞ്ഞു. ക്രൂരമാണ് ബിജുവിന്റെ പെരുമാറ്റം. തലയ്ക്ക് അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്യുന്നത് പതിവാണ്.
  രശ്മി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാവില്ലെന്നും സരിത പറഞ്ഞു.രശ്മിയെ കൊന്നത് ബിജുവാണെന്ന് പറയുന്നത് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ലേ എന്ന പ്രതിഭാഗം അഭിഭാഷകന്‍ ബി എന്‍ ഹസ്‌കറിന്റെ ചോദ്യത്തിന് രശ്മിയുടെ കൊലപാതകത്തിന് പിന്നില്‍ ബിജുരാധാകൃഷ്ണനാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായി സരിത മൊഴി നല്‍കി.  ‘ഒരുത്തിയെ കൊന്നതുപോലെ നിന്നെയും കൊല്ലാന്‍ ഒരുനിമിഷം മതി’ എന്ന് തന്നോട് ബിജു പറഞ്ഞിട്ടുള്ളതായും സരിത വെളിപ്പെടുത്തി.
  ബിജു ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോഴഞ്ചേരി ബ്രാഞ്ച് മാനേജരായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഒരു മീറ്റിംഗിനിടെയാണ് പരിചയമായതെന്ന് സരിത സെഷന്‍സ് ജഡ്ജി അശോക്‌മേനോന്‍ മുമ്പാകെ മൊഴി നല്‍കി. ഈ സമയം ഭര്‍ത്താവുമായി അകന്ന് നില്‍ക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.
  ഭര്‍ത്താവുമായി ഒന്നിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ സരിതയ്ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി അവിഹിതബന്ധമുണ്ടെന്ന് ബിജു ഭര്‍ത്താവിനോട് പറഞ്ഞുപരത്തിയതോടെ വീണ്ടും അകന്നു. ഇതിനിടെ സാമ്പത്തികബുദ്ധിമുട്ടിലായ തന്റെ അക്കൗണ്ടില്‍ ബിജു 20,000 രൂപ നിക്ഷേപിച്ചു. ഈ കടം തീര്‍ക്കാനാണ് സോളാര്‍ തട്ടിപ്പുകേസില്‍ താന്‍ ഉള്‍പ്പെട്ടതെന്നും സരിത വെളിപ്പെടുത്തി.സരിതയുടെ ഭര്‍ത്താവ് രാജേന്ദ്രനയും ഇന്നലെ വിസ്തരിച്ചു. 2007ല്‍ ബിജുരാധാകൃഷ്ണന്‍ ഫോണില്‍ വിളിച്ച് സരിതയുമായി അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് രാജേന്ദ്രന്‍ മൊഴി നല്‍കി.
 അതിനുശേഷം രശ്മി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സരിതയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒന്നിക്കണമെന്നും ഇല്ലെങ്കില്‍ രണ്ട് കുടുംബങ്ങളാണ് തകരുകയെന്ന് രശ്മി പറഞ്ഞതായും രാജേന്ദ്രന്‍ വെളിപ്പെടുത്തി. രശ്മി മരിക്കുന്നതിന് രണ്ടുദിവസം മുമ്പും ബിജുരാധാകൃഷ്ണന്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും രാജേന്ദ്രന്‍ വെളിപ്പെടുത്തി.
  മൊഴി നല്‍കുന്നതിനിടെ സരിത പലതവണ പൊട്ടക്കരഞ്ഞു. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി സി ജി സുരേഷ്‌കുമാറും കോടതിയില്‍ എത്തിയിരുന്നു.

Leave a Reply