728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ട് പെഗ് കഴിക്കണമെങ്കില്‍ വിസയെടുത്ത് അമേരിക്കയില്‍ പോകണമോ ?

നമ്മളെന്ത് തിന്നണം എന്നത് ഭരണകൂടം തീരുമാനിക്കുന്നതിലെ ഫാസിസം വളരെ വ്യക്തമാകുകയും എന്നാല്‍ നമ്മളെന്ത് കുടിക്കണം എന്നത് മതപൗരോഹിത്യം തീരുമാനിക്കുന്നതിലെ ഫാസിസം അവ്യക്തമായിരിക്കുകയും ചെയ്യുന്നതിലെ പൊരുള്‍ മനസ്സിലാകുന്നില്ല.

ഒരു ജനാധിപത്യസംവിധാനത്തില്‍ മദ്യപിക്കാനാഗ്രഹിക്കുന്നവര്‍ മദ്യപിക്കുന്നത് തടയാന്‍ കത്തോലിക്കാസഭയ്ക്ക് ഈ രാജ്യത്ത് എന്ത് സവിശേഷാധികാരമാണുള്ളതെന്ന് മനസ്സിലാവുന്നില്ല. സഭ മനസ്സിലാക്കേണ്ടത് വളരെ ലളിതമായൊരു കാര്യമാണ്. ഈ രാജ്യത്തെ ഓരോ പൗരനും അവന്റെ ജീവിതം കൊണ്ട് ആര്‍ജ്ജിച്ചെടുത്തിരിക്കുന്ന ഒരു ദര്‍ശനമുണ്ട്. ഒരുവന്‍ മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതുമൊക്കെ ആ ദര്‍ശനവുമായി ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കാര്യമാണ്. അതല്ലാതെ ക്രിസ്തീയതയുടെ പരമമായ ജീവിതദര്‍ശനം ഉള്‍ക്കൊള്ളാത്ത സകലമാനമനുഷ്യരും പാപികളും നരകം നിങ്ങളെ കാത്തിരിക്കുന്നുവെന്ന ഉച്ചഭാഷിണിതിയറിയുമൊക്കെ നാലായി മടക്കി ളോഹയ്ക്കുള്ളില്‍ വച്ചാല്‍ മതി അഭിവന്ദ്യ ബിഷപ്പുമാര്‍.

ഇന്ത്യ എന്ന രാജ്യത്തെ അന്താരാഷ്ട്രഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത് കെ.സി.ബി.സിയുടെ സദാചാരനിയമങ്ങളല്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ അടഞ്ഞുപോയ ക്രൈസ്തവികമൂല്യങ്ങളാണ് ഇന്ത്യാക്കാരെ പഠിപ്പിക്കാന്‍ കത്തോലിക്കാസഭ പെടാപ്പാട് പെടുന്നത്. മദ്യപിക്കാനാവകാശമുള്ള, ബിഷപ്പുമാരേക്കാള്‍ വിവരവും ജനാധിപത്യബോധവും സ്വതന്ത്രചിന്തയുമുള്ള ജനകോടികള്‍ ഇന്ത്യയിലും കേരളത്തിലുമുണ്ട്. രണ്ട് പെഗ് കഴിക്കണമെങ്കില്‍ വിസയെടുത്ത് അമേരിക്ക പോലുള്ള ക്രൈസ്തവരാജ്യങ്ങളില്‍ പോകണമെന്ന അവസ്ഥ എത്ര പരമദയനീയമാണെന്ന് ബിഷപ്പുമാര്‍ സ്വയം ആലോചിച്ചാല്‍ നല്ലതായിരിക്കും.

കര്‍ത്താവ് നേരിട്ടരുളിയ സദാചാരസംഹിതയ്ക്ക് മദ്യപാനികളെ രക്ഷിക്കാനാവാത്തത് കൊണ്ട്, ബി.ജെ.പി സര്‍ക്കാരിന്റെ ഗവര്‍ണറെ സമീപിക്കുന്ന കെ.സി.ബി.സി ബിഷപ്പുമാരേ, ചാണകം തിന്നുന്നവരെന്ന് പൊതുസമൂഹം ആക്ഷേപിക്കുന്ന സംഘികളും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം? ഒന്നുംവേണ്ട, കള്ളു കുടിക്കുന്നവനും വില്‍ക്കുന്നവനും പള്ളിയില്‍ കേറരുതെന്ന് ഇടയലേഖനം വായിക്കാനുള്ള ആര്‍ജ്ജവം കാണിച്ചിട്ടുപോരേ, ഈ ഉത്തമസുവിശേഷം പാടാന്‍.

ARUNKUMAR T
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)

Leave a Reply