728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തത് ട്വിറ്ററില്‍ തുടങ്ങിയ വഴക്ക്

ടൊറന്റോ: സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ തുടങ്ങിയ വഴക്കാണ് കാനഡ ഇറ്റോബിക്കോക്കില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപഹരിച്ച സംഘട്ടനത്തിലേക്കും വെടിവെപ്പിലെക്കും വളര്‍ന്നതെന്ന് സൂചന. എന്നാല്‍, എന്തിനെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നത് വ്യക്തമായിട്ടില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന സംഘട്ടനത്തിനിടയിലാണ് ജയിംസ് കര്‍ദിനാള്‍ മക്ഗ്വിഗന്‍ കാത്തലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയായ മൈക്കേല്‍ മെന്‍ജിവര്‍ [15], ഡോണ്‍ ബോസ്കോ കാത്തലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയായ സെയ്ദ് യുസിഫ് [17] എന്നിവര്‍ വെടിയേറ്റ്‌ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ട്വിറ്ററില്‍ ഉടലെടുത്ത തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തിന് വഴിവെച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഘട്ടനത്തില്‍ ഏര്‍പ്പെട്ട കൂട്ടുകാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സെയ്ദ് യുസിഫിന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെടുന്നതിന് മുമ്പുള്ള വെള്ളിയാഴ്ചയായിരുന്നു യൂസിഫിന്‍റെ പതിനേഴാം ജന്മദിനം. അന്ന് രക്ഷിതാക്കള്‍ സമ്മാനമായി നല്‍കിയ 2007 മോഡല്‍ ബിഎംഡബ്ല്യു കാറിലാണ് തിങ്കളാഴ്ച യൂസിഫ് സ്കൂളില്‍ വന്നത്. താന്‍ സുരക്ഷിതനായി സ്കൂളില്‍ എത്തിയെന്ന് അമ്മയ്ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് യൂസിഫിന്‍റെ ഫോണിലേക്ക് അമ്മ ജിനാ സമോയി മെസ്സേജ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെത്തുടര്‍ന്ന് അന്വേഷിച്ച് സ്കൂളില്‍ എത്തിയപ്പോഴാണ് മകന്‍റെ മരണവാര്‍ത്ത അറിയുന്നത്. ആറു വയസുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം യൂസിഫ് ഇറാഖില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയത്.

ടൊറന്റോയില്‍ രണ്ടാഴ്ചത്തെ ഇടവേളയില്‍ മൂന്ന്‍ വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ പരിസരത്ത് കൊലചെയ്യപ്പെടുന്നത്. ഇറ്റോബിക്കോക്കിലെ തന്നെ നോര്‍ത്ത് ആല്‍ബിയന്‍ കൊളേജിയറ്റില്‍ പതിനേഴുകാരന്‍ കുത്തേറ്റു മരിച്ച ഞെട്ടല്‍ മാറുന്നതിന് മുന്നേയാണ്‌ ഇരട്ടക്കൊലപാതകം.

Leave a Reply