728-pixel-x-90-2-learn
728-pixel-x-90
<< >>

രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് വി എസ്

തിരുവനന്തപുരം: ടി പി ചന്ദശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ കെ രമ നടത്തിയ നിരാഹാരസമരത്തെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വി എസിന്‍റെ ഈ നീക്കം സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി. വി എസ് അറിയാതെ മുന്‍ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ആയിരിക്കും കത്തയച്ചതെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്.

എന്നാല്‍ കത്ത് തന്‍റെ അറിവോടെ അയച്ചതാണെന്ന് വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് പാര്‍ട്ടിവിരുദ്ധമാണോ എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെ. ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി എസ് പറഞ്ഞു.

സിബിഐ അന്വേഷണമെന്ന രമയുടെ ആവശ്യത്തെ പിന്തുണച്ചാണ് വി എസിന്‍റെ കത്ത്. കള്ളക്കടത്തുകാരന്‍ ഫയാസ് ജയിലില്‍ എത്തി ടി പി വധക്കേസിലെ പ്രതികളെ കണ്ടത് എന്തിന് എന്ന കാര്യം ഉള്‍പ്പെടെ പുറത്തുവരാന്‍ സിബിഐ അന്വേഷണം സഹായിക്കുമെന്ന് വി എസ് പറയുന്നു. വി എസിന്‍റെ കത്ത് കൂടി പരിഗണിച്ചാണ് ടി പി വധ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തതെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

കോടതി വിധി പറഞ്ഞ കേസില്‍ സിബിഐ അന്വേഷണം നിയമവിരുദ്ധമാണ് എന്നാണ് സിപിഎമ്മിന്‍റെ വാദം. മുമ്പ് രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വി എസിന് സിപിഎം താക്കീത് നല്‍കിയിരുന്നു.

Leave a Reply