ഇന്ത്യയില്‍ രണ്ടര രൂപയുടെ നോട്ട് ഇറങ്ങിയതിന് നൂറ് വയസ്സ് തികഞ്ഞു. ഇത്തരത്തില്‍ ഭിന്ന സംഖ്യയില്‍ കറന്‍സി നോട്ട് അച്ചടിച്ചിറങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നവര്‍ക്ക് മുന്നിലേക്ക് പറയാനുള്ളത് ഒരു ലോക ചരിത്രം തന്നെയാണ്.
അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവേണ്മെന്റ് ആണ് 1918 ജനുവരി രണ്ടിന് രണ്ടര രൂപ നോട്ട് ഇറക്കിയത്. വെളുത്ത പേപ്പറില്‍ രണ്ട് രൂപ എട്ട് അണ(RUPEES TWO ANNAS EIGHT) എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തി ഇംഗ്ലണ്ടില്‍ അച്ചടിച്ച നോട്ടുകളായിരുന്നു അത്. ഇടതു ഭാഗത്ത് മുകളിലായി ജോര്‍ജ്ജ് അഞ്ചാമന് ചക്രവര്‍ത്തിയുടെ ചിത്രം ആലേഖനം ചെയ്ത് അന്നത്തെ ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി എം എം എസ് ഗുബ്ബേ ഒപ്പുവച്ച കറന്‍സി നോട്ട് ആയിരുന്നു ഇത്. നോട്ടിന് മുകളിലും താഴെയുമായി ഗവേണ്മെന്റ് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷുകാര്‍ക്ക് മുമ്പേ ഇന്ത്യയുടെ ബഹുഭൂരിഭാഗവും പിടിച്ചടക്കിയ മുസ്ലിം ഭരണകര്‍ത്താക്കളാണ് അണ എന്ന നാണയ സമ്പ്രദായം കൊണ്ടുവന്നത്. 16 അണകള്‍ ചേരുന്നതാണ് ഒരു രൂപ. എട്ട് അണയാകുമ്പോള് അമ്പത് പൈസ. അങ്ങനെയാണ് രണ്ടര രൂപ എന്നതിനെ നോട്ടില്‍ രണ്ട് രൂപ എട്ട് അണ എന്ന് രേഖപ്പെടുത്തിയിരുന്നത്. 1914-1918 കാലഘട്ടത്തില്‍ നടന്ന ലോകയുദ്ധമാണ് ബ്രട്ടീഷ് സര്‍ക്കാരിനെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. അക്കാലത്ത് അഞ്ച് രൂപയില്‍ താഴെയുള്ള തുകയ്ക്ക് നോട്ട് ഉണ്ടായിരുന്നില്ല. നാണയങ്ങളായിരുന്നു. ഇന്ത്യയില്‍ ഭൂരിഭാഗം പേരും നിത്യഉപയോഗത്തിന് ആശ്രയിച്ചിരുന്നത് നാണയങ്ങളെയായിരുന്നു. നാണയങ്ങളെല്ലാം രൂപപ്പെടുത്തിയത് വെള്ളിയിലായിരുന്നു. ലോകയുദ്ധാനന്തരം വെള്ളിക്ക് വലിയ ക്ഷാമമായി. ഇന്ത്യന്‍ രൂപയുടെയും അണകളുടെയും നിര്‍മ്മാണത്തിനായി അതിന്റെ മൂല്യത്തേക്കാള്‍ കൂടുതല്‍ ചിലവാകുന്ന അവസ്ഥയായി. ഇതോടെയാണ് സര്‍ക്കാര്‍ 1917ല്‍ ഒരു രൂപ നോട്ട് ഇറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു രണ്ടര രൂപയുടെ നോട്ടും ഇറക്കിയത്.
1926 ജനുവരി ഒന്നിന് ഒന്നിന്റെയും രണ്ടരയുടെയും നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പിന്നീട് 1940ല്‍ ഒരു രൂപ നോട്ട് വീണ്ടും ഇറങ്ങിയെങ്കിലും രണ്ടര രൂപ പോലുള്ള ഭിന്നസംഖ്യയില് നോട്ട് ഇറക്കിയതേയില്ല.
INDIANEWS24.COM National Desk